അനാഥാലയത്തില്‍നിന്നും  കലക്ടറുടെ കസേരയിലേക്ക്


JULY 17, 2019, 3:45 PM IST

ബി. അബ്ദുല്‍ നാസര്‍ 17 വയസ്സുവരെ വളര്‍ന്നത് ഒരു അനാഥാലയത്തിലായിരുന്നു. അവിടെ താമസിച്ച 12 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു തവണ അവിടെനിന്നും ഓടിപ്പോയി. അമ്മയുടെ സങ്കടമകറ്റാന്‍ മാത്രം തിരിച്ചു ചെന്നു.

32 വര്‍ഷങ്ങള്‍ക്കിപ്പുറം നാസര്‍ കൊല്ലം ജില്ലയിലെ അനാഥാലയങ്ങളുടെ നാഥനാണ്: ജില്ലാ കളക്ടര്‍ എന്ന നിലയില്‍.

തലശ്ശേരിയിലെ അനാഥാലയത്തില്‍ നിന്നും ഒരു ഐഎഎസ് ഓഫിസറായുള്ള നാസറിന്റെ വളര്‍ച്ചയുടെ മനംകവരുന്ന കഥ ജീവിതത്തില്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും പ്രചോദനമേകും. പിതാവ് മരിക്കുമ്പോള്‍ നാസറിന് 6 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മക്ക് 6 മക്കളെയാണ് പോറ്റേണ്ടിയിരുന്നത്.

മെഹുമ്മ നിരക്ഷരയാണെങ്കിലും മക്കളെല്ലാം നല്ല വിദ്യാഭ്യസം നേടണമെന്ന് ആഗ്രഹിച്ചു. കുടുംബം പോറ്റാനായി തലശ്ശേരിയില്‍ കിട്ടുന്ന ജോലികളെലാം ആ അമ്മ ചെയ്തു. ജോലി ചെയ്യുന്നതിനൊപ്പം 6 മക്കളെക്കൂടി വളര്‍ത്തുകയെന്നത് ഒരു സാഹസം തന്നെയായിരുന്നു. ചില ബന്ധുക്കളുടെ ഉപദേശപ്രകാരമാണ് ഇളയ മകനായ അബ്ദുല്‍ നാസറിനെ അടുത്തുള്ള ഒരു അനാഥാലയത്തിലാക്കിയത്.

തനിക്ക് 5 വയസ്സുള്ളപ്പോഴാണ് അനാഥാലയത്തിലെത്തിയതെന്നു അബ്ദുല്‍ നാസര്‍ ഓര്‍ക്കുന്നു. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ എന്തെന്ന് മനസ്സിലാക്കിയിരുന്നില്ല. മൂത്ത സഹോദരനും നാല് സഹോദരിമാരും അമ്മക്കൊപ്പം കഴിഞ്ഞ് കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. സഹോദരിമാര്‍ അമ്മക്കൊപ്പം ബീഡി തൊഴിലാളികളായി. സഹോദരന്‍ കൂലിപ്പണിക്ക് പോയി. താന്‍ മാത്രം പഠനത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു കുടുംബം തീരുമാനിച്ചതെന്ന് നാസര്‍  പറയുന്നു.ഈയൊരു ഒറ്റപ്പെടല്‍ മനസ്സിലാക്കാന്‍ ഒരു കുട്ടിയായിരുന്ന നാസറിനായില്ല. വല്ലാത്തൊരു ചിന്താക്കുഴപ്പം. എങ്കിലും പുതിയ ചുറ്റുപാടുകളുമായി ഒത്തിണങ്ങാന്‍ ശ്രമിച്ചു. അങ്ങനെ പഠിക്കാന്‍ തുടങ്ങി. അനാഥാലയത്തിനുള്ളില്‍ത്തന്നെ പ്രൈമറി ക്ലാസ്സുകളും ഹൈസ്‌കൂള്‍ ക്ളാസ്സുകളും ഉണ്ടായിരുന്നു. മകന്‍ വിദ്യാഭ്യാസം നേടുന്നത് കണ്ട മെഹുമ്മയുടെ മനസ്സ് സന്തോഷിച്ചു.അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ഐഎഎസ് ഓഫിസര്‍ ആ അനാഥാലയം സന്ദര്‍ശിച്ചു. മുമ്പ് മറ്റാരും നല്‍കാത്ത ഒരു പ്രചോദനം ആ ഐഎഎസ് ഓഫിസറില്‍നിന്നും നാസറിന് ലഭിച്ചു. അതുവരെയും നാസര്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും സമര്‍ത്ഥനായ ആള്‍. അചഞ്ചലമായ ആത്മ വിശ്വാസത്തോടെയാണദ്ദേഹം നടന്നത്.

അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചെറിയൊരു ചലനം പോലും ഓരോ നിര്‍ദ്ദേശമായിരുന്നു. അദ്ദേഹം എന്താണ് ആവശ്യപ്പെടുന്നതെന്നു ചുറ്റിനുമുള്ളവര്‍ അതില്‍ നിന്നും മനസ്സിലാക്കി. പത്ത് വയസ്സുകാരനായ ഒരു ബാലന് ചിന്തിക്കാന്‍പോലും കഴിയാത്തത്ര പ്രഭാവമുള്ളയാള്‍. ഒരു ഐഎഎസുകാരനാകണമെന്ന് നാസര്‍  അന്ന് തീരുമാനിച്ചതാണ്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പണം സ്വരൂപിക്കാനുള്ള വിഷമതകളില്‍ നാസറിന്റെ സ്വപ്‌നങ്ങള്‍ പലപ്പോഴും ഇടറിപ്പോയി. അനാഥാലയത്തില്‍നിന്നും  പുറത്തുകടന്ന് 30-40 കിലോമീറ്ററുകള്‍ അകലെയുള്ള കണ്ണൂരിലേക്കു പോകുമായിരുന്നു. നാസറിനെപ്പോലുള്ള ഒരു കുട്ടിക്ക് അവിടെ ലഭിക്കാവുന്ന ജോലി ഹോട്ടലിലോ റെസ്റ്ററന്റിലോ മാത്രമാണ്. ഒന്നോ രണ്ടോ  ദിവസങ്ങള്‍ കഴിയുമ്പോള്‍ ഹോട്ടലുടമ അകാരണമായി ശകാരിക്കും, അപ്പോള്‍ അതുവരെയുള്ള കൂലിയും വാങ്ങി അനാഥാലയത്തിലേക്ക് തിരിച്ചുപോകും.

അക്കാലത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള മോഹമൊന്നും നാസറിനിലായിരുന്നു. എന്നാല്‍ കുടുംബം അതിനായി ശഠിച്ചു. അവര്‍ തന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നു നാസര്‍ മനസ്സിലാക്കി. അവര്‍ പറയുന്നത് അനുസരിച്ചു. 1995ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലി ലഭിച്ചു. അതേവര്‍ഷം റുക്സാനയെ വിവാഹം കഴിച്ചു. സിവില്‍ സര്‍വീസിന് പഠിക്കാന്‍ വീണ്ടും ഒരുങ്ങിയത് ഭാര്യയുടെ നിര്‍ബന്ധത്താലാണ്.

തന്റെ വിദ്യാഭ്യാസത്തെ സ്വാധീനിച്ച രണ്ടു പേര്‍ അമ്മയും ഭാര്യയുമാണെന്നു നാസര്‍ പറയും. ഒരു കലക്ടര്‍ ആകണമെന്ന് ഭാര്യ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. അതേ വര്‍ഷം ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ലക്ഷക്കണക്കിനായിരുന്നു അപേക്ഷകര്‍. എങ്കിലും പഠിച്ചു. തെരെഞ്ഞെടുക്കപ്പെടുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നുവെന്നു 49കാരനായ നാസര്‍ ഓര്‍ക്കുന്നു.

ജൂനിയര്‍ തസ്തികയില്‍ പരിശീലനം, പ്രൊബേഷന്‍, നിയമനം എന്നിവയെല്ലാംകൂടി 10 വര്‍ഷം സമയമെടുത്തു. 2006ല്‍ ഡെപ്യൂട്ടി കലക്ടറായി നിയമനം ലഭിച്ചു.  10  വര്‍ഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ 2017ല്‍ ചട്ടപ്രകാരം ഐഎഎസ് കേഡര്‍ ലഭിച്ചു. തന്റെ മക്കള്‍ പഠിച്ച് ഉന്നത പദവികളിലെത്തണമെന്നു മോഹിച്ച മെഹുമ്മയുടെ അദ്ധ്വാനത്തിന്റെ ഒരു സാക്ഷാത്ക്കാരം കൂടിയായിരുന്നു ആ പദവി. എന്നാല്‍ അത് കാണാന്‍ ആ ഉമ്മയുണ്ടായില്ല. അവര്‍ 2014 ല്‍ മരിച്ചു.തന്റെ സ്നേഹമയിയായ അമ്മയുടെ പ്രയത്നവും നിശ്ചയ ദാര്‍ഢ്യവുമാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്ന് നാസര്‍ പറയുന്നു. തന്റെ പദവിയില്‍ കുടുംബം അഭിമാനിക്കുന്നു. അവരുടെ പ്രോത്സാഹനം ഇല്ലായിരുന്നുവെങ്കില്‍ താനൊരു ഐഎഎസ് ഓഫിസര്‍ ആകില്ലായിരുന്നുവെന്നും നാസര്‍ പറയുന്നു. കൊല്ലം ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ അനാഥാലയത്തില്‍ വളര്‍ന്ന തന്റെ മകന്‍ വലിയൊരു ചുമതല ഏറ്റെടുക്കുന്നത് കാണാന്‍ ഉമ്മയിരുന്നുവെങ്കിലെന്നു  ആശിച്ചുപോകുകയാണ് നാസര്‍.