നിപ്പയെ കേരളം ചെറുത്തതെങ്ങനെ 


JUNE 28, 2019, 1:14 PM IST

ജൂണ്‍ ഒന്നിന് (ശനിയാഴ്ച) അര്‍ദ്ധ രാത്രിയോട് അടുക്കുന്ന സമയത്ത് ഡോക്ടര്‍ ശ്രീദേവിയുടെ ഫോണ്‍ ബെല്‍ മുഴങ്ങിയപ്പോള്‍ത്തന്നെ അവര്‍ക്കു മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്. എറണാകുളം ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. കുട്ടപ്പനായിരുന്നു വിളിച്ചത്. എന്തെങ്കിലും അടിയന്തിര സാഹചര്യമില്ലാതെ അദ്ദേഹം വിളിക്കാറില്ല. അതും ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍.
സാംക്രമിക രോഗങ്ങള്‍ നിരീക്ഷിക്കുന്നതിന് ചുമതലയുള്ള ഗവണ്മെന്റ് സംവിധാനത്തിന്റെ എറണാകുളം ജില്ലയിലെ ചുമതലക്കാരിയാണ് ശ്രീദേവി. മാരകമായ നിപ്പ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്ന ഒരു രോഗിയുടെ കാര്യമറിയിക്കാനാണ് കുട്ടപ്പന്‍ വിളിച്ചത്. കുട്ടപ്പന്‍ മറ്റു രണ്ടുപേരെക്കൂടി അടിയന്തിരമായി ഫോണില്‍ വിളിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡയെയും. മെയ് 31 നു ചുമതലയേറ്റ ഉദ്യോഗസ്ഥനായിരുന്നു ഖോബ്രഗഡെ.


തുടര്‍ന്നുള്ള ഏതാനും ആഴ്ചകള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ വകുപ്പിന്റെ പ്രശംസനീയമായ പ്രവര്‍ത്തനത്തിന്റെ ഒരു സാക്ഷ്യപത്രമായിരുന്നു. ഇന്ത്യയില്‍ത്തന്നെ അപൂര്‍വമെന്നു പറയാം. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച 18 രോഗികളില്‍ 17 പേരും മരിക്കുകയാണുണ്ടായത്. ആ സാഹചര്യത്തിലാണ് വളരെ ജാഗ്രതയോടെ അവര്‍ പ്രവര്‍ത്തിച്ചത്.


ഏതാനും ആഴ്ചകള്‍ക്കു ശേഷം അതിനു നേര്‍വിപരീതമായ കാഴ്ചയാണ് ബിഹാറിലെ മുസാഫര്‍പുരില്‍ കണ്ടത്. അവിടെ മസ്തിഷ്‌ക്കവീക്കം (എന്‍സഫലൈറ്റിസ്) ബാധിച്ച 150ല്‍പ്പരം കുട്ടികളാണ് മരിച്ചത്. ഒരു മരണംപോലും രേഖപ്പെടുത്താതെ നിപ്പക്കെതിരെ പോരാടാന്‍ കേരളത്തിന് കഴിഞ്ഞപ്പോള്‍ പൊതുജനാരോഗ്യ രംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബിഹാറിനും കഴിയേണ്ടതായിരുന്നു. രോഗം വ്യത്യസ്തമായിരിക്കാം. ബിഹാറിനെപ്പോലെതന്നെ ഇന്ത്യയില്‍ പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനമാണ് കേരളം.
എല്ലാവര്‍ഷവും സംഭവിക്കാറുള്ള മസ്തിഷ്‌ക്കവീക്ക രോഗത്തില്‍ നിന്നും വ്യത്യസ്തമായി ആധുനിക കാലഘട്ടത്തിലെ പ്ലേഗ് ആണ് നിപ്പ. തലച്ചോറിനെ ആക്രമിക്കുന്ന നിപ്പ വൈറസുകള്‍ ലോകത്ത് അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു. 1998ല്‍ മലേഷ്യന്‍ ഗ്രാമമായ സുങ്കയ് നിപ്പ എന്ന ഗ്രാമത്തിലാണ് അതിന്റെ ആക്രമണം ആദ്യമുണ്ടായത്. നിപ്പ എന്ന പേരുതന്നെ വൈറസുകള്‍ക്കു ലഭിച്ചത് ആ ഗ്രാമവുമായി ബന്ധപ്പെടുത്തിയാണ്. നൂറിലധികം പേരാണ് അവിടെ മരിച്ചത്.
മസ്തിഷ്‌ക്കവീക്ക രോഗം നിസ്സാരമായ ചികിത്സയിലൂടെ ഭേദമാക്കാം. രോഗിക്ക് ഗ്ളൂക്കോസും രാത്രിയില്‍ ഭക്ഷണവും നല്‍കിയാല്‍ മതിയാകും. നിപ്പാക്കാകട്ടെ അത് തടയാനുള്ള വാക്സിനുകളോ ഭേദമാക്കുന്നതിനുള്ള ചികിത്സകളോ വികസിച്ചിട്ടില്ല. രോഗിയുടെ സ്വന്തം പ്രതിരോധ ശേഷിയും വൈറസുകളുടെ വ്യാപനം തടയുന്നതും മാത്രമാണ് പരിഹാരം.


2018ല്‍ പഴങ്ങളില്‍ നിന്നുമാണ് നിപ്പ പടര്‍ന്നത്. നിപ്പ വൈറസുകള്‍ ബാധിച്ചിരുന്ന വവ്വാലുകളായിരുന്നു പഴങ്ങളിലേക്ക് വൈറസ് പടര്‍ത്തിയത്. വളരെ വേഗം രോഗം പടര്‍ന്നു പിടിച്ചു. മരണ നിരക്ക് 70 ശതമാനത്തിനു മുകളിലായിരുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകളായ മലപ്പുറത്തും കോഴിക്കോടുമാണ് നിപ്പ ബാധയുണ്ടായത്. അവിടെ നിന്നുമുള്ളവര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിനു വിലക്കുണ്ടായി. പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നത് തടഞ്ഞു. ടൂറിസത്തെയും മറ്റു പല ബിസിനസുകളെയും ബാധിച്ചു. കുറേക്കാലത്തേക്കെങ്കിലും പ്രാദേശിക സമ്പദ്ഘടന തകര്‍ന്ന അവസ്ഥയിലായി.


നിപ്പയുടെ രണ്ടാം വരവില്‍ അത് വന്‍ നഗരങ്ങളിലേക്കുമെത്തി. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകള്‍ നിരീക്ഷണ വിധേയമായി. ആശുപത്രികളില്‍ അവശ്യം വേണ്ട ശുചിത്വം പോലും അവഗണിക്കപ്പെടുന്ന ഒരു രാജ്യത്താണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം നിപ്പക്കെതിരെ പോരാടിയത്. നിപ്പക്കെതിരെയുള്ള ആഗോളപോരാട്ടത്തിന്റെ ഒരു നേതൃത്വം ഏറെറടുക്കാനുള്ള അവസരം കേരളത്തിന് ലഭിച്ചു.


നിപ്പക്കെതിരായ പോരാട്ടത്തില്‍ മന്ത്രി ശൈലജ ടീച്ചര്‍ ഒരാളുടെ സഹകരണം തേടി. വിരമിച്ച മുന്‍ ഹെല്‍ത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആയിരുന്നു അത്. കഴിഞ്ഞ വര്‍ഷം പ്രശ്നപരിഹാരത്തിന് പ്രവര്‍ത്തിച്ച നിര്‍ണ്ണായക ശക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. സംസ്ഥാനത്ത് വീണ്ടുമൊരു നിപ്പ ബാധയുണ്ടാകുമെന്നു 6 മാസങ്ങള്‍ക്കു മുമ്പുതന്നെ അദ്ദേഹം പ്രവചിക്കുകയും ചെയ്തിരുന്നു. അത്രയും ദീര്‍ഘവീക്ഷണമുള്ള ആളാണദ്ദേഹം. ലോകത്തൊട്ടാകെ നിപ്പ ബാധിച്ച സ്ഥലങ്ങളില്‍ അത് വീണ്ടുമുണ്ടായിട്ടുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനം. ഡിസംബറിനും ജൂണിനും മദ്ധ്യേ വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചു 2018 നവംബറില്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു.


നിപ്പായെ നേരിടാനുള്ള എല്ലാ സംവിധാനവും സംസ്ഥാനത്ത് ഒരുക്കിയിരുന്നുവെന്നത് ആരോഗ്യ വകുപ്പിന്റെ ഉന്നതങ്ങളിലെ ചിലര്‍ക്കൊഴികെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. മസ്തിഷ്‌ക്കത്തെ ബാധിക്കുന്ന രോഗവുമായി ആശുപത്രിയില്‍ പുതുതായി എത്തുന്ന ഓരോ രോഗിയെയും പരിശോധനക്ക് വിധേയമാക്കുന്ന സംവിധാനമാണത്. നിപ്പ ബാധിതനായ ആദ്യ രോഗിയെ അതിലൂടെ വേഗം കണ്ടെത്താന്‍ കഴിയും. ആദ്യ രോഗിയെ 'പേഷ്യന്റ് സീറോ' എന്നാണ് മെഡിക്കല്‍ ലോകം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യ രോഗിയെ കണ്ടെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അതിനിടയില്‍ അയാളില്‍ നിന്നും രോഗം മറ്റ് ചിലരിലേക്കു പടര്‍ന്നിരുന്നു.


കഴിഞ്ഞ വര്‍ഷം കേരളത്തിലെ വവ്വാലുകളില്‍ 22% നിപ്പ വൈറസ് ബാധിച്ചവയാണെന്നു കണ്ടെത്തിയിരുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു അത് വേഗമാണ് പടരുന്നത്. എന്നാല്‍ വവ്വാലുകള്‍ ചാകുന്നില്ല. ആ വൈറസുകളുടെ വാഹകരായി അവ നിലകൊള്ളുന്നു.
പൊതു ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടവര്‍ ന്യുമോണിയ രോഗ ലക്ഷണങ്ങളോടെ വരുമ്പോള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നു സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഉന്നതരായ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിപ്പയുടെ ലക്ഷണങ്ങളും അതുതന്നെയാണ്. നിപ്പയോ എബോളയോയെന്നു സംശയിക്കുന്ന രോഗികളുടെ രക്തസാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയക്കാനും നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ ഫലമെന്നോണം കഴിഞ്ഞവര്‍ഷം മസ്തിഷ്‌ക്ക രോഗം ബാധിച്ചു മരിച്ച മിക്കവരുടെയും സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു.


ഈ പ്രക്രിയയില്‍ മറ്റു ചില അപൂര്‍വ രോഗങ്ങളുടെ വൈറസുകളെയും കണ്ടെത്തി. മലപ്പുറം ജില്ലയിലെ ഒരാളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചതായി കണ്ടെത്തി. ലോകത്തെവിടെയും ഒന്‍പത് രോഗാണുക്കളെ ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. എക്സ് എന്ന് വിളിക്കുന്ന രോഗം പരത്തുന്ന പത്താമതൊരെണ്ണം കൂടിയുണ്ട്. അതിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
എറണാകുളത്തെ ഒരാശുപത്രിയില്‍ ഈ വര്‍ഷം ജൂണില്‍ ആദ്യത്തെ നിപ്പ രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ത്തന്നെ ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമായിക്കഴിഞ്ഞിരുന്നു.


ഇടുക്കിയിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു എറണാകുളം ജില്ലയില്‍പ്പെട്ട 23കാരനായ രോഗി. മാമ്പഴം ഇഷ്ടപെടുന്ന ആളായിരുന്നുവെന്നും അവ ധാരാളം ഭക്ഷിക്കുമായിരുന്നുവെന്നും വീടിനു ചുറ്റിനും വവ്വാലുകള്‍ ധാരാളമുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. തൃശ്ശൂരില്‍ ഒരു പരിശീലന ക്യാമ്പില്‍ പങ്കെടുത്തു മടങ്ങിയെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ മൂന്നു ജില്ലകളിലെയും രോഗിയുമായി അടുത്തിടപഴകിയ എല്ലാവരെയും നിരീക്ഷണ വിധേയരാക്കി. കഴിഞ്ഞവര്‍ഷം ആദ്യത്തെ നിപ്പാ രോഗിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനാല്‍ നിയന്ത്രണമില്ലാതെ ചുമക്കുമായിരുന്നു. കഫത്തില്‍കൂടിയാണ് രോഗം പടര്‍ന്നത്. ഇക്കുറി രോഗിക്ക് ചുമയില്ലാതിരുന്നതിനാല്‍ രോഗം പടരുന്നതിനുള്ള സാധ്യത കുറവായിരുന്നു. എങ്കിലും എല്ലാ ജാഗ്രതയും പാലിച്ചു.


രോഗിയുമായി തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിന് ശ്രീദേവിയുടെ നേതൃത്വത്തില്‍ 30 പേരുടെ ഒരു സംഘം പ്രവര്‍ത്തിച്ചു. 'അന്‍പൊടു കൊച്ചി' എന്നൊരു സന്നദ്ധ സംഘടനയിലെ യുവാക്കളും സഹകരിച്ചു. 300 പേരുടെ ഒരു പട്ടിക തയ്യാറാക്കുകയും അവര്‍ ഓരോരുത്തരെയും ദിവസം മൂന്നു തവണ ബന്ധപ്പെടുകയും രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നാരായുകയും ചെയ്തു. വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയാന്‍ അവരോടു ആവശ്യപ്പെട്ടു.
ഇതിനിടയില്‍ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം മുഴുവനായിത്തന്നെ അതിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയുണ്ടായി.


കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവുമുണ്ടായ പ്രതിസന്ധിയുടെ നാളുകളില്‍ ഡോക്ടര്‍മാര്‍ നടത്തിയ സേവനം അഭിമാനത്തോടെയാണ് ഒരുക്കുന്നതെന്ന് മന്ത്രി ശൈലജ പറയുന്നു. കേരളത്തിന് ഇപ്പോഴില്ലാത്തത് പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളാണ്. പൂനെയിലെ എന്‍ ഐ വി ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് ഒരു സാമ്പിള്‍ അയച്ചാല്‍ അതിന്റെ ഫലമറിയുന്നതിനു 24 മുതല്‍ 36 മണിക്കൂറുകള്‍വരെ വേണ്ടിവരുന്നു. കേരളത്തില്‍ത്തന്നെ അതിനുള്ള സൗകര്യമുണ്ടെങ്കില്‍ 3-4 മണിക്കൂറുകള്‍ക്കുള്ളില്‍ ഫലമറിയാന്‍ കഴിയും. ഫലമറിയാന്‍ വൈകുന്നത് വളരെ ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്നു. സംസ്ഥാനത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്‌റിറ്യൂട്ട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.


രോഗിയായ വിദ്യാര്‍ത്ഥി ആരോഗ്യ നില മെച്ചപ്പെട്ടതോടെ ഐസൊലേഷന്‍ വാര്‍ഡിനു പുറത്തേക്കു വന്നു. ആഴ്ചകളായി നിരീക്ഷണത്തിലായിരുന്ന രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരും അയാളെ പരിചരിച്ച രണ്ടു നഴ്സുമാരും അതില്‍ നിന്നും മുക്തരായി. എങ്കിലും ഒരു പ്രധാന ചോദ്യം അവശേഷിക്കുകയാണ്. എന്തുകൊണ്ട് ചുരുങ്ങിയ ഒരു സമയത്തിനുള്ളില്‍ കേരളത്തില്‍ വീണ്ടും നിപ്പ പ്രത്യക്ഷപ്പെട്ടു?


തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിപ്പയുടെ പ്രഭവ കേന്ദ്രം ബംഗ്ലാദേശാണ്. അവിടെനിന്നും പറക്കുന്ന വവ്വാലുകള്‍ പശ്ചിമ ബംഗാളിലും വൈറസുകള്‍ പരത്തിയേക്കാം.വവ്വാലുകള്‍ 50 കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രമേ പറക്കുകയുള്ളു. പശ്ചിമ ബംഗാളും കേരളവും തമ്മില്‍ 2000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട്. ഇതിനിടയിലുള്ള മറ്റു സംസ്ഥാനങ്ങളിലൊന്നും നിപ്പ ബാധിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ നിപ്പയുടെ ഉറവിടം മറ്റെവിടെയെങ്കിലുമാകുമോ? മറ്റു സംസ്ഥാനങ്ങളില്‍ ഈ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതാണോ? നിപ്പ വീണ്ടും വരുന്നതുവരെ ഈ സാധ്യതകളെല്ലാം അവശേഷിക്കും.