വഴിതെറ്റുന്ന കരിസ്മ 


JULY 19, 2019, 10:49 AM IST

യുഎസ് തലസ്ഥാനത്ത് താമസിക്കുന്ന ഒരു സുഹൃത്തിന്റെ ഭാര്യ മൾട്ടിപ്പിൾ ഓപ്പറേഷൻ കഴിഞ്ഞ് ഒരു റിഹാബിലിറ്റേഷൻ സെന്ററിലാണ്. നടക്കാൻ തീരെ വയ്യാ. പക്ഷേ അവരെ എങ്ങനെയും ആലപ്പുഴ കലവൂരിലുള്ള കൃപാസനം ധ്യാനകേന്ദ്രത്തിൽ എത്തിക്കാൻ എയർ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. അവിടെ അത്ഭുതങ്ങൾ നടക്കുന്നു. നിരവധി രോഗങ്ങളാൾ ദീർഘകാലമായി വലയുന്ന ഭാര്യയെ അവിടെ എത്തിച്ച് 'ഉടമ്പടി എടുത്താൽ' എല്ലാം ഭേദപ്പെടുമെന്ന് ആരോ പറഞ്ഞു.

കൃപാസനത്തിൽ ഒട്ടേറെ അത്ഭുതങ്ങൾ നടക്കുന്നുണ്ടത്രെ. അവിടെനിന്നു വിതരണം ചെയ്യുന്ന തൈലം പുരട്ടിയാൽ അത്ഭുതങ്ങൾ നടക്കും. 'കൃപാസനം' എന്ന പേരിൽത്തന്നെ പ്രസിദ്ധീകരിക്കുന്ന ടാബ്ലോയ്ഡ് പത്രംപോലും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു: ഹൃദയസംതംഭവം ഉണ്ടായപ്പോൾ പത്രം നെഞ്ചോടു ചേർത്തുവച്ചു; ഉടനെ സുഖമായി എന്നൊരാൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ ഫോട്ടോ പത്രത്തിൽ പൊതിഞ്ഞുവച്ചപ്പോൾ കുട്ടികളുണ്ടായി. പരിക്കുപറ്റിയ ഭാഗത്ത് പത്രം പൊതിഞ്ഞുച്ചു; ഉടൻ സുഖപ്പെട്ടു. പത്രം വിരിച്ചുകിടന്നപ്പോൾ നടുവേദന മാറി. കൃപാസനം ഉപവാസ പ്രാർത്ഥനയും പത്രവും പൈൽസ് ഇല്ലാതാക്കി. ഉടമ്പടി തൈലം വയറിൽ പുരട്ടിയപ്പോൾ വന്ധ്യയ്ക്ക് സന്താനഭാഗ്യം ലഭിച്ചു. ഉപവാസ പ്രാർത്ഥനയിൽ പങ്കടുത്തതോടെ രണ്ടു പെൺമക്കളുടെ വിരോധം ഇല്ലാതായി. പ്രാർയിൽ സന്ദേശം പറഞ്ഞതനുസരിച്ച് കർത്താവ് എനിക്കുവേണ്ടി 'പുതിയൊരു അലോട്ട്‌മെന്റ് ഉണ്ടാക്കി അഡ്മിഷൻ ക്രമീകരിച്ചു'. പത്രം അരച്ച് മാവിൽ കലക്കി ദോശചുട്ടു തിന്നപ്പോൾ മകളുടെ വയറുവേദന മാറി.... ഇങ്ങനെ ഈ പത്രം പ്രവർത്തിക്കാത്ത അത്ഭുതങ്ങളില്ല, മാറാത്ത വ്യാധികളില്ല, പരിഹരിക്കാത്ത പ്രശ്‌നങ്ങളുമില്ല.

പത്രത്തിൻ നൂറു കോപ്പി, 200 കോപ്പി, 1000 കോപ്പി എന്നിങ്ങനെ വാങ്ങി വിതരണം ചെയ്താലും ഉദ്ദിഷ്ടകാര്യം സാധിക്കും. (ഇതിലടങ്ങിയിരിക്കുന്ന വിപണനതന്ത്രം കാണാതെപോകരുത്).

എന്താണ് ഈ പത്രത്തിലുള്ളത്? ഓരോരുത്തരുടെ അത്ഭുത സാക്ഷ്യങ്ങൾ. പലതും ബാലിശവും പരിഹാസ്യവുമാണ്. പനി വന്നപ്പോൾ പാരസെറ്റമോൾ കഴിച്ച് പത്രം വിരിച്ച് കിടന്നപ്പോൾ പനിമാറി എന്നാണ് ഒരാളുടെ സാക്ഷ്യം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളുകളുടെ വേലിയേറ്റമാണ്. പക്ഷേ, അത്ഭുതങ്ങൾ തേടുന്ന സാധാരണക്കാരന് ഒതൊന്നും പ്രശ്‌നമല്ല. അനേകായിരങ്ങളാണ് അങ്ങോട്ടേക്ക് ഓടിക്കൂടുന്നത്. എല്ലാവർക്കും വേണ്ടത് രോഗശാന്തി അല്ലെങ്കിൽ ഉദ്ദിഷ്ടകാര്യലബ്ധി. ക്രിസ്തുവിലുള്ള വിശ്വാസമല്ല അവരെ നയിക്കുന്നത്. യേശുവിന്റെ കാലത്തും ഇത്തരക്കാരായിരുന്നു കൂടുതൽ. ''വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളിൽ അവൻ പ്രവർത്തിച്ച അടയാളങ്ങൾ അവർ കണ്ടിരുന്നു.'' (ജോൺ 6:2) യേശു അത്തരക്കാരെ ശാസിക്കുന്നുണ്ട്: ''സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്.''

ശയ്യാലംബിതയായ ഭാര്യയെ എങ്ങനെയും കൃപാസനത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്ന എന്റെ സുഹൃത്ത് ഭക്തനും പള്ളിക്കാര്യങ്ങളിൽ അതീവ തല്പരനുമാണ്. പക്ഷേ, അദ്ദേഹത്തിന് ദൈവപരിപാലനയിലുള്ള വിശ്വാസം വേണ്ടുവോളമുണ്ടോ? ''ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വിൽക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ'' എന്നു പറഞ്ഞ ക്രിസ്തുവിൽ വിശ്വാസിക്കുന്നുണ്ടോ? ''നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്.'' എന്ന് ക്രിസ്തു പറഞ്ഞത് വെറുംവാക്കാണോ? ''എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ'' എന്നു പറഞ്ഞ് ദൈവത്തിനു സ്വയം കീഴടങ്ങിയ ക്രിസ്തുവല്ലേ ക്രിസ്ത്യാനിയുടെ മാതൃക. അവനെന്തിന് പത്രത്തിന്റെയും തൈലത്തിന്റെയും പിന്നാലെ പോകണം?

ദൈവപരിലനയിൽ വിശ്വാസമില്ലാത്ത അല്പവിശ്വാസികൾ സ്വന്തം ഹിതം നടക്കാൻ പ്രാർത്ഥിക്കുന്നു. ആഗ്രഹ സിദ്ധിക്കായി കൂണുപോലെ കിളിർക്കുന്ന ധ്യാനകേന്ദ്രങ്ങളിൽ പോകുന്നു. അവിടുത്തെ ആൾ ദൈവങ്ങളിൽ അഭയം തേടുന്നു. ബഹുഭൂരിപക്ഷവും ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നവരാണ്. ജീവിതത്തിൽ പ്രശ്‌നങ്ങളില്ലാത്തവരില്ല. അത് ദൈവഹിതമാണെന്നു കരുതാൻ അവർക്കാകുന്നില്ല. പകരം അവർ കുറുക്കുവഴികൾ തേടുന്നു. അതോടെ ധ്യാനനടത്തിപ്പ് ബിസിനസ്സായി. പണവും പ്രശസ്തിയും ഒപ്പംവന്നു. ഇന്ന് പല ധ്യാനകേന്ദ്രങ്ങളും വാണിജ്യവൽക്കരിക്കപ്പെട്ട ധ്യാനകമ്പനികളാണ്. ആളെക്കൂട്ടാൻ അവ പരസ്പരം മത്സരിക്കുന്നു.

ധ്യാനം വിജയിപ്പിക്കാൻ പ്രശ്‌നങ്ങൾ ഉള്ളവർ ധാരാളമായി വരണം. അതിന് അത്ഭുത പ്രവർത്തനവും രോഗശാന്തിയും പറഞ്ഞു പരസ്യം ചെയ്യുന്നു. എന്നാലേ ആളെ കിട്ടൂ. പരസ്യത്തിൽ കുടുങ്ങി വരുന്ന ജനത്തെ സംതൃപ്തരാക്കാൻ ശുദ്ധ നുണകൾ തട്ടിമൂളിക്കാനും ഇക്കൂട്ടർക്ക് മടിയില്ല. രോഗശാന്തിയും അത്ഭുതങ്ങളും ഇല്ലാത്ത ഒരു ധ്യാനവും ഇപ്പോളില്ല.

ധ്യാനപരിപാടികൾ പണ്ടും ഉണ്ടായിരുന്നു. റിട്രീറ്റ് എന്നാണ് ഇംഗ്ലീഷിൽ പറയുക. സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിനുള്ള അവസരമായിരുന്നു അത്. ആ തിരിഞ്ഞുനോട്ടത്തിൽ കുറ്റങ്ങളും കുറവുകളും കണ്ടാൽ പരിഹരിക്കാനും പുതിയ ജീവിതം തുടങ്ങാനുമുള്ള അവസരം.  ഇന്നു കാണുന്ന രോഗശാന്തിയും ശബ്ദകോലാഹലങ്ങളും അതിനുണ്ടായിരുന്നില്ല. കാരണം സ്വന്തം ജീവിതത്തിലേക്കുള്ള തിരനോട്ടത്തിന് അതുപകരിക്കുകയില്ല.

1980കളുടെ തുടക്കത്തിൽ കരിസ്മാറ്റിക് പ്രസ്ഥാനം ഉയർന്നുവന്നപ്പോഴും അത് ഇന്ന് കാണുന്ന അവസ്ഥയിലായിരുന്നില്ല. അതിന്റെ ലക്ഷ്യം അത്ഭുത പ്രകടനമോ രോഗശാന്തിയോ ആയിരുന്നില്ല, ക്രിസ്തീയ ജീവിതം ക്രിസ്തുകേന്ദ്രീകൃതമാക്കുയായിരുന്നു. സുവിശേഷവും ദൈവശാസ്ത്രവും നിത്യജീവിതത്തിനുപകരിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയായിരുന്നു. അവ ശാന്തവും, ശബ്ദകോലഹളങ്ങളില്ലാത്തതും, പ്രചാരണങ്ങളില്ലാത്തതും ആയിരുന്നു. ഇന്ന് അതല്ല സ്ഥിതി.

ഇഒഅഞകട എന്ന പേരിൽ ഫ്രാൻസിസ് മാർപ്പാപ്പ രൂപം കൊടുത്ത കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്നുപോലും അത്ഭുത പ്രവർത്തനമോ രോഗശാന്തിയോ അല്ല. തീർത്തും ആത്മീയമായ ലക്ഷ്യങ്ങൾ മാത്രം.

ഇത്തരം ധ്യാനകേന്ദ്രങ്ങൾ നടത്തുന്നവർ ആൾ ദെവങ്ങളായി മാറുന്ന കാഴ്ചയും നാം കാണുന്നു. അവർ ലോകമെമ്പാടും പറന്നുനടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. സീറോ മലബാർ സഭാംഗങ്ങൾ ഉള്ളിടത്തെല്ലാം അവർക്ക് നല്ല ഡിമാന്റാണ്. അവർ എന്ത് അസംബന്ധവും പറയും. ഓട്ടിസം, ഹൈപ്പർആക്ടിവിറ്റി, ബുദ്ധിമാന്ദ്യം തുടങ്ങിയവയുള്ള കുട്ടികൾ ധാരാളമായി ജനിക്കുന്നത് മാതാപിതാക്കളുടെ ദുർനടപ്പ് - വ്യഭിചാരം, സ്വയംഭോഗം, സ്വവർഗ്ഗരതി, അശ്ലീലസാഹിത്യം/വീഡിയോ - മൂലമാണെന്ന് ഈയിടെ ഒരു ആൾദൈവം - ഫാ. വാളംനാൽ - പ്രഖ്യാപിച്ചു. അയർലണ്ടിൽ ഇത്തരം കുട്ടികളെ സുഖപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കൾ അതു വേദനിപ്പിച്ചിട്ടുണ്ടാവും. അതുപോകട്ടെ, ദൂർവ്വിധികൾ പാപത്തിന്റെ ഫലമല്ല എന്ന ക്രിസ്തുപഠനവും അദ്ദേഹം മറന്നു. ''സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേർ, അന്നു ജറുസലെമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ പാപികളായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു'' (ലൂക്കാ 13:4-5).

അയർലണ്ടിലെ വിശ്വാസികൾ അതിനെതിരെ പ്രതിഷേധിച്ചു. അവിടുത്തെ ഒരു മുഖ്യധാരാ പത്രം - ഐറിഷ് ടൈംസ് - വാർത്ത പ്രസിദ്ധീകരിച്ചു. ഡബ്ലിൻ ആർച്ച്ബിഷപ്പ് വിവാദ ധ്യാനഗുരുവിന് അയർലണ്ടിലേക്കുള്ള ക്ഷണം പിൻവലിക്കാൻ സീറോ മലബാർ സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ, മനുഷ്യത്വരഹിതവും ക്രൈസ്തവ വിരുദ്ധമായ പ്രസ്താവന സത്യമാണെന്നും  പ്രവചനമാണെന്നും ന്യായീകരിക്കാനായിരുന്നു അവരുടെ ശ്രമം. അതിനായി ഒപ്പുശേഖരണംവരെ നടത്തി. വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തെയും ലേഖകനേയും അസത്യം ബോധിപ്പിക്കാൻ ശ്രമംനടത്തി. ഒന്നും ഫലിക്കുന്നില്ലൊന്നു വന്നപ്പോൾ, ആ വീഡിയോ കൃത്രിമമാണെന്ന് പറയേണ്ട ഗതികേടുണ്ടായി!

അക്രൈസ്തവർ താമസിക്കുന്ന മേഖലകളിൽനിന്ന് മാറിത്താമസിക്കുക, അമ്പലങ്ങളിൽ നേദിച്ച വസ്തുക്കൾ ഭക്ഷിക്കരുത് തുടങ്ങിയ താലിബാൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ധ്യാനഗുരുക്കളുമുണ്ട്. ക്രിസ്തുപഠനങ്ങളിൽനിന്ന് എത്ര അകലെയാണവർ? മനുഷ്യന്റെ സാമാന്യ ബുദ്ധിയെപ്പോലും ഒരു മടിയുമില്ലാതെ ചോദ്യം ചെയ്യാൻ ഇക്കൂട്ടർക്ക് മടിയുമില്ല. രോഗങ്ങളും പീഡകളും മൂലം അലയുന്ന ജനങ്ങളെ പാപവും ശാപവും പറഞ്ഞു ഭീതിപ്പെടുത്തുന്നു. ശാസ്ത്രവും ലോകവും അംഗീകരിക്കുക്കുന്ന പലകാര്യങ്ങളും വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനമില്ലാതെ തള്ളിക്കളയുന്നു. കേരള സഭയിലെ പുഴുക്കുത്തുകളാണിവർ. അവരെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ ആപത്തായിരിക്കും ഭവിക്കുക. പക്ഷേ, വസ്തുതർക്കങ്ങളും, വ്യവഹാരങ്ങളും, അധികാരവടംവലികളും, ലൈംഗീകാരോപണങ്ങളിലുംപെട്ട് ഉഴലുന്ന സഭാനേതൃത്വത്തിന് അതിനൊന്നും സമയമില്ല.