പുരോഗമനം എവിടെ വരെ


NOVEMBER 8, 2019, 3:32 PM IST

കേരളത്തിന്റെ വിശ്വപ്രസിദ്ധമായ പുരോഗമന പാരമ്പര്യം നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ദേശീയതലത്തില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നടക്കുന്ന വലതുപക്ഷവല്‍ക്കരണത്തിന് ഏക ബദല്‍ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? പാലക്കാട്ട് വാളയാറില്‍ രണ്ട് പിഞ്ചുബാലികമാര്‍ ലൈംഗിക പീഢനത്തിന് വിധേയരായി ആത്മഹത്യ ചെയ്യുകയോ കൊലചെയ്യപ്പെടുകയോ ചെയ്തതും അട്ടപ്പാടി കാടുകളില്‍ നാല് മാവോവാദികളെ പൊലീസ് വെടിവെച്ച് കൊലചെയ്തതും അത്രയൊന്നും പുറമെ പറഞ്ഞ് കേള്‍ക്കാത്ത നിരവധി മറ്റ് സംഭവങ്ങളും ചേര്‍ന്ന് ഉയര്‍ത്തിവിടുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ് കേരളത്തില്‍ പുരോഗമനം എന്നത് തൊലിപ്പുറമേയുള്ള എന്തോ ഒന്ന് മാത്രമാണെന്ന് നാം തിരിച്ചറിയുന്നത്. 

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസ് കളിച്ച കളികളെ കുറിച്ചുള്ള വാര്‍ത്തകളുടെ ചൂടാറും മുന്‍പാണ് നാല് മാവോവാദികളെ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗം പിടികൂടി വെടിവെച്ച് കൊന്ന വാര്‍ത്ത പുറത്ത് വന്നത്. അതിനൊപ്പം കോഴിക്കോട് നഗരത്തിലെ രണ്ട് യുവാക്കളെ പിടികൂടി അവര്‍ക്കെതിരെ യുഎപിഎ എന്ന കരിനിയമപ്രകാരം കേസെടുത്ത വാര്‍ത്ത. ഇതെല്ലാം ചെയ്തതാകട്ടെ കേരളത്തിലെ പുരോഗമന ഇടതുപക്ഷ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ്. അതുകൊണ്ടരിശം തീരാഞ്ഞ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ  'ഇത്  കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന യുദ്ധ'മാണെന്ന ന്യായീകരണവും!

ഇവിടെ വിഷയം മാവോവാദികളുടെ രാഷ്ട്രീയമോ ലൈംഗികചൂഷണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ ദൈന്യതയോ ഒന്നുമല്ല, മറിച്ച് മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടേയും ധ്വംസനത്തിന്റേതാണ്. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മിതവാദികള്‍ക്കും തീവ്രവാദികള്‍ക്കും ഒരുപോലെ ലഭ്യമാവേണ്ട അവകാശങ്ങളുടെ പ്രശ്‌നമാണത്. വാളയാറിലും അട്ടപ്പാടിയിലും ആ അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു എന്നതില്‍ ഇന്ന് കേരളത്തില്‍ കുറച്ചുപേര്‍ക്ക് മാത്രമേ സംശയമുള്ളൂ: കേരളത്തിലെ പൊലീസിനും മഹാനായ ചീഫ് സെക്രട്ടറിക്കും പിന്നെ മുഖ്യമന്ത്രി പിണറായി വിജയനും. വാളയാറില്‍ വെറും പോലീസിന്റെ വീഴ്ച്ചയും അട്ടപ്പാടിയില്‍ 'കൊല്ലുകയോ  കൊല്ലപ്പെടുകയോ' ചെയ്യാവുന്ന സാഹചര്യത്തിലെ അനിവാര്യതയുമേ അവര്‍ കാണുന്നുള്ളൂ.

സായുധസമരത്തെ വരിച്ച മാവോവാദികള്‍ക്ക് സാധാരണ പൗരര്‍ക്ക് ലഭിക്കുന്ന മനുഷ്യാവകാശം വേണമെന്ന് പറയുന്നത് യുക്തിയല്ലെന്നും ഇവര്‍ യഥാര്‍ഥ ഭീകരവാദികളാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് സെക്രട്ടറി ടോം ജോസ്. തോക്കുമെടുത്ത് ജനങ്ങളെ കൊല്ലാന്‍ നടക്കുന്നവര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് പറയുന്ന ചീഫ് സെക്രട്ടറി ഇത്തരം 16 സംഘടനകള്‍ നിരീക്ഷണത്തിലാണെന്നുള്ള ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. കൊല്ലാനും കൊല്ലപ്പെടാനും സാധ്യതയുള്ള യുദ്ധസമാന അവസ്ഥയാണിതെന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ'  ദിനപത്രത്തില്‍ പേരുവച്ച് എഴുതിയ ലേഖനത്തില്‍ ചീഫ് സെക്രട്ടറി വാദിക്കുന്നത്.  

നാല് മാവോവാദികളെ പാലക്കാട് മഞ്ചിക്കണ്ടിയില്‍ വധിച്ചത് ന്യായീകരിക്കാനാണ് 'ഇത് യുദ്ധസമാനം: കൊല്ലണോ  കൊല്ലപ്പെടണോ?' എന്ന തലക്കെട്ടില്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം വന്നത്. ഭീകരവാദികേളാട് സജീവ അനുഭാവം പ്രകടിപ്പിക്കുന്നതും നഗര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായ 16 സംഘടനകളെ കേരളത്തിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ചീഫ് സെക്രട്ടറി പക്ഷേ, ഇവ ഏതു സംഘടനകളാണെന്നോ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായാണോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് കേരളത്തിലെ നഗരങ്ങളില്‍ ഇത്തരം സംഘടനകളുണ്ടെന്ന് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നത്.

ചീഫ് സെക്രട്ടറിക്ക് ഇങ്ങിനെ ലേഖനമെഴുതാന്‍ അനുമതിയാവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് ലേഖനത്തിലുള്ളതെന്നും മാവോവാദി പൊലീസ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള അന്വേഷണത്തെ ലേഖനം ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം മാവോവാദി വേട്ടയുടെ പേരില്‍ നടക്കുന്ന പൊലീസ് നടപടിക്കെതിരെ ഭരണമുന്നണിക്കകത്തും പുറത്തും വലിയ വിമര്‍ശനമുയരുന്ന സന്ദര്‍ഭത്തില്‍ ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു വിമര്‍ശിച്ചത്. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നു ചൂണ്ടിക്കാട്ടിയ പ്രകാശ് ബാബു, ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെനാവശ്യപ്പെട്ടിട്ടുമുണ്ട്. നിയമസഭയില്‍ പ്രതിപക്ഷവും പ്രശ്‌നം ശക്തമായി ഉന്നയിച്ചു. പക്ഷെ, കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന രാജാവുള്ള നാട്ടില്‍ ഈ വിമര്‍ശനത്തിലൊന്നും വലിയ കഥയില്ലെന്ന് ആര്‍ക്കാണറിയാത്തത്? 

കേരളത്തിലെ ഇടതുമുന്നണി ഭരണം മറ്റ് പല രീതികളിലും മികച്ചതാവുമ്പോഴും അതിന് ഏറെ ചീത്തപ്പേരേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം പൊലീസ്സ്‌റ്റേഷനുകളില്‍ നടക്കുന്ന അത്യന്തം ഹീനമായ മൂന്നാംമുറയുടെയും പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും എതിരെ നടക്കുന്ന ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങളുടെയും പേരിലാണെന്നതും ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പ്രതികള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി പാര്‍ട്ടി സംവിധാനങ്ങളും പൊലീസും ഒത്തുകളിക്കുന്നതിനെ ചൊല്ലിയുമാണെന്നത് മറന്നു കൂടാ. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ മരിച്ചതും പുതുവൈപ്പിന്‍ ഐഒസി ഗ്യാസ് പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ച് അറസ്റ്റ് ചെയ്തതുമെല്ലാം ഈ സര്‍ക്കാരിന്റെ ഭരണകാലയളവിലാണല്ലോ? 

നിലമ്പൂരില്‍ രണ്ട് മാവോവാദി പോരാളികളുടെ കൊല,  വൈത്തിരിയില്‍ സി.പി. ജലീലിനെ വെടിവെച്ചു കൊന്നത്, ഒടുവില്‍ മഞ്ചക്കണ്ടിയില്‍ നാല് മാവോവാദികളെ കൊന്നൊടുക്കിയത് തുടങ്ങി നിരവധി സന്ദര്‍ഭങ്ങളാണ് വടക്കേ ഇന്ത്യയില്‍ സുരക്ഷാ സേന മാവോവാദികളെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല കേരളാ പൊലീസിന്റെ പ്രവര്‍ത്തികളും എന്ന് വ്യക്തമാക്കുന്നത്. മഞ്ചക്കണ്ടിയില്‍ എത്തിയവരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ രോഗാതുരനും കീഴടങ്ങാന്‍ തയ്യാറായി വന്നയാളുമാണെന്ന വാര്‍ത്ത വെളിച്ചത്ത് കൊണ്ടുവരുന്നത് കൂടുതല്‍ അപകടകരമായ സാധ്യതയിലേക്ക് കൂടെ വിരല്‍ ചൂണ്ടുന്നുണ്ട്. പൊലീസ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തോട് ഒരു തരത്തിലും ആലോചിക്കാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് എന്ന അവസ്ഥ.

കോഴിക്കോട് നഗരത്തില്‍ രണ്ട് യുവാക്കളെ 'നഗര നക്‌സലൈറ്റു'കളായി  മുദ്രകുത്തി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് പൊലീസിന്റെ മറ്റൊരു കണ്ടെത്തലിന്റെ ഫലമായി കൂടെയാവണം: സിപിഎമ്മിലെ അസംതൃപ്തരായ യുവാക്കള്‍ തീവ്രരാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണെന്ന കണ്ടെത്തലിന്റെ ഫലമായി. അതില്‍ ഒരുപക്ഷെ അല്പം സത്യമുണ്ടാവാനും ഇടയുണ്ട്. മാവോവാദികളെ വെടിവച്ച് കൊന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം സിപിഎം കേന്ദ്രങ്ങളെ തന്നെയും ഞെട്ടിപ്പിക്കും വിധം രൂക്ഷമായിരുന്നു. ആ വിമര്‍ശനം ഉന്നയിച്ചവരില്‍ സിപിഎം അനുഭാവികളുമുണ്ടായിരുന്നു താനും. കോഴിക്കോട്ട് അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും അടക്കം നിരവധി സിപിഎം അനുഭാവികളെന്ന് കരുതപ്പെടുന്ന  യുവാക്കള്‍ മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. അതിനര്‍ത്ഥം സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകരുകയാണ് എന്നല്ലേ?  

ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയാല്‍ അത് അവരുടെ മധ്യവര്‍ഗ കുടുംബങ്ങളെ ഭയചകിതരാക്കും. കോഴിക്കോട് സംഭവിച്ചത് പോലെ അവര്‍ പൊലീസിന്റെയും ഭരണാധികാരികളുടെയും കാല്‍ക്കല്‍ വീഴും. ഒടുവില്‍ യുഎപിഎ അനുസരിച്ചുള്ള കുറ്റാരോപണങ്ങള്‍ പിന്‍വലിക്കപ്പെടും. ഇനിയൊരിക്കലും ആ വഴിക്ക് നല്ല വീട്ടിലെ കുഞ്ഞുങ്ങള്‍ നടക്കരുത് എന്ന ഓര്‍മപ്പെടുത്തലുമായി. അതാണ് പൊലീസിന് വേണ്ടത്. പക്ഷെ, പൊലീസ് ഇടതുപക്ഷ ഭരണത്തിന് കീഴിലും നിര്‍ദ്ദയം കസ്റ്റഡി മര്‍ദ്ദനം നടത്തുമ്പോഴും തീവ്രവാദ മുദ്രകുത്തി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും വെടിവെച്ച് കൊള്ളുകയുമൊക്കെ ചെയ്യുമ്പോള്‍ സംഭവിക്കുന്നത് പോലെ അപ്പോഴും തോല്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കുമെന്ന് മാത്രം.