പ്രതീക്ഷയോടെ ഇന്ത്യ 


AUGUST 1, 2022, 12:11 PM IST

(എഡിറ്റോറിയൽ)

ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ 2022 ജൂലൈ 25 ഒരു സുപ്രധാന ദിവസമാണ്. ഇന്ത്യയ്ക്ക് ഒരു ആദിവാസി വനിതയെ രാഷ്ട്രപതിയായി ലഭിച്ച ദിവസം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിലാണിത് സംഭവിച്ചിട്ടുള്ളതെന്നത് അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഒരു വ്യക്തി ഉന്നതമായ സ്ഥാനത്തെത്തിയത് കൊണ്ടുമാത്രം ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരുന്നുണ്ട്. അതുപോലെ തന്നെ എക്സിക്യൂട്ടീവ് പ്രസിഡൻസി നിലവിലുള്ള അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ പ്രസിഡൻറ് പദം പ്രതീകാത്മക പദവി മാത്രമാണെന്നും അതിനാൽ ദ്രൗപദി മുർമു എന്ന സാന്താൾ ഗോത്രത്തിൽ നിന്നുള്ള ഒരു വനിതയുടെ പുതിയ സ്ഥാനാലബ്ധിയെക്കുറിച്ച് അമിത പ്രതീക്ഷകൾ വേണ്ടെന്നും പറയാം. ഇന്ത്യൻ പ്രസിഡന്റിന് പരിമിതികളേയുള്ളൂ.

ക്യാബിനറ്റ് സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് എക്സിക്യൂട്ടീവ് അധികാരം മുഴുവനും പ്രധാനമന്ത്രിയിലും ക്യാബിനറ്റിലും നിക്ഷിപ്തമാണ്. അവർ എടുക്കുന്ന എക്സിക്യൂട്ടീവ് തീരുമാനങ്ങളും നിയമനിർമ്മാണ സഭകൾ വഴി അവർ പാസാക്കി അയക്കുന്ന ബില്ലുകളും വിശദീകരണങ്ങൾക്കായി പ്രസിഡന്റിന് തിരിച്ചയക്കാമെങ്കിലും അവ ഒരു മാറ്റവും കൂടാതെ രണ്ടാമത് സമർപ്പിക്കപ്പെട്ടാൽ അവ അംഗീകരിച്ചേ തീരൂ. മൂന്ന് സേനാവിഭാഗങ്ങളുടെയും തലവൻ എന്നൊക്കെ വിശേഷണങ്ങളുണ്ടെങ്കിലും അവിടെയും പ്രധാനമന്ത്രിക്കും ക്യാബിനറ്റിനും തന്നെയാണ് അധികാരം. ഭരണഘടനയിൽ പ്രസിഡന്റിന്റേതായി നിര്ണയിക്കപ്പെട്ടിട്ടുള്ള അധികാരങ്ങൾ എല്ലാം തന്നെ ക്യാബിനറ്റ് നിശ്ചയിക്കുന്ന അതിരുകൾക്കുള്ളിൽ നിൽക്കുന്നവയുമാണ്. ഇതെല്ലാം ശരിയാണ്. എന്നിരുന്നാലും ഇന്ത്യയുടെ പ്രസിഡന്റായി ഒരു ഗോത്രവർഗ വനിത തെരഞ്ഞെടുക്കപ്പെടുമ്പോൾ അതിലെ പ്രതീകാത്മകതയ്ക്ക് ഒരു പ്രാധാന്യമുണ്ട്. ഇന്ത്യയിൽ ഒൻപത് കോടി ആദിവാസികളുണ്ടെന്നാണ് കണക്ക്.

അവരിലൊരാൾ, അതും ഒരു സ്ത്രീ, ഇന്ത്യൻ ഭരണവ്യവസ്ഥയുടെ ഏറ്റവും പരമോന്നത പദവിയിലെത്തുകയെന്നത് സാധാരണഗതിയിൽ ഒട്ടും എളുപ്പമല്ലല്ലോ? രാജ്യമാകെ പടർന്ന് കിടക്കുന്ന, സമാനതകളുള്ള വിമോചന സിദ്ധാന്തങ്ങളിൽ പങ്കുപറ്റുന്ന, ദളിതരെപ്പോലെയല്ല ആദിവാസികൾ എന്നുമോർക്കണം. അവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ജനസമൂഹമാണ്. അവരുടെ ഗോത്രപരമായ വ്യത്യസ്‌തകളും, ഭാഷാപരമായ അകലങ്ങളുമെല്ലാം ആ സമൂഹത്തെ ദുര്ബലപ്പെടുത്തിയിട്ടേയുള്ളൂ. വികസനപ്രക്രിയയുടെ ഭാഗമായി അവർ തങ്ങളുടെ തനത് ആവാസവ്യവസ്ഥ മേഖലകളിൽ നിന്ന് പലയിടങ്ങളിലും പുറത്തക്കപ്പെട്ടിട്ടുമുണ്ട്.ഇതിനെല്ലാം നടുവിൽ നിന്നാണ് ദ്രൗപദി മുർമു പ്രസിഡന്റ് പദവിയിലെത്തിയിട്ടുള്ളത്.

ഗവർണർ എന്ന നിലയിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് ദ്രൗപദി മുർമു എന്നറിയാവുന്നവർ കുറവായിരിക്കാം. ജാർഖണ്ഡ് ഗവര്ണറായിരിക്കെ ആദിവാസി ഭൂമിയുടെ വിനിയോഗം സംബന്ധിച്ച നിയമവ്യവസ്ഥകൾ മാറ്റാൻ അവിടുത്തെ ബിജെപി സർക്കാർ തുനിഞ്ഞപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ദ്രൗപദി മുർമു. ആ നിലയ്ക്ക് ഒരുപക്ഷെ ഇപ്പോൾ സ്ഥാനമൊഴിഞ്ഞിട്ടുള്ള റാം നാഥ് കോവിന്ദിനെക്കാൾ മികച്ച ഒരു പ്രസിഡന്റാകാൻ അവർക്ക് കഴിഞ്ഞെന്നും വരാം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ കൂടെയും, ചുരുങ്ങിയപക്ഷം ഒരു ഗോത്രവർഗക്കാരിയെ പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാൻ കഴിയും വിധം ഇന്ത്യൻ ജനാധിപത്യം വളർന്നു എന്നതിൻറെ തെളിവായി ഈ സ്ഥാനാരോഹണത്തെ കാണാം. ദ്രൗപദി മുർമുവിൻറെ രാഷ്ട്രപതി പദത്തിലേക്കുള്ള വരവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് മുഖ്യധാരയിൽ നിൽക്കുന്ന എല്ലാവർക്കും ഒരു സന്ദേശം നൽകുന്നുണ്ട്.

ഗോത്രവർഗ വിഭാഗങ്ങളെയടക്കം ഉൾക്കൊള്ളുന്ന ഒരു സംവിധാനത്തിന് മാത്രമേ ഇന്ത്യയിൽ ഭാവിയുള്ളൂ എന്ന സന്ദേശമാണത്. അതുകൊണ്ടു മാത്രം ഗോത്രവർഗങ്ങളിലും ദളിത് വിഭാഗങ്ങളിലും പെട്ടവർക്ക് രാഷ്ട്രീയാധികാരം കരഗതമാകുമെന്ന് കരുതുന്നത് മൗഢ്യമാകും. ഇന്നത്തെ നിലയ്ക്ക് അധികാരത്തിൻറെ കുത്തക ഇനിയും ഏറെനാൾ മേല്ജാതിക്കാരുടെ കൈകളിലായിരിക്കും. എന്നാൽ, അപ്പോഴും, കുറഞ്ഞപക്ഷം തങ്ങൾ ഇന്ത്യൻ ഭരണവ്യവസ്ഥയ്ക്ക് അന്യരല്ല എന്ന തോന്നലിലേക്ക് രാജ്യത്തെ ഗോത്രവർഗ വിഭാഗങ്ങളിൽ പെട്ടവരെ എത്തിക്കുന്നതിന് ദ്രൗപദി മുർമുവിൻറെ രാഷ്ട്രപതിപദം ഉപയോഗപ്രദമാകും. അതിനുമപ്പുറം, ഗോത്രവർഗ മനസുകളിൽ വിഘടനവാദത്തിൻറെ വിത്തുകൾ പാകാൻ ശ്രമിക്കുന്നവർക്ക് ഇതൊരു മറുപടിയാണെന്നും നാം ഓർക്കണം.

ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ കൈകളിലെ പാവകളാവാനായിരുന്നല്ലോ ഇക്കാലമത്രയും ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ വിധി.അങ്ങനെ നോക്കുമ്പോൾ ഇത് ഒരു പ്രതീക്ഷയുടെ മുഹൂർത്തമാണ്. ദ്രൗപദി മുർമു എന്ന ഗോത്രവർഗ വനിത ഒരുപക്ഷെ തന്റെ ഇടപെടലുകളും തീർപ്പുകളും കൊണ്ട് ഇന്ത്യൻ സമൂഹത്തെ വിസ്മയിപ്പിക്കില്ലെന്ന് ആരുകണ്ടു? ഭാരതീയ ജനതാ പാർട്ടിയെന്ന ഏകശിലാരൂപത്തിൻറെ ഭാഗമാണ് അവരെങ്കിലും അവരിലെ കുശാഗ്രബുദ്ധിയായ ഭരണാധികാരി നിശബ്ദമായെങ്കിലും താൻ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടിയും ഇന്ത്യൻ ജനാധിപത്യത്തിൻറെ തന്നെ ആരോഗ്യകരമായ വളർച്ചയ്ക്ക് വേണ്ടിയും പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കുക. അങ്ങനെ സംഭവിച്ചാൽ 2022 ജൂലൈ 25 ആധുനിക ഇന്ത്യൻ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടുന്ന ഒരു ദിവസം കൂടെയായി മാറും. നമുക്ക് കാത്തിരിക്കാം.