യുഎസ്-ചൈന വ്യാപാരത്തര്‍ക്കം തീരട്ടെ


NOVEMBER 8, 2019, 3:18 PM IST

അമേരിക്കയും ചൈനയുമായി മാസങ്ങളായി തുടരുന്ന വ്യാപാരത്തര്‍ക്കം ഇരു രാജ്യങ്ങളെ മാത്രമല്ല ലോകസമ്പദ്ഘടനയെയാകെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. മാന്ദ്യത്തിലേക്ക്  വീണുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന്റെ മുഖ്യ ഉപാധികളിലൊന്നായി ലോകം ഇന്ന് കാണുന്നത് അമേരിക്കയും തമ്മിലുള്ള ഈ തര്‍ക്കത്തിന്റെ അന്ത്യമാണ്.

മറ്റെന്തെല്ലാം വിമര്‍ശനങ്ങളുണ്ടെങ്കിലും അമേരിക്കയും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരക്കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചിട്ടുള്ള കര്‍ക്കശമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പോലും ആദരവ് അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്. പരക്കെ അഭിനന്ദനം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയുടെ കാര്യത്തില്‍. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ നിറയുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര മിച്ചം  ചൈനക്ക്  അനുകൂലമാണെന്നും പ്രസിഡന്റ് ട്രംപ് ചൂണ്ടിക്കാട്ടുന്നു. അതില്‍ മാറ്റം വരണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ആദ്യമൊക്കെ മുട്ടുന്യായങ്ങളും ഭീഷണിയുമൊക്കെ പ്രയോഗിച്ചെങ്കിലും ഇപ്പോള്‍ ഒരു ഒത്തുതീര്‍പ്പിലേക്ക് ചൈന നീങ്ങുന്നു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തുടരുന്ന കൂടിയാലോചനകളുടെ ഫലമായി ഒരു പ്രാഥമിക വ്യാപാര കരാര്‍ ഉടന്‍ രൂപപ്പെടുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് വഴിയൊരുക്കാന്‍ തങ്ങള്‍ പ്രഖ്യാപിച്ച അധിക തീരുവകള്‍ പിന്‍വലിക്കുന്ന കാര്യം യുഎസും ചൈനയും പരിഗണിക്കുന്നു. വ്യാപാര തര്‍ക്കത്തിന്റെ ഫലമായി ഇരു രാജ്യങ്ങളും ബില്യണ്‍ കണക്കിന് ഡോളറിന്റെ തീരുവകളാണ് പരസ്പരം ഒരു പിഴയെന്നോണം ചുമത്തിയത്. പല ഘട്ടങ്ങളായാകും അവ പിന്‍വലിക്കപ്പെടുകയെന്നും അതിന്റെ തുടക്കമായിരിക്കും ആദ്യ കരാര്‍ എന്നുമാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അമേരിക്കന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുന്നതിനുള്ള വ്യക്തമായ  നിബന്ധനകള്‍ക്കൊപ്പം കറന്‍സി കൃത്രിമങ്ങള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍, ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചില വ്യവസ്ഥകള്‍, ചൈനയുടെ വ്യവസായങ്ങള്‍ യുഎസ് സ്ഥാപനങ്ങള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിവയൊക്കെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യ കരാറിലുണ്ടാകും.

ഒന്നാം ഘട്ട കരാര്‍ വരുന്നതോടെ ഡിസംബര്‍ 15 മുതല്‍ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്ന പുതിയ തീരുവകള്‍ ഉപേക്ഷിക്കും. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും തീരുവകള്‍ കുറയ്ക്കും. ആഴ്ച്ചകളായി ചൈനീസ് നേതാക്കളും അന്താരാഷ്ട്ര ബിസിനസ് സമൂഹവും നടത്തി വന്നിരുന്ന പരിശ്രമങ്ങളാണ് ഇതിലൂടെ ഫലപ്രാപ്തിലെത്തുന്നത്. ചില തീരുവകള്‍ ഒഴിവാക്കുന്നത് ഒന്നാം ഘട്ട കരാറിനെ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ ഒന്നാക്കി മാറ്റുന്നതിന്  സഹായിക്കും. രണ്ടും മൂന്നും ഘട്ട കരാറുകള്‍ക്കുള്ള കൂടിയാലോചനകള്‍ ഇരു പക്ഷത്തുമുള്ളവര്‍ ആഗ്രഹിക്കുന്ന പക്ഷം അതിനു കൂടുതല്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നതിനും തീരുവകള്‍ പിന്‍വലിക്കുന്നത് സഹായകമാകും. യുഎസ് ബിസിനസിനെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങള്‍ ഭാവിയിലെ കൂടിയാലോചനകളിലാകും ഉയര്‍ന്നുവരുക.ആഗോള സമ്പദ്ഘടനയ്ക്കെന്നത് പോലെ പ്രസിഡന്റ് ട്രംപിനും ചൈനയുമായുള്ള വ്യാപാരത്തര്‍ക്കം ഒരു പരിസമാപ്തിയിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് മടങ്ങിയെത്തണമെങ്കില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉലച്ചില്‍ ഉണ്ടായിക്കൂടാ. അങ്ങിനെ സംഭവിച്ചാല്‍ അത് പ്രസിഡന്റ് ട്രംപിന്റെ വിജയസാധ്യതകള്‍ അപകടത്തിലാക്കും. അമേരിക്കന്‍ രാഷ്ട്രീയത്തെയും സമ്പദ്ഘടനയെയും നിരീക്ഷിക്കുന്നവര്‍ പറയുന്നതനുസരിച്ച് സമ്പദ്ഘടന പതിയെ സുസ്ഥിരതയിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ തൊഴിലുണ്ടാകുന്നു എന്ന വാര്‍ത്തയും ഉത്പാദന മേഖലയിലെ മാന്ദ്യം ശമിക്കുകയാണ് എന്ന വിവരവും ആശ്വാസം പകരുന്നതാണ്. ഇതില്‍ നിന്നെല്ലാം രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിക്കുന്ന മുഖ്യ കാരണം. പൊതു രാഷ്ട്രീയ കാലാവസ്ഥ പ്രസിഡന്റിന് എതിരാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ചൈനക്ക് മേലുമുണ്ട്  സമ്മര്‍ദ്ദങ്ങള്‍. ചൈനീസ് സമ്പദ്ഘടനയും മാന്ദ്യത്തിന്റെ പിടിയിലാണ്. അതിനാല്‍ പ്രശ്നപരിഹാരത്തിന് ചൈനക്കും താല്പര്യമേറെയാണ്. ഇതെല്ലാം യുഎസ്-ചൈന വ്യാപാര തര്‍ക്കത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷ ശക്തിപ്പെടുന്ന ഘടകങ്ങളാണ്. അത് കാലവിളംബമില്ലാതെ സംഭവിക്കുമെങ്കില്‍ അത് ലോകത്തിന് തന്നെ നേട്ടമാകും