മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്


JUNE 18, 2019, 2:38 PM IST

തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര വിജയം നേടിയ ശേഷം രാജ്യത്തെ പ്രമുഖരായ ചില മുസ്ലിം നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു കത്തെഴുതി. മുഖ്യമായും ഒരാവശ്യമേ ആ കത്തില്‍ ഉണ്ടായിരുന്നുള്ളു: മതന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കമല്‍ ഫാറുഖി, ജമാ അത്ത്  ഉലമ ഇ-ഹിന്ദ് നേതാവ് മെഹമൂദ് മദനി എന്നിവരുള്‍പ്പടെയുള്ള നേതാക്കളാണ് ആ കത്തെഴുതിയത്. പ്രധാനമന്ത്രി ചെയ്ത രണ്ടു പ്രസംഗങ്ങള്‍ ആയിരുന്നു അവരുടെ കത്തിനാധാരം.
മെയ് 23നു ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചെയ്ത പ്രസംഗത്തില്‍ ന്യുനപക്ഷങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മോഡി ആഹ്വാനം ചെയ്തതാണ് അതിലൊന്ന്. മോഡിയുടെ സബ് ക സാഥ് സബ് ക വികാസ് എന്ന മുദ്രാവാക്യത്തോടൊപ്പം സബ് ക വിശ്വാസ് (എല്ലാവരുടെയും വിശ്വാസം ആര്‍ജ്ജിക്കുക) എന്നതുകൂടി ഉള്‍പ്പെടുത്തിയിരുന്നു. ന്യുനപക്ഷങ്ങളില്‍ ഭീതി വിതക്കുകയും വികസനത്തിന്റെ നേട്ടങ്ങള്‍ അവര്‍ക്കു നിഷേധിക്കുകയുമാണ് കോണ്‍ഗ്രസ്സ് ചെയ്തതെന്ന് ആ പ്രസംഗത്തില്‍ മോഡി കുറ്റപ്പെടുത്തുകയുണ്ടായി.
പ്രമുഖ മുസ്ലിം നേതാക്കള്‍ പ്രധാനമന്ത്രിക്കെഴുതിയ ഈ കത്ത് ഒരു പുതിയ ബന്ധത്തിന്റെ ആരംഭമാണോ സൂചിപ്പിക്കുന്നത് എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി മോഡിയും മുസ്ലിം സമുദായവും തമ്മിലുള്ള ബന്ധം എല്ലായ്പോഴും വിവാദപരമായിരുന്നു. ഒരു ഹിന്ദുത്വ തീവ്രവാദി എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ തന്നെയാണതിനു കാരണം. 2002ലെ ഗുജറാത്ത് കലാപവേളയില്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോഡിക്ക് അതിന്റെ ഉത്തരവാദത്തില്‍ നിന്ന് ഒഴിയാനാവില്ല എന്ന നിലപാടാണ് പൊതുവില്‍ മുസ്ലിം മതനേതൃത്വത്തിനുള്ളത്. .
എന്നാലിന്ന് സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ ഭിന്നമായ രീതിയിലാണ് മോഡിയെ കാണുന്നത്. ഇസ്ലാമിന്റെ ദേവ്ബന്ദ്, അഹ്ല ഹാദിസ് വിഭാഗങ്ങളില്‍പ്പെട്ട കാര്‍ക്കശ്യവാദികള്‍ മോഡിയെ എതിര്‍ക്കുകയാണ്. എന്നാല്‍ മറുഭാഗത്ത് ബറേല്‍വി വിഭാഗക്കാര്‍ മോഡിയോടും ബിജെപിയോടും ആര്‍എസ്എസിനോടും കൂടിയാലോചനകള്‍ക്കുള്ള സന്നദ്ധത കുറേ വര്‍ഷങ്ങളായി  കാണിക്കുന്നുണ്ട്.
സമുദായത്തിലെ ചില അംഗങ്ങള്‍ ഭരണകക്ഷിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥിരീകരിക്കപ്പെട്ടു. മുസ്ലിം വോട്ടര്‍മാരില്‍ ചെറിയൊരു വിഭാഗം ബിജെപിക്കും സഖ്യകക്ഷികള്‍ക്കും അനുകൂലമായി വോട്ടുചെയ്തുവെന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള  സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റിസ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. ഇക്കുറി 8% മുസ്ലിങ്ങള്‍ ബിജെപി സഖ്യത്തിന് അനുകൂലമായി വോട്ടു ചെയ്തു. 2009ലെ ലോക് സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്കനുകൂലമായി വോട്ടു ചെയ്തവരുടെ ഇരട്ടിയോളമാണിത്. ഇത് പാര്‍പ്പിടം, സൗജന്യ ഗാസ് സിലിണ്ടറുകള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി മോഡി ഗവണ്മെന്റ് നടപ്പാക്കിയ ക്ഷേമ നടപടികളുടെ ഫലം കൂടിയാകാനാണ് സാധ്യത.
ആദ്യ മോഡി ഗവണ്മെന്റിന്റെ പ്രധാന നടപടികളിലൊന്നായിരുന്നു മുത്തലാഖിനെതിരെയുള്ള  ഓര്‍ഡിനന്‍സ്. രാജ്യസഭയില്‍ പ്രതിപക്ഷമാണ് അത് നിയമമാകുന്നത് തടഞ്ഞത്. ഈ ലോക് സഭയില്‍ മുത്തലാഖ്  ബില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മുസ്ലിം സമുദായത്തെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് കോടി വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതി മോഡി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, പ്രൊഫഷണല്‍, ടെക്നിക്കല്‍  കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇത് ബാധകമാണ്.
അടുത്ത 5 വര്‍ഷക്കാലം നീളുന്ന പദ്ധതിയില്‍ കണക്ക്, സയന്‍സ്, ഭൂമിശാസ്ത്രം തുടങ്ങിയ ആധുനിക വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മദ്രസകളില്‍ പ്രൊഫഷണല്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയുമുണ്ട്.
നല്‍കുന്ന സ്‌കോളര്‍ഷിപ്പില്‍ 50% മുസ്ലിം പെണ്‍കുട്ടികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. ഏതു സാമൂഹ്യ, സാമുദായിക പരിഷ്‌ക്കരണത്തിലും വനിതകള്‍ പ്രധാന പങ്കു വഹിക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്.
സ്‌കോളര്‍ഷിപ് പദ്ധതിയിലൂടെ വര്‍ഗീയതയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും രോഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് മോഡി ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് ന്യുനപക്ഷ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറയുന്നു. ന്യുനപക്ഷങ്ങളോടെയുള്ള ഗവണ്മെന്റിന്റെ സമീപനം മൂന്നു 'ഇ'കളെ -എഡ്യൂക്കേഷന്‍, എംപ്ലോയ്മെന്റ്, എംപവര്‍മെന്റ്- അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറയുന്നു.
മോഡി സ്വീകരിച്ച ഈ പ്രത്യേക നടപടികളൊന്നും സംഘപരിവാര്‍ നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ന്യുനപക്ഷ പ്രീണനമായിട്ടാണ് ആര്‍എസ്എസ് ഇതിനെ കാണുന്നത്. മുസ്ലിങ്ങള്‍ക്ക് സംവരണം ശുപാര്‍ശ ചെയ്ത സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുപിഎ ഗവണ്മെന്റ് രൂപീകരിച്ച ന്യുനപക്ഷ മന്ത്രാലയം തുടരുന്നതിനോടുതന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച സംഘടനകളാണിവ. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തെറ്റാണെന്നും മുസ്ലിങ്ങള്‍ ഇരകളാക്കപ്പെട്ടുവെന്ന പ്രതീതി അത് സൃഷ്ടിക്കുന്നുവെന്നുമാണ് സംഘ പരിവാറിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ നിലപാട്.
മുസ്ലിങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന സിദ്ധാന്തമാണ് ഭൂരിപക്ഷ സമുദായത്തിന്റെ ചിലവില്‍ മുസ്ലിം സമുദായത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനടയാക്കുന്നതെന്നും 1947ല്‍ രാജ്യത്തിന്റെ വിഭജനത്തിലേക്കു നയിച്ചതെന്നും അവര്‍ പറയുന്നു. സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിങ്ങളുടെ ഇസ്ലാമിക ഖിലാഫത് പ്രസ്ഥാനത്തെ കോണ്‍ഗ്രസ് പിന്തുണച്ച് മുസ്ലിങ്ങളെ പ്രീണിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യാ വിഭജനം നടക്കില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.
കൂടുതല്‍ ആധുനികമായ ഒരു കണ്ണാടിയിലൂടെ പ്രശ്നങ്ങള്‍ നോക്കിക്കാണുന്നതിനാണ് മോഡി ശ്രമിക്കുന്നത് എന്നാണ് ഇതിനു മറുപക്ഷം നല്‍കുന്ന മറുപടി. മുസ്ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ പശ്ചിമേഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളെയും പാകിസ്ഥാനെയും അപേക്ഷിച്ച് ഇവിടെ പ്രശ്നങ്ങള്‍ കുറവാണ്. എല്ലാ ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഫലമാണത്. മുസ്ലിം മതനേതൃത്വത്തെ മാറ്റി നിര്‍ത്തി സമുദായത്തില്‍ ആധുനിക ചിന്ത വളര്‍ത്തുകയെന്ന തന്ത്രമാണ് മോഡി സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നതും മദ്രസകളില്‍ പ്രൊഫഷണല്‍ അധ്യാപകരെ നിയമിക്കുന്നതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. തീവ്രവാദ പ്രത്യശാസ്ത്രങ്ങളില്‍ നിന്നും സമുദായത്തെ അകറ്റി നിര്‍ത്താന്‍ ഈ നപടികള്‍ ഉപകരിക്കും--അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കള്‍ ജിഹാദികളായ ചരിത്രം പറഞ്ഞുകൊണ്ടാണ് സംഘ പരിവാര്‍ ഇതിനെ നേരിടുന്നത്. എന്നാല്‍ അതിനോട് വിയോജിക്കുകയാണ് മോഡിയുടെ ഉപദേശകര്‍. ഇന്ത്യയില്‍ നിന്നും ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്ന മുസ്ലിങ്ങളുടെ എണ്ണം വളരെ കുറവായിരുന്നുവെന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ നിന്നും വ്യത്യസ്തമായി മുസ്ലിം നേതൃത്വത്തിലെ ചില വിഭാഗങ്ങളും കേന്ദ്രത്തിലെ മോഡി ഗവണ്‍മെന്റുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്.
ദാറുല്‍ -ഉലൂം നദ്വത്തല്‍  ഉലമയുടെ സല്‍മാന്‍ നദ്വിയെപ്പോലുള്ള യാഥാസ്ഥിതികരായ ഇസ്ലാമിക പണ്ഡിതര്‍ പോലും ബാബ്റി മസ്ജിദ്-റാം ജന്മഭൂമി പ്രശ്നത്തില്‍ രമ്യമായ പരിഹാരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ഈ പ്രശ്നത്തില്‍ സുപ്രീം കോടതി വിധിക്കായി കാക്കുകയാണ് മോഡി. പരമോന്നത കോടതിയുടെ വിധി ഗവണ്മെന്റ് എങ്ങനെ നടപ്പാക്കുന്നുവെന്നത് ന്യുനപക്ഷ സമുദായങ്ങളുമായുള്ള  ഗവണ്മെന്റിന്റെ ബന്ധങ്ങളുടെ ഒരു ഉരകല്ലായി മാറും.