പാകിസ്ഥാൻ എന്ന അവികസിത രാഷ്ട്രം 


NOVEMBER 20, 2022, 3:39 PM IST

പാക്കിസ്ഥാനെ ഇസ്ലാമിക് റിപ്പബ്ലിക് എന്ന് വിളിക്കരുത്, പകരം ആ രാജ്യത്തെ 'ഒരു ശതമാനം റിപ്പബ്ലിക്' എന്നാണ് വിളിക്കേണ്ടത്. ഇവിടെ അവസരങ്ങള്‍, അധികാരം, സമ്പത്ത് എന്നിവ സാമ്പത്തികമായി  ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 1% ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് വിജയിക്കാനുള്ള അവസരം നല്‍കാത്ത ആ രാജ്യത്തെ എങ്ങനെ നമുക്ക് റിപ്പബ്ലിക് എന്നു വിളിക്കാനാകും? പാകിസ്ഥാൻറെ സമ്പദ്‌വ്യവസ്ഥ എപ്പോഴും ഒരു ചെറിയ വരേണ്യ വര്‍ഗത്തിന് മാത്രം നേട്ടം പ്രദാനം ചെയ്യുന്നതാണ്. ന്യൂനപക്ഷമായ ഈ വരേണ്യ വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയും രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണ-ഇടത്തരം ആളുകളുടെ  കഴിവുകളെ അവഗണിക്കുകയും ചെയ്യുന്നതിനാല്‍ ആ രാജ്യം എന്നും അവികസിതമായി തുടരുന്നു.

ഒരു വർഷം നവംബര്‍ രണ്ടാം വാരത്തില്‍ ജനിച്ച കളിക്കാരില്‍ നിന്ന് മാത്രം പാകിസ്ഥാൻറെ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കാന്‍  തീരുമാനിച്ചുവെന്ന് കരുതുക. അത് എല്ലായ്പ്പോഴും ഒരു ദുര്‍ബല ടീമിനെയേ സൃഷ്ടിക്കൂ, കാരണം ആ തെരഞ്ഞെടുപ്പ് മൊത്തം ജനസംഖ്യയുടെ 2 ശതമാനത്തിൽ നിന്ന് മാത്രമേ പ്രാവര്‍ത്തികമാകൂ. ഇതാണ് പാക്കിസ്ഥാനിലെ പൊതുസാഹചര്യങ്ങളുടെ ഒരു ഉദാഹരണം. വ്യത്യസ്ത കാലയളവുകളിൽ, സമൂഹത്തിൻറെ വ്യത്യസ്ത തലങ്ങളിൽ ജനിച്ച മഹാന്മാരുടെ കഴിവുകള്‍ ആ രാജ്യത്തിന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു ചെറു ന്യൂനപക്ഷത്തിൽ നിന്ന് ടീമംഗങ്ങളെ തെരഞ്ഞെടുത്തത് കളി ജയിക്കാൻ ശ്രമിക്കുന്നതുപോലുള്ള അന്യായവും യുക്തിരഹിതവുമായ മാര്‍ഗമാണിത്. കഴിവില്ലാത്ത  കളിക്കാരുടെ ടീം തോല്‍ക്കുന്നത് പോലെ ഒരു രാജ്യമെന്ന നിലയില്‍ അവിടുത്തെ ജനങ്ങളും തോല്‍ക്കുന്നു.ഈ വര്‍ഷം നാല് ദശലക്ഷത്തിലധികം പാകിസ്ഥാന്‍ കുട്ടികള്‍ക്ക് 18 വയസ്സ് തികയും. ഇവരില്‍ 25% ല്‍ താഴെ പേര്‍ ഇന്റര്‍മീഡിയറ്റ് സ്ട്രീമില്‍ നിന്ന് ബിരുദം നേടും,

ഏകദേശം 30,000 പേര്‍ ഒ-, എ-ലെവല്‍ സ്ട്രീമില്‍ നിന്ന് ബിരുദം നേടും. മൂന്ന് ദശലക്ഷത്തിലധികം കുട്ടികള്‍, അല്ലെങ്കില്‍ 75%, 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. (പാകിസ്ഥാനിലെ കുട്ടികളിൽ പകുതിയും സ്‌കൂളിന് പുറത്താണ്). എ-ലെവലില്‍ നിന്നുള്ള ഈ 30,000 കുട്ടികള്‍ മികച്ച സര്‍വകലാശാലകളില്‍ ആധിപത്യം സ്ഥാപിക്കും, പലരും വിദേശത്ത് പഠിക്കുകയും നേതാക്കളാകുകയും ചെയ്യും. ഈ ഭാഗ്യം ലഭിക്കുന്നവര്‍ 18 വയസ്സുള്ളവരുടെ 1% ല്‍ താഴെയാണ്. പാകിസ്ഥാനെ പ്രവര്‍ത്തിപ്പിക്കുന്ന ഒരേയൊരു പാകിസ്ഥാനികള്‍ ഇവരാണ്. പാക്കിസ്ഥാനില്‍ ഏകദേശം 4,00,000 സ്‌കൂളുകളുണ്ട്. എന്നിട്ടും ചില വര്‍ഷങ്ങളില്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ പകുതിയും ഫെഡറല്‍ കാബിനറ്റ് അംഗങ്ങളും ഒരു സ്‌കൂളില്‍ നിന്നാണ് വരുന്നത്: ലാഹോറിലെ ഐച്ചിസണ്‍ കോളേജ്. കറാച്ചി ഗ്രാമര്‍ സ്‌കൂള്‍ അവിടുത്തെ മികച്ച പ്രൊഫഷണലുകളുടെയും സമ്പന്നരായ ബിസിനസുകാരുടെയും എണ്ണമറ്റ നിരയെ സമ്മാനിക്കുന്നു.

മൂന്ന് അമേരിക്കന്‍ സ്‌കൂളുകളായ കേഡറ്റ് കോളേജ് ഹസനാബ്ദലും ചെലവേറിയ ചില സ്വകാര്യ സ്‌കൂളുകളും കൂടി ചേര്‍ത്താല്‍, 10,000 കുട്ടികളെ ബിരുദധാരികളാക്കിയേക്കാം, ഈ കുറച്ച് കുട്ടികളും ഭാവിയില്‍ പാക്കിസ്ഥാനിലെ മിക്ക മേഖലകളിലും അവരെപ്പോലെ തന്നെ ഉന്നതിയിലെത്തുമെന്ന് നമുക്ക് ഉറപ്പിക്കാം. അവരുടെ പിതാക്കന്മാര്‍ ഇന്ന് ഏറ്റവും ഉന്നതിയിലുള്ളവരാണ്.അഞ്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക ശാസ്ത്രജ്ഞനായ മഹ്ബൂബ് ഉള്‍ ഹഖ് ചൂണ്ടിക്കാട്ടിയ 22 കുടുംബങ്ങളാണ് പാക്കിസ്ഥാനിലെ ഉല്‍പ്പാദനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും, ബാങ്കിംഗ് ആസ്തികളുടെ അഞ്ചിലൊന്ന് ഭാഗവും, നിയന്ത്രിക്കുന്നത്. അവരുടെ കൈകളിലാണ് സമ്പത്ത് അമിതമായി കേന്ദ്രീകരിച്ചിട്ടുള്ളത്. ദേശീയ സമ്പത്തിന്റെ ഉയര്‍ന്ന അനുപാതം നിയന്ത്രിക്കുന്ന എത്രയോ കുടുംബങ്ങളെ ഇന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. സമ്പത്തിന്റെ കേന്ദ്രീകരണം പാക്കിസ്ഥാന്റെ മാത്രം പ്രത്യേകതയല്ല, ഇത് ആഗോളതലത്തില്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍, പൊതുവായി സംഭവിക്കുന്നുണ്ട്.

ഹഖ് ചൂണ്ടിക്കാണിച്ച അതേ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പാക്കിസ്ഥാനിലെ സമ്പത്ത് നിയന്ത്രിക്കുന്നത് എന്നതാണ് കുഴപ്പം. ഒരു വിജയകരമായ സമ്പദ്‌വ്യവസ്ഥ പുതിയ സംരംഭകരെ സൃഷ്ടിക്കുന്നു, പുതുതായി ഉയര്‍ന്നുവരുന്ന വ്യവസായങ്ങളെയും സാങ്കേതികവിദ്യകളെയും പ്രതിനിധീകരിക്കുന്നു. അതിലെ ഏറ്റവും ധനികരായ ആളുകളായി മാറുന്നു. എന്നാല്‍ സമ്പത്തും അധികാരവും അവസരങ്ങളും മാറ്റമില്ലാത്ത വരേണ്യവര്‍ഗത്തിലേക്ക് കര്‍ശനമായി പരിമിതപ്പെടുത്തിയിരിക്കുന്ന പാകിസ്ഥാനില്‍ ഇതൊന്നും സംഭവിക്കുന്നില്ല.ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ജെഫ് ബെസോസ് തുടങ്ങിയ അമേരിക്കയിലെ മുന്‍നിര ബിസിനസുകാരെ നോക്കൂ, അവരുടെയൊന്നും  കുടുംബ സമ്പത്ത് അവരുടെ ഇന്നത്തെ സ്ഥാനത്തിന് കടപ്പെട്ടിട്ടില്ല.

മുന്‍കാലങ്ങളിലെ ഏറ്റവും ധനികരായ ആളുകളായ കാര്‍ണഗീസ്, റോക്ക്‌ഫെല്ലേഴ്‌സ് തുടങ്ങിയവരാകട്ടെ ഇപ്പോഴും വാണിജ്യത്തില്‍ ആധിപത്യം പുലര്‍ത്തുന്നില്ല. സമീപകാല മുന്‍ യുഎസ് പ്രസിഡന്റുമാരില്‍, റൊണാള്‍ഡ് റീഗന്റെ പിതാവ് ഒരു സെയില്‍സ്മാന്‍ ആയിരുന്നു, ബില്‍ ക്ലിന്റന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു, ബരാക് ഒബാമയെ വളര്‍ത്തിയത്  ഒരമ്മ മാത്രമാണ്. അതേസമയം വിജയിച്ച മിക്കവാറും എല്ലാ പാക്കിസ്ഥാനികളും തന്റെ വിജയത്തിന് പിതാവിന്റെ സ്ഥാനത്തിന് കടപ്പെട്ടിരിക്കുന്നു.പാക്കിസ്ഥാനില്‍ ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍മാരാകുന്നു, വക്കീലന്മാരുടെ മക്കള്‍ വക്കീലന്മാരാകുന്നു, ഉലമയുടെ മക്കള്‍ ഉലമകളാകുന്നു--അങ്ങനെ പോകുന്നു പാരമ്പര്യം. ഗായകര്‍ക്ക് പോലും ഘരാനകളുണ്ട്. നിരവധി തലമുറ രാഷ്ട്രീയക്കാരെയും ജനറല്‍മാരെയും ഉന്നത ഉദ്യോഗസ്ഥരെയും സൃഷ്ടിച്ച ബിസിനസ്-രാഷ്ട്രീയ-പട്ടാള-ഉദ്യോഗസ്ഥ കുടുംബങ്ങളുണ്ട്.

അത്തരമൊരു സമൂഹത്തില്‍ ഒരു ഡ്രൈവറുടെ മകന്‍ ഡ്രൈവറാകാന്‍ നിര്‍ബന്ധിതനാകുന്നു, ഒരു ജമാദാറിന്റെ മകന്‍ ജമാദാറാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു, ഒരു വേലക്കാരിയുടെ മകള്‍ വേലക്കാരിയായി മാറുന്നു.മികച്ച കോര്‍പ്പറേറ്റുകളും മറ്റ് പ്രൊഫഷണലുകളും വരുന്നത് നഗരങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ഉന്നതരില്‍ നിന്ന് മാത്രമാണ്, പ്രത്യേകിച്ച് മുകളില്‍ സൂചിപ്പിച്ച രണ്ട് സ്‌കൂളുകളില്‍ നിന്ന്. വരേണ്യവര്‍ഗക്കാര്‍ക്കല്ലാത്തവര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഒരേയൊരു സ്വാധീനമുള്ള  തൊഴിലുകളായ ബ്യൂറോക്രസിയും പട്ടാളവും അവരുടെ ആളുകള്‍ ഉയര്‍ന്ന തലങ്ങളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, അവരുടെ ജീവിതശൈലി മറ്റ് മേഖലകളില്‍ നിന്നുള്ള അവരുടെ സമപ്രായക്കാരെപ്പോലെ കൊളോണിയല്‍ കാലഘട്ടത്തിലെ 'ഗോരാ സാഹിബു'കള്‍ക്ക് സമാനമാകും. ബാറ്റ്മാന്‍, നൈബ് ഖാസിഡുകള്‍, വീട്ടുജോലിക്കാര്‍ എന്നിവരടങ്ങിയ ബ്രൗണ്‍ ജനസമൂഹത്തിന്റെ ജീവിതത്തില്‍ നിന്ന് അവര്‍ ഭൗതികമായി നീക്കം ചെയ്യപ്പെടും. രാഷ്ട്രീയ അധികാരവും കേന്ദ്രീകരിക്കുന്നത് പാര്‍ട്ടികളിലല്ല, വ്യക്തിത്വങ്ങളിലാണ്. ഒരു മത-രാഷ്ട്രീയ പാര്‍ട്ടി ഒഴികെ തല മാറ്റിവയ്ക്കുന്ന ഒരു പാര്‍ട്ടിയുമില്ല. രാഷ്ട്രീയം പ്രാദേശിക തലം വരെയുള്ള വ്യക്തിത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ രാഷ്ട്രീയക്കാര്‍ വരുന്നത് 'തിരഞ്ഞെടുക്കപ്പെട്ടവരുടെ' കുടുംബങ്ങളില്‍ നിന്നുമാത്രമാണ്, അവിടെ മുമ്പ് അച്ഛനും മുത്തച്ഛനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്തുകൊണ്ടാണ് പാകിസ്ഥാനികള്‍ നൊബേല്‍ സമ്മാനങ്ങള്‍ നേടാത്തത് എന്നതില്‍ അതിശയിക്കാനുണ്ടോ?  കുട്ടികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ശരിയായ രീതിയില്‍ പഠിക്കുന്നുള്ളൂ.

തീര്‍ച്ചയായും, മിടുക്കരും കഴിവുള്ളവരുമുണ്ട്. എന്നാല്‍  മിടുക്കരായ കുട്ടികളില്‍ ഭൂരിഭാഗവും ഒരിക്കലും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. അവർ ജോലിക്കാരികളായും ധോബികളായും ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്. അവരൊരിക്കലും ഭൗതികശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരുമാവുന്നില്ല. ജനങ്ങളുടെ കഴിവുകളുടെയും അഭിലാഷങ്ങളുടെയും ശ്മശാനമാണ് പാകിസ്ഥാന്‍.യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് എഡ്യൂക്കേഷൻ ഫണ്ട് (യുണിസെഫ്) പറയുന്നതനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള പാകിസ്ഥാനി കുട്ടികളില്‍ 40% വളര്‍ച്ച മുരടിച്ചവരാണ് (സ്ഥിരമായ പോഷകാഹാരക്കുറവാണ് ഇതു സൂചിപ്പിക്കുന്നത്). മറ്റൊരു 18% പോഷകാഹാരക്കുറവിൻറെ ഫലമായുള്ള  ഗുരുതരമായ ഗുരുതരമായ ശരീരഭാരക്കുറവ് മൂലം പരിക്ഷീണിതരായി മാറുന്നു.

കൂടാതെ 28% ഭാരക്കുറവുള്ളവരായി തീരുന്നു. ഇതിനര്‍ത്ഥം പാകിസ്ഥാനിലെ കുട്ടികളില്‍ 86% മിക്ക രാത്രികളിലും പട്ടിണി കിടന്ന് ഉറങ്ങുകയും അവരുടെ അഞ്ചാം ജന്മദിനത്തിന് മുമ്പ് മരിക്കാനുള്ള സാധ്യതയോടെ വളരുകയുമാണ്. സോഷ്യല്‍ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി പാകിസ്ഥാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിശക്കുന്ന കുട്ടിയോ, ഭൂമിയില്ലാത്ത കര്‍ഷകനോ, മദ്രസ വിദ്യാര്‍ത്ഥിയോ, ദിവസക്കൂലിക്കാരനായ പിതാവോ, മറ്റുള്ളവരുടെ മക്കളെ വളര്‍ത്തുന്ന ഒരു ആയയോ ആണെങ്കില്‍ അവര്‍ക്കായി ഒരു ക്ലബ്ബും പ്രവര്‍ത്തിക്കില്ല. മിക്ക ഇടത്തരം കുടുംബങ്ങള്‍ക്കും വേണ്ടി പാകിസ്ഥാന്‍ എന്ന രാജ്യം ഒന്നും ചെയ്യുന്നില്ല.

അതുകൊണ്ടാണ് അസംതൃപ്തി നിലനില്‍ക്കുന്നതും തീവ്രവാദമടക്കമുള്ള പ്രവണതകൾ വളരുന്നതും. വിജയത്തിന്റെ യഥാര്‍ത്ഥ പ്രവചനം ഒരു വ്യക്തിയുടെ പിതാവിന്റെ നിലയെ ആശ്രയിച്ചിരിക്കുന്നു. ബുദ്ധി, കഴിവ്, തൊഴില്‍ നൈതികത എന്നിവയൊന്നും അവിടെ പ്രസക്തമല്ല. പാക്കിസ്ഥാന്റെ വരേണ്യ സംസ്‌കാരം സമ്പത്തും അധികാരവും തലമുറകളായി നിലനില്‍ക്കാന്‍ അനുവദിക്കുകയും മറ്റെല്ലാവരെയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇതാണ് പാകിസ്ഥാനികളെ ദരിദ്രരാക്കുന്നത്. ഈ 'എലൈറ്റ് കോംപാക്റ്റ്' അനാവരണം ചെയ്യേണ്ടത് ആവശ്യമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒന്നിക്കാനും പുരോഗതി നേടാനും പാകിസ്ഥാന് ഒരു പുതിയ സാമൂഹിക കരാര്‍ ആവശ്യമാണ്. നിർഭാഗ്യവശാൽ, അതല്ല പാക് സമൂഹത്തിലും രാഷ്ട്രീയത്തിലും സംഭവിക്കുന്നത്.