ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞു; ഉപേന്ദ്രനാഥ പൈയെ ആദരിക്കാന്‍ ഒരു വകുപ്പുമില്ല..


JULY 21, 2019, 6:21 PM IST

പി.എസ് വിനായകന്‍

ര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാരിന് അയച്ച അപേക്ഷയ്ക്കുള്ള മറുപടി ഒടുവില്‍ ഉപേന്ദ്രനാഥ പൈക്ക് തപാലില്‍ കിട്ടി. അതിലെ ചെറുകുറിപ്പ്  ഏതാണ്ടിപ്രകാരമാണ്..' താങ്കളുടെ
  അപേക്ഷ പരിഗണിക്കാന്‍ നിര്‍വാഹമില്ല..

താങ്കള്‍ നടത്തിയ സേവനങ്ങളുടെ കണക്കെടുക്കാനും താങ്കളെ പോലെ സ്വകാര്യമേഖലയില്‍ പണിയെടുത്തവരെ ആദരിക്കാനും നിലവില്‍ സര്‍ക്കാരിന് ഒരു വകുപ്പുമില്ല.


 'മൂന്നര പതിറ്റാണ്ടോളം കൊച്ചിയിലെ സ്വകാര്യ ബസ് സര്‍വീസ് മേഖലയില്‍ മാതൃകാസേവനം കാഴ്ചവെച്ച ഉപേന്ദ്രനാഥ പൈയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയാണിത്.

സ്വയം തോന്നിയിട്ടല്ല  അവാര്‍ഡിന് അപേക്ഷ അയച്ചത്.  സേവനങ്ങള്‍ കണ്ടും കേട്ടും വിലയിരുത്തിയും അംഗീകരിച്ച നൂറുകണക്കിനു പേരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അത്തരമൊരപേക്ഷയുമായിഉപേന്ദ്ര നാഥ പൈ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിന്റെ പടികള്‍ കയറിയിറങ്ങിയത്.

 അപേക്ഷ സ്വീകരിച്ച സര്‍ക്കാര്‍ അതിനായി ഒരു ഫയലും തുറന്നു..

സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പഴമൊഴി പ്രകാരം  അപേക്ഷ പല പല സെക്ഷനുകള്‍ കറങ്ങിക്കറങ്ങി ഒടുവില്‍ മറുപടി വന്നു..

'അപേക്ഷ പരിഗണിക്കാന്‍ വകുപ്പില്ലെന്ന്..'

തിരുപ്പതി ഭഗവാനുമുന്നില്‍ പ്രാര്‍ഥിക്കുന്നതുപോലെ സ്വയം സമര്‍പ്പിച്ചാണ് ഉപേന്ദ്രനാഥപൈ എന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ ഏത് ജോലിയും ചെയ്തിരുന്നത്.

ജൈവകര്‍ഷകന്‍, പത്രവിതരണക്കാരന്‍, കണക്കെഴുത്തുകാരന്‍, സെയില്‍സ് മാന്‍ എന്നിങ്ങനെ താന്‍ചെയ്ത ജോലികളിലെല്ലാം സ്വയം സമര്‍പ്പണമാണ് മുഖമുദ്ര. ഒരു പതിറ്റാണ്ടു മുമ്പ് കൊച്ചിയിലെ സ്വകാര്യ ബസ്ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ നിരന്തരം സംഘര്‍ഷമായിരുന്നു. വാക്കേറ്റം, കൈയ്യേറ്റം, മിന്നല്‍പണിമുടക്ക് എന്നിവ നിത്യസംഭവം. അന്ന് തിരക്കേറിയ ഒരു റൂട്ടിലെ ബസ് കണ്ടക്ടറായിരുന്നു അരൂര്‍ കിഴക്കേമഠത്തില്‍ ഉപേന്ദ്രനാഥപൈ. 

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി കൊടുമ്പിരിക്കൊള്ളുന്ന നേരമാണ്. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അന്നത്തെ ജില്ലാകളക്ടര്‍ ഷേക്ക് പരീത് വേഷംമാറി സ്വകാര്യബസ് യാത്രനടത്താന്‍ തീരുമാനിച്ചു. മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് തത്സമയം ശിക്ഷകൊടുക്കാനുള്ള സന്നാഹങ്ങളോടെയാണ് കളക്ടര്‍ യാത്രക്കാരനാകുന്നത്. അദ്ദേഹം വന്നുകയറിയത് ഉപേന്ദ്രനാഥപൈ കണ്ടക്ടറായി ജോലിചെയ്യുന്ന ബസിലാണ്. നിറയെ യാത്രക്കാരുണ്ട്. രാവിലെയുള്ള സമയത്ത് വിദ്യാര്‍ഥികളുടെ ഒരു വന്‍പടതന്നെയുണ്ട് ബസ്സില്‍. തന്നെക്കാള്‍ വലിയ ബാഗുമായി ഇവരെല്ലാം ആകെബഹളം. ചില്ലറത്തുട്ടുകളുമായി ടിക്കറ്റിന് ആര്‍പ്പുവിളിയാണ്. ഉപേന്ദ്രനാഥപൈ എന്ന കണ്ടെക്ടര്‍ പുഞ്ചിരിയോടെ വിദ്യാര്‍ഥികള്‍ക്കെല്ലാം ടിക്കറ്റുനല്‍കുന്ന തിരക്കിലാണ്. മുതിര്‍ന്നവര്‍ നോട്ടുകള്‍ നീട്ടിപ്പിടിച്ച് ഫുള്‍ടിക്കറ്റിനായി നില്‍പ്പുണ്ട്. പക്ഷെ വിദ്യാര്‍ഥികളെ ശാന്തരാക്കുകയാണ് കണ്ടെക്ടര്‍. ഫുള്‍ടിക്കറ്റുകാര്‍ ഇതിനിടെ ഫുള്ളായി കലമ്പല്‍കൂട്ടുന്നുണ്ട്. ഇടയ്ക്കൊരാള്‍ പറഞ്ഞു

'എടോ, പിച്ചക്കാശ് പിന്നെവാങ്ങാം. ഞങ്ങള്‍ക്കു ടിക്കറ്റു താ.... '

ഉപേന്ദ്രനാഥപൈ ഉടന്‍പറഞ്ഞു '

അയ്യോ ! അങ്ങനെ പറയല്ലേ....  ഈ കുഞ്ഞുങ്ങളുടേത് പിച്ചക്കാശല്ല. നാളെ ഇവര്‍ ആരാകുമെന്ന് ആര്‍ക്കറിയാം ' ബസ്സില്‍ അപ്പോള്‍ ഒരു നിശബ്ദത പരന്നു. ആരോ ഫോട്ടോഎടുക്കുന്നുണ്ട്. ശ്രദ്ധിക്കാന്‍ ആര്‍ക്കു നേരം.

കണ്ടെക്ടര്‍ ജോലി തുടരുകയാണ്. അപ്പോളുണ്ട് ഒരു ഷേക്ഹാന്‍ഡ് ! കളക്ടര്‍ ഷേക്പരീത് വകയാണ്. കളക്ടറാണെന്നറിയാതെ നമ്മുടെ കണ്ടക്ടര്‍ കൈകൊടുത്തു. ആ കൈയില്‍ കളക്ടര്‍ ഒരു വാച്ച് കെട്ടികൊടുത്തപ്പോഴാണ് കാര്യം പിടികിട്ടിയത്. ജോലി ഒരു സാമൂഹിക പ്രവര്‍ത്തനമാണെന്നും അതിന്റെ മികവിനാണ് കളക്ടര്‍ അവാര്‍ഡ് തന്നതെന്നും പിന്നീട് മനസിലായി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍, ഉപഹാരങ്ങള്‍, അഭിനന്ദനങ്ങള്‍ എന്നിവ ധാരാളം ലഭിച്ചു. കണ്ടക്ടര്‍ ജോലിക്കിടയില്‍ വിദ്യാര്‍ഥിനിക്ക് ചികിത്സാതുക പിരിച്ചുനല്‍കിയിട്ടുണ്ട്. വിദേശ വനിതയുടെ ഏറെ വിലപിടിപ്പുള്ള ക്യാമറ കളഞ്ഞുപോയത് കണ്ടെടുത്ത് നല്‍കിയിട്ടുണ്ട്. സഹപ്രവര്‍ത്തകരുടെ സങ്കടങ്ങളില്‍ സ്വന്തം ശരീരം കൊണ്ടും പണംകൊണ്ടും സഹായങ്ങളം നല്‍കിയിട്ടുണ്ട്. ഇതൊന്നും വലിയ കാര്യമാണെന്ന് ഈ കണ്ടെക്ടര്‍ കരുതുന്നില്ല. മനുഷ്യജന്‍മം ലഭിച്ചവര്‍ അങ്ങനെയൊക്കെയല്ലേ വേണ്ടത് എന്ന മനോഭാവമാണ്.

ഇതിനിടയില്‍ സ്ഥലം എം.എല്‍.എ, എം.പി, സാമൂഹികപ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ പറഞ്ഞു. 'പൈച്ചേട്ടാ    നിങ്ങളുടെ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വക അവാര്‍ഡു കിട്ടാന്‍ സാധ്യതയുണ്ട്. കളക്ടര്‍ അഭിനന്ദിച്ച കാര്യവും സമ്മാനംതന്ന കാര്യവും കാട്ടി ഒരു അപേക്ഷനല്‍കു. തീര്‍ച്ചയായും അത് പരിഗണിക്കും. പക്ഷേ പൈ അതത്രകാര്യമാക്കിയില്ല.  സ്വന്തം ജോലി ആത്മാര്‍ഥതയോടെ ചെയ്യുന്നതിന് എന്തിനാണ് അവാര്‍ഡ്. അപ്പോള്‍ സഹപ്രവര്‍ത്തകര്‍പറഞ്ഞു. എന്നും പരാതിമാത്രമുള്ള സ്വകാര്യബസ് ജീവനക്കാര്‍ക്ക് ഒരു അവാര്‍ഡ് കിട്ടുന്നത് നല്ലകാര്യമല്ലേ. ഞങ്ങളെപ്പോലുള്ളവര്‍ക്ക് അത് ഒരുവലിയ അംഗീകാരമായിരിക്കും. ഒടുവില്‍ എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഉപേന്ദ്രനാഥപൈ കാക്കനാട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ അവാര്‍ഡിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷനല്‍കി. തുടര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു. അപേക്ഷകിട്ടിയതായിപോലും സര്‍ക്കാര്‍ ഓഫീസുകള്‍ കണക്കാക്കിയില്ല. നമ്മുടെ കണ്ടക്ടറും കാര്യം മറന്നു.

ഇരുപതാം വയസില്‍ കണ്ടക്ടര്‍ ജോലിയില്‍ പ്രവേശിച്ച ഉപേന്ദ്രനാഥപൈ 37 കൊല്ലം പണിയെടുത്ത് കണ്ടക്ടര്‍ ജോലിയുപേക്ഷിച്ചു. പുതിയകാലത്തെ വെപ്രാളംപിടിച്ച യാത്രയില്‍ ഈ സൗമ്യനായ കണ്ടക്ടറെ ആര്‍ക്കും ആവശ്യമില്ലാതായി. ഇതിനിടെ കളക്ടര്‍ നല്‍കിയ വാച്ച് നിലച്ചു. പൈ ടിക്കറ്റ് മുറിച്ചുനല്‍കിയ യാത്രക്കാരില്‍ പലരും ജീവിതത്തിന്റെ സുരക്ഷിതമായ സ്റ്റോപ്പുകളില്‍ എത്തിപ്പെട്ടു. പക്ഷെ കണ്ടക്ടര്‍ ജീവിതയാത്ര തുടരുകയാണ്. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ദങ്ങളകറ്റാന്‍ ഈ ഒറ്റയാള്‍ ബസ്  ഓടിയല്ലേ മതിയാകൂ.

സാരമില്ല ഇത് തന്റെ മാത്രം കഥയല്ലല്ലോ. മൊത്തം തൊഴിലാളികള്‍ ഇങ്ങനെയൊക്കെയല്ലേ കഴിയുന്നത്. ഇരുമ്പുകടയിലെ വില്‍പ്പനക്കാരന്‍, ഉപ്പുനിറഞ്ഞ കരഭൂമി കൃഷിക്ക് ഉപയുക്തമാക്കിയെടുത്ത ജൈവകര്‍ഷകന്‍, പത്രവിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം ഒരു കുഞ്ഞുജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഇദ്ദേഹം ഇടയ്ക്ക്  അരൂരിലെ ഗൗഡസാരസ്വത ക്ഷേത്രത്തില്‍ കണക്കെഴുതാന്‍പോകും. പണത്തിനു വേണ്ടിയല്ല, ഭഗവാന് മുന്നില്‍ നില്‍ക്കുമ്പോള്‍ അല്‍പം സ്വസ്ഥതയുണ്ട്......അതിനുവേണ്ടി മാത്രം.പക്ഷേ ഉപേന്ദ്രനാഥപൈയുടെ സ്വസ്ഥതയെ തകര്‍ക്കാനെന്നപോലെ പഴയ അപേക്ഷയുടെ മറുപടി ഈയിടെയെത്തി.സ്വകാര്യമേഖലയില്‍ കണ്ടക്ടറായി ജോലിചെയ്തയാള്‍ക്ക് സര്‍ക്കാര്‍ വക അവാര്‍ഡിന് അര്‍ഹതയില്ലെന്നാണ് അധികൃതരുടെ മറുപടി.

ജീവിതത്തില്‍ താന്‍ നേരിട്ട പല തിരിച്ചടികളിലും ക്ഷമയും സൗമ്യതയും മാത്രം കാണിച്ച ഉപേന്ദ്രനാഥപൈയ്ക്ക് സര്‍ക്കാര്‍ തലത്തിലെ ഈ മറുപടി പൊറുക്കാവുന്നതിലും അപ്പുറത്തായിരുന്നു. ആരുടെയും സഹായമില്ലാത്ത, ഒരു സര്‍ക്കാരും തിരിഞ്ഞുനോക്കാത്ത അനേകായിരങ്ങള്‍ ഈ നാട്ടിലുണ്ട്. സ്വയം അധ്വാനിച്ച് ജീവിതം ഉന്തിത്തള്ളി നീക്കുന്നവര്‍. ലോട്ടറി വില്‍ക്കുന്നവര്‍, ഓട്ടോ ഓടിക്കുന്നവര്‍, ചുമട് ചുമക്കുന്നവര്‍,കൂലിപ്പണിയെടുക്കുന്നവര്‍....എന്നിങ്ങനെ ഒരു നേരത്തെ അന്നത്തിനുവേണ്ടി ഒരിടത്തും കൈനീട്ടാതെ സ്വയം ജീവിതം കരുപ്പിടിപ്പിക്കുന്ന എല്ലാവരോടുമുള്ള അനാദരവായിട്ടാണ് ഈ മറുപടിയെ പൈ കാണുന്നത്.

സര്‍ക്കാര്‍ ജീവനക്കാരനല്ലെങ്കില്‍ അയാള്‍ രേഖയില്‍പ്പെടാത്ത ആളായി തീരുമോ? അയാളുടെ പ്രയത്നത്തിനും നന്‍മയ്ക്കും യാതൊരു വിലയും ഇല്ലെന്നോ........? നാട്ടുകാരേ, ഈ വിവേചനം ശരിയാണോ....?.