പണമില്ലാത്തവര്‍ പിണം, വ്യക്തികളായാലും രാജ്യങ്ങളായാലും


OCTOBER 4, 2019, 1:10 PM IST

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ലോകം മൗനം പാലിക്കുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയക്കാരുടെയും ബുദ്ധിജീവികളുടെയും പരാതി. അതവരെ വല്ലാതെ രോഷാകുലരാക്കുന്നു. സൗദി അറേബ്യയും യുഎഇയും അടക്കമുള്ള പാക് സഖ്യകക്ഷികള്‍ നിസ്സംഗത പാലിക്കുകയോ ഇന്ത്യന്‍ പക്ഷത്തു നില്‍ക്കുകയോ ചെയ്യുന്നതിലാണ് പാക്കിസ്ഥാനികള്‍ക്ക് ഏറ്റവും രോഷം. നേരത്തെ കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കാന്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും വിദേശമന്ത്രിമാരെ പ്രധാനമന്ത്രി ഇംമ്രാന്‍ ക്ഷണിച്ചപ്പോള്‍ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകുമെന്ന് എല്ലാവരും കരുതി. പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ടു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ഉപദേശിക്കുക മാത്രം ചെയ്ത് അവര്‍ മടങ്ങി. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസഡര്‍ പറയുകയും ചെയ്തു.തുടക്കത്തില്‍ കാശ്മീര്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്ന യുഎന്‍ രക്ഷാസമിതി കാശ്മീര്‍ വിഷയം പരിഗണിക്കാന്‍ വിസമ്മതിച്ചു. യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്‍ വിഷയം ശക്തിയുക്തമായി വികാരവിക്ഷോഭത്തോടെ അവതരിപ്പിച്ചു, കാശ്മീരികളോട് ലോകസമൂഹം കാട്ടുന്ന അനീതിയെ അപലപിച്ചു, കാശ്മീറില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കി, ഇന്ത്യാ-പാക് യുദ്ധം ആണവയുദ്ധമായി പരിണമിക്കുകയും ലോകത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ''ലോകസമൂഹം എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്? നീതിക്കും മനുഷ്യത്വത്തിനും വേണ്ടി നിലകൊള്ളുമോ, അതോ 1.2 ബില്യന്റെ കമ്പോളത്തെ പ്രീണിപ്പിക്കുമോ'', അദ്ദേഹം ചോദിച്ചു.ഇമ്രാന്‍ ഖാന്റെ ബ്ലഡ്പ്രഷര്‍ വര്‍ദ്ധിച്ചതല്ലാതെ വാചോടോഭം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയാകട്ടെ കാശ്മീറിനെപ്പറ്റി മിണ്ടിയതേയില്ല. പകരം, പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിക്കാതെ, ഭീകരവാദം ഉളവാക്കുന്ന ദുരിതങ്ങളിലേക്കും അതിനെ ഗൗരവത്തോടെ നേരിടേണ്ടതിന്റെ ആവശ്യകതയിലേക്കും വിരല്‍ചൂണ്ടി.

കാശ്മീറില്‍ ഒരു തരത്തിലുമുള്ള മനുഷ്യാവകാശ ലംഘനവും നടക്കുന്നില്ലെന്ന് ഇന്ത്യ എത്ര ശക്തിയായി അവകാശപ്പെട്ടാലും അത് സത്യമല്ല. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെയും തീവ്രവാദ ആശയങ്ങളുടെയും തള്ളിക്കയറ്റം തടയുന്നതോടൊപ്പം, കാശ്മീറില്‍ത്തന്നെ ഉടലെടുത്തിട്ടുള്ള തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് ഇന്ത്യാ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. അതിനാല്‍ ഭീകരവാദവുമായി പുലബന്ധമെങ്കിലുമുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് സൈന്യം മൂന്നാംമുറ പ്രയോഗിക്കുന്നു. ഇത്തരം നാല്പതിലേറെ യുവാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ചില വിദേശമാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയുണ്ടായി. മനോരോഗികളെ എന്നതുപോലെ തങ്ങള്‍ക്ക് ഷോക്ക് നല്‍കിയതായിപ്പോലും ചില യുവാക്കള്‍ പരാതിപ്പെട്ടത് പാക്കിസ്ഥാനി മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മൂന്നാം മുറയ്ക്കിടയില്‍ ആരെങ്കിലും മറ്റൊരാളുടെ പേരു വെളിപ്പെടുത്തിയാല്‍ സൈന്യം അവരെ തെരഞ്ഞുപിടിക്കുന്നു.

ഒരു കുട്ടിപോലും കസ്റ്റഡിയിലില്ല എന്ന് ഗവണ്മെന്റ് ആവര്‍ത്തിക്കുമ്പോള്‍ 144 പ്രായപൂര്‍ത്തിയാകാത്ത പൗരന്മാര്‍ തടങ്കലിലുണ്ടെന്നും അതില്‍ 9 ഉം 11 വയസുള്ള കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രത്യേകപദവി നീക്കിയതിനു പിന്നാലെ ഉടലെടുത്ത പ്രതിസന്ധി രണ്ടു മാസത്തോളമായി ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു. വിപണികള്‍ തുറന്നിട്ടില്ല, പൊതുഗതാഗതം തടസ്സപ്പെടുന്നു, ചിലയിടങ്ങളില്‍ മാത്രമാണ് സ്വകാര്യവാഹനങ്ങള്‍ ഓടുന്നത്. മൊബൈല്‍ സേവനങ്ങള്‍ക്കു വിലക്കുണ്ടെന്നതൊഴിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറയുന്നു. അക്രമികള്‍ കാറുകള്‍ തകര്‍ക്കുകയും കടയുടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് കച്ചവട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് ഗവണ്മെന്റിന്റെ ഭാഷ്യം. സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മൂലം മാതാപിതാക്കള്‍ കുട്ടികളെ വിടുന്നില്ല.കാശ്മീറിലെ മനുഷ്യാവകാശ ലംഘനങ്ങളെ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കാറുണ്ടെങ്കിലും അന്തര്‍ദ്ദേശീയ സമൂഹം പൊതുവേ നിസ്സംഗത പുലര്‍ത്തുന്നു. ഇത് പാക്കിസ്ഥാന്റെ ഭാഗത്തുള്ള നയതന്ത്രപരമായ പോരായ്മ അല്ല, മറിച്ച് ആഗോള അധികാര രാഷ്ട്രീയം കാരണമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി വളരുകയാണെന്നതിനോടൊപ്പം അതിനുള്ള ജിയോ പൊളിറ്റിക്കല്‍ സ്ഥാനവും നയതന്ത്രപരമായ മെച്ചം നല്‍കുന്നു. ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോദി റാലി ഇന്ത്യയുടെ വളരുന്ന സ്വാധീനത്തിന്റെ പ്രതീകമാണ്.

പാക്കിസ്ഥാന്‍ ഒരു സാമ്പത്തികശക്തി അല്ലെന്നുമാത്രമല്ല, സൗദി അറേബ്യയെയും യുഎഇയെയും സംബന്ധിച്ചിടത്തോളം ശരണാഗത രാജ്യമാണ്. കഴിഞ്ഞവര്‍ഷം 6 ബില്യണ്‍ ഡോളര്‍ വീതമാണ് ഓരോ രാജ്യത്തുനിന്നും സഹായം ഇരന്നു വാങ്ങിയത്. ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയവയോടൊപ്പം പാക്കിസ്ഥാനെ മിസ്‌കീന്‍ (നിര്‍ദ്ധന) രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്പ് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളക്കാരായ പ്രവാസികളെ റഫീഖ് (പ്രിയപ്പെട്ട സ്‌നേഹിതന്‍) എന്ന് സൗദികള്‍ അഭിസംബോധന ചെയ്യുന്നു. ഈ വിശേഷണം ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും അത് അനതിവിദൂരത്താകില്ലെന്ന് കോളമിസ്റ്റ് ഖാലിദ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ നേടിയ സാമ്പത്തിക, വ്യാവസായിക മികവ് സൗദിയെ ഭ്രമിപ്പിക്കുന്നു. ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുമെന്ന് സൗദി കിരീടാവകാശി പ്രഖ്യാപിച്ചത് കാശ്മീര്‍ നടപടിക്കുശേഷമാണ്. സൗദിയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ 'കിംഗ് അബ്ദുള്‍ അസീസ് സാഷ്' മോദിക്ക് നല്‍കിയപ്പോള്‍, യുഎഇ അതിന്റെ 'ഓര്‍ഡര്‍ ഓഫ് സെയ്ദ്' നല്‍കി ആദരിച്ചു.

കാശ്മീരികള്‍ക്ക് ഭാവി നിശ്ചയിക്കാന്‍ അവസരം നല്‍കണം എന്ന് പറയാന്‍ സൗദിക്കോ യുഎഇക്കോ കഴിയില്ല എന്നത് മറ്റൊരു കാര്യം. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് അതു നല്‍കാത്ത രാജ്യങ്ങളാണവ. സൗദി ഭരിക്കുന്ന രാജകുടുംബത്തിനെതിരെയോ യുഎഇ ഭരിക്കുന്ന എമിറുകള്‍ക്കെതിരെയോ ഒരക്ഷരം ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്നവരാണവര്‍. ഗമാല്‍ ഖഷോഗി കൊലയാളികളെ വിട്ടുകൊല്ലിച്ച സൗദി ഭരണകൂടത്തിന്റെ ചെയ്തി ലോകത്തിനുമുമ്പിലുണ്ട്.കാശ്മീരികള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം വേണമെന്ന് പാക്കിസ്ഥാന്‍ ഇത്രമാത്രം വാശിപിടിക്കുന്നതെന്ത്? അവിടെയുള്ളത് ''മുസ്ലീം സഹോദരങ്ങള്‍'' ആണെന്നതാണ് പുറത്തുപറയുന്ന കാര്യം. എങ്കില്‍ ചൈനയിലെ ഉയിഗൂര്‍ മുസ്ലീമുകളുടെ കാര്യത്തില്‍ എന്താണ് അവര്‍ ആശങ്കപ്പെടാത്തത്? ചൈനയുടെ സിന്‍സിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ സ്വയംഭരണമേഖലയിലെ മുസ്ലീമുകള്‍ക്ക് ചൈനയേക്കാള്‍ കിഴക്കന്‍, മദ്ധ്യ ഏഷ്യയോടാണ് സാംസ്‌കാരിക ബന്ധമുള്ളത്. ചൈനയില്‍നിന്നു വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന അവരെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തി ഭരിക്കുന്നു. വിഘടനവാദികള്‍ എന്നു സംശയിക്കുന്ന പതിനായിരങ്ങളെ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകള്‍ എന്നറിയപ്പെടുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ചു പീഡിപ്പിക്കുന്നു. അവരുടെ അവയവങ്ങള്‍ ചൈന വന്‍തോതില്‍ കച്ചവടം നടത്തുന്നു എന്ന പരാതി അടുത്തകാലത്ത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനു ലഭിക്കുകയുണ്ടായി. എന്താണ് പാക്കിസ്ഥാന്‍ പ്രതിഷേധിക്കാത്തത്? ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ മോഹിച്ച് അവര്‍ മിണ്ടാതിരിക്കുന്നു. സൗദിയില്‍നിന്നുള്ള സാമ്പത്തിക സഹായത്തിനായി അവര്‍ യമനില്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങലെ കണ്ടില്ലെന്നു നടിക്കുന്നു.

കാശ്മീറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അക്രമം തടയാനുള്ള താല്കാലിക ഏര്‍പ്പാടാണെന്ന ഇന്ത്യയുടെ അവകാശവാദം വിശ്വസിച്ചാലും ഇല്ലെങ്കിലും വിദേശനേതാക്കള്‍ അത് അവഗണിക്കാന്‍ തയ്യാറാകുന്നു. അത് പാക്കിസ്ഥാന് നന്നായി അറിയാം. പാക്കിസ്ഥാനിലെ ടിവി അവതാരകരും കോളമിസ്റ്റുകളും പറയുന്ന ഒരു കാര്യമുണ്ട്: ഇത് ധാര്‍മ്മികതയെ അവഗണിക്കുന്ന, കമ്പോളത്തെയും കയറ്റുമതിയെയും മാത്രം വിലമതിക്കുന്ന, 'പട്ടി പട്ടിയെ തിന്നുന്ന' ലോകമാണ്. പാവപ്പെട്ട രാജ്യങ്ങളെപ്പറ്റി ആരും ചിന്തിക്കുന്നില്ല.

പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ ഏറ്റുപിടിക്കാന്‍ ലോകം വിസമ്മതിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് ഭീകരത കയറ്റിയയക്കുന്നു എന്നതാണ്. ഇസ്ലാമിക തീവ്രവാദം അനാവരണം ചെയ്ത ഭീകരത നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന അന്തര്‍ദ്ദേശീയ സമൂഹത്തിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ പിന്താങ്ങാനാവില്ല. ഇത് പാക്കിസ്ഥാന് മനസ്സിലാകാത്ത കാര്യമാണ്. അഥവാ മനസ്സിലായിട്ടുണ്ടെങ്കില്‍ത്തന്നെ ഇന്ത്യയെ തോല്പിക്കാന്‍ മറ്റു വഴികളില്ലെന്ന തിരിച്ചറിവ് ഭീകരത ആയുധമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. വേറെ വഴി അവര്‍ കാണുന്നില്ല.

നേടാന്‍ കഴിയില്ലെന്നു ബോദ്ധ്യമാകുന്ന കാര്യങ്ങള്‍ നേടുന്നതിനായി വഴിവിട്ടു പ്രവര്‍ത്തിക്കുന്ന സ്വഭാവം മനുഷ്യനുണ്ട്. പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വഴിവിടുന്നോ അത്രമാത്രം അതു നേടുന്നതിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യുന്നു. ഇസ്രയേലിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത പലസ്തീന്‍ തീവ്രവാദികള്‍ക്ക് ലോകത്തിന്റെ പിന്തുണ ക്രമാനുഗതമായി നഷ്ടമായി, അത് ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായ സ്ഥിതിയാണ്. കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു സംഭവിക്കുന്നതും ഇതാണ്.