പുതിയ പതിറ്റാണ്ട്


JANUARY 3, 2020, 3:07 PM IST

ലോകവും ഇന്ത്യയും നമ്മുടെ ഗ്രാമവും വീടും പുതിയ പതിറ്റാണ്ടിലേക്ക് കാലൂന്നിയിരിക്കുന്നു. അഥവാ, സംഭവ ബഹുലമായ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 10 കൊല്ലം നടന്നപ്പോള്‍ എല്ലാറ്റിനും പുതിയ രൂപഭാവങ്ങള്‍. അത് സ്വാഭാവികമാണ്. എന്നാല്‍ നാം മുന്നേറുകയാണോ, പിന്നോട്ടടിക്കുകയാണോ എന്നതാണ് പ്രധാനം. അത് വ്യക്തിയെ സംബന്ധിച്ച്, കുടുംബത്തെ സംബന്ധിച്ച്, രാജ്യത്തെ സംബന്ധിച്ച്, ലോകത്തെ സംബന്ധിച്ച് പ്രധാനമാണ്. അത്തരമൊരു വിലയിരുത്തലിനും നവീകരണ നിശ്ചയങ്ങള്‍ക്കുമുള്ള അവസരം കൂടിയാണ് പുതുവര്‍ഷ ദിനങ്ങള്‍. 

മാന്ദ്യമാണ് ലോകത്തെ ഭരിക്കുന്നത്. അതിന്റെ മരവിപ്പും അനിശ്ചിതത്വവും എവിടെയും നിറഞ്ഞു നില്‍ക്കുന്നു. രണ്ടക്ക വളര്‍ച്ചയിലേക്കുള്ള കുതിപ്പു സ്വപ്‌നം കണ്ട് ഒന്‍പതു ശതമാനത്തില്‍ വരെ ഒരുഘട്ടത്തില്‍ എത്തിയ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ നാലരയിലേക്ക് കുത്തനെ ഇടിഞ്ഞു നില്‍ക്കുന്നു. അതത്രയും നമ്മുടെ ചലനവേഗത്തെ ബാധിച്ചിരിക്കുന്നു. പുതിയ പതിറ്റാണ്ടില്‍ അതിനൊക്കെ എന്തു മാറ്റമുണ്ടാകുമെന്ന നിരാശ കലര്‍ന്ന ചോദ്യത്തിനു മുന്നിലാണ് ശരാശരി ഇന്ത്യക്കാരന്‍. അതോടൊപ്പം സാമൂഹികമായ മാറ്റങ്ങളും ആശങ്കകളുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പരമ്പരാഗത രീതികളില്‍ നിന്ന് വഴിമാറി നടക്കുകയാണ് ഇന്ത്യയെന്ന ബോധം പടരുന്നു. 

ഒന്‍പതു ശതമാനത്തില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാലര ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത് നോട്ടു നരോധനത്തിന്റെയും ജി.എസ്.ടി പൊല്ലാപ്പുകളുടെയും സാമൂഹികമായ അസമാധാനത്തിന്റെയും ദുരന്തം കൂടിയാണ്. നോട്ടു നിരോധനക്കാലത്തെ അവകാശവാദങ്ങള്‍ പോലെ തന്നെ, വളര്‍ച്ചയില്‍ ചൈനയോടാണ് മത്സരമെന്നും അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പാണ് നടത്തുന്നതെന്നുമുള്ള അവകാശവാദങ്ങളും ഇപ്പോഴില്ല. ഉപഭോഗം, നിക്ഷേപം എന്നിവയെല്ലാം ഇടിഞ്ഞ് പ്രവര്‍ത്തന ചെലവിന് റിസര്‍വ് ബാങ്കിന്റെ കരുതല്‍ നിക്ഷേപത്തിലും പൊതുമേഖലാ ആസ്തികളിലും സര്‍ക്കാര്‍ കൈയിടുന്ന അവസ്ഥ. ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്ന ചോദ്യം ബാക്കി. 

ഇതിനിടയില്‍ ഭീമമായ മുതല്‍മുടക്ക് നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നുണ്ട്. 102 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപ പദ്ധതിയാണ് ഒടുവിലത്തേത്. മാന്ദ്യത്തിനിടയില്‍ അത്തരം പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തിയും സംശയത്തിലായിരിക്കുന്നു. ആഗസ്റ്റ് പകുതിക്ക് ശേഷം പല പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ആദ്യത്തേത് വാഹന വിപണിക്ക് ഉണര്‍വ് പകരാന്‍ ഉദ്ദേശിച്ചായിരുന്നു. വ്യവസായികളുടെ നികുതി സര്‍ചാര്‍ജ് പിന്‍വലിച്ച് വ്യവസായ നിേക്ഷപാനുകൂല അന്തരീക്ഷത്തിനായി വദേശ വ്യവസായികളുടെ നികുതി സര്‍ചാര്‍ജ് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. 10 ബാങ്കുകളെ ലയിപ്പിച്ച് 50,000 കോടി മൂലധന ശേഷി ഉയര്‍ത്താന്‍ നല്‍കുന്ന പാക്കേജായിരുന്നു മറ്റൊന്ന്. കയറ്റുമതി പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപനങ്ങള്‍ താഴെത്തട്ടില്‍ ഫലവത്താവുന്നില്ല. 

സാമ്പത്തിക മാന്ദ്യത്തിന്റെ കെണിയില്‍ പെട്ടു കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉണര്‍ത്താന്‍ 25,000 കോടി രൂപയൂടെ സഹായ പദ്ധതിക്ക് നവംബര്‍ ഏഴിനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 25,000 കോടിയുടെ പദ്ധതിയില്‍ 10,000 കോടി സര്‍ക്കാറും ബാക്കി എല്‍. ഐ. സി പോലുള്ള സ്ഥാപനങ്ങളും നല്‍കുമെന്നും, പണഞെരുക്കം മൂലം സ്തംഭിച്ചു പോയ പാര്‍പ്പിട നിര്‍മാണ പദ്ധതികള്‍ പുനരാരംഭിക്കാന്‍ അതു സഹായിക്കുമെന്നുമായിരുന്നു ധനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ആ പ്രഖ്യാപനം ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. പ്രമുഖ നഗരങ്ങളിലായി അഞ്ചു ലക്ഷം ഫഌറ്റുകള്‍ വില്‍ക്കാനാവാതെ കിടക്കുന്നുവെന്നാണ് ആറു മാസം മുമ്പത്തെ കണക്ക്. ആ സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടുമില്ല. മാന്ദ്യം മൂലം മുതല്‍മുടക്കിന് നിക്ഷേപകനും നിര്‍മാതാവും മടിക്കുകയാണ്. 

പുതിയ പ്രഖ്യാപന പ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം 39 ശതമാനം മുടക്കുമ്പോള്‍ അത്രയും തന്നെ സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമാണ് മുടക്കേണ്ടത്. കേന്ദ്രത്തേക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മിക്ക സംസ്ഥാനങ്ങളും അനുഭവിക്കുന്നത്. സംസ്ഥാന കേന്ദ്രീകൃതമായ പദ്ധതികള്‍ സ്വയം ആവിഷ്‌ക്കരിച്ചു നടപ്പാക്കേണ്ട ഘട്ടത്തില്‍ കേന്ദ്രത്തിന്റെ പദ്ധതി എത്രത്തോളം സ്വീകാര്യമാവുമെന്ന് കണ്ടറിയേണ്ട കാര്യം. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിച്ച് സ്വകാര്യ മേഖലക്കു മുന്നില്‍ പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഈ കടമ്പകളെല്ലാം പിന്നിട്ടാണ് 102 ലക്ഷം കോടിയുടെ മുതല്‍മുടക്കുള്ള പദ്ധതികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടത്. നിരാശകള്‍ക്കിടയിലും പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക തന്നെ.