ദേശവിരുദ്ധരുടെ നിരയിലേക്ക് ഒരാൾകൂടി 


OCTOBER 17, 2020, 6:59 PM IST

മുജീബുര്‍ റഹ്മാന്‍ കരിയാടന്‍

ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണെന്ന് പറഞ്ഞത് ഫാ. സ്റ്റാന്‍ സ്വാമിയാണ്. 2018ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ചോദ്യചിഹ്നത്തിന്റെ വളവുകളില്‍ താനും അപ്രത്യക്ഷനായിപ്പോകുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടായിരിക്കുമോ?സമകാലിക ഇന്ത്യനവസ്ഥയില്‍ അധികാരിവര്‍ഗ്ഗം പണിതു വെക്കുന്ന ചോദ്യചിഹ്നങ്ങളുടെ വളവുകളില്‍ അപ്രത്യക്ഷരാകുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിലവര്‍ എന്നേയും തേടിയെത്തി എന്നു പറയുന്നിടത്തോളം എത്തിയിരിക്കുന്നു കാര്യങ്ങള്‍.

ഭരണകൂടവും ഭരണത്തിന്റെ തണല്‍ പറ്റിയിരിക്കുന്നവരും രചിക്കുന്ന തിരക്കഥയാണ് രാജ്യത്തിന്റെ പുതിയ വര്‍ത്തമാനം. അവര്‍ പറയുന്നതിനും ചിന്തിക്കുന്നതിനുമപ്പുറത്ത് ഇന്ത്യാ മഹാരാജ്യത്ത് ഒരു കാര്യവും നടക്കുന്നില്ല. തങ്ങള്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നുവെന്നും അവരെ തിരുത്തിക്കുമെന്നും പലരും കരുതുന്നുണ്ടെങ്കിലും അവരെല്ലാം വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് അറിയാവുന്നവരും ഇതേ ഭരണകൂടം തന്നെയാണ്.ഉദ്ദേശിക്കുന്ന ഏതു കാര്യവും യാതൊരു മറയുമില്ലാതെ നടപ്പാക്കാനും എന്നിട്ടതിനെ ഏറ്റവും മനോഹരമായി വളച്ചൊടിക്കാനും കഴിവുള്ളവര്‍ നിലവില്‍ ഇന്ത്യയില്‍ അവരല്ലാതെ മറ്റാരുമില്ല.

ഇത്തരത്തില്‍ അവസാനം നടന്ന സംഭവമാണ് ഫാ. സ്റ്റാന്‍ സ്വാമി എന്ന 83കാരന്റെ അറസ്റ്റ്.വാര്‍ധക്യത്തിന്റെ 83ാം വയസ്സില്‍ ഒരു മനുഷ്യനെ അകാരണമായി അറസ്റ്റു ചെയ്യുകയെന്നത് മനഃസാക്ഷിയുള്ള ആര്‍ക്കും ചെയ്യാനാവുന്ന കാര്യമല്ല. എന്നിട്ടും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് ഈ ജസ്യൂട്ട് പുരോഹിതനെ.ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളി എങ്ങനെയാണ് തീവ്രവാദിയാകുന്നതെന്ന ചോദ്യമൊന്നും ആരും ചോദിക്കരുത്. കഥയില്‍ മാത്രമല്ല ഭരണാധികാരികള്‍ക്കും ചോദ്യങ്ങള്‍ ഇഷ്ടമല്ല.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ നജീബ് അഹമ്മദിനെ കുറിച്ച് വിവരങ്ങള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ നാലായി. പേരുള്ളതും പേരില്ലാത്തവരുമായ നിരവധി പേര്‍ ഇതിനകം ഭരണകൂടത്തിന്റെ ഇരകളായിത്തീര്‍ന്നിട്ടുണ്ട്. അവര്‍ക്കെല്ലാം ഒരേ പേരാണ്, ഒരേ മുഖവും. വേട്ടക്കാര്‍ക്കും ഇതുപോലെ പേരും മുഖവും ഒന്നുതന്നെ. ഇരകള്‍ക്കെല്ലാം നജീബെന്നോ സുധാ ഭരദ്വാജെന്നോ വരവര റാവുവെന്നോ ഗൗതം നവലാഖെന്നോ ഫാ. സ്റ്റാന്‍ സ്വാമിയെന്നോ നമുക്ക് പേരിട്ടു വിളിക്കാനാവും.1996ല്‍ യുറേനിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ നേതൃനിരയില്‍ ഫാ. സ്റ്റാന്‍ സ്വാമിയുണ്ടായിരുന്നു.

ചൈബാസ് ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ആയിരക്കണക്കിന് ആദിവാസികളുടെ ഭൂമിയും ജീവനും ജീവിതവും സംരക്ഷിക്കാന്‍ അന്നത്തെ യുറേനിയം കമ്പനിക്കെതിരെയുള്ള സമരം കാരണമായെങ്കില്‍ ആരാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് തിരിച്ചറിയാനാവും.ജാര്‍ഖണ്ഡിലെ പൊലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഈ പുരോഹിതന്‍ നേരത്തെ തന്നെ അധികാരികളുടെ കണ്ണിലെ കരടായിരുന്നു.റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് സംഭവവുമായി ബന്ധിപ്പിച്ചാണ് ഭരണകൂടം ജയിലിലേക്കയച്ചത്. ആ സ്ഥലത്തേക്ക് പോയിട്ടുപോലുമില്ലെന്ന് അദ്ദേഹം ആണയിട്ടിട്ടും അതു കേള്‍ക്കാനുള്ള കര്‍ണപുടം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല.തന്റെ കംപ്യൂട്ടറില്‍ എന്തൊക്കെയോ രേഖകള്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞു തനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സി ശ്രമിക്കുന്നതെന്ന് ഫാ. സ്റ്റാന്‍ സ്വാമി മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അവസാനമായി പറഞ്ഞിരുന്നു. കെട്ടിച്ചമച്ച രേഖകളാണ് തനിക്കെതിരെ പ്രയോഗിക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പിന്നാലെ സ്വാമിക്കെതിരെ യു എ പി എ ചുമത്തുകയും ചെയ്തു.

ബി ജെ പി സര്‍ക്കാര്‍ ഫാദറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ അദ്ദേഹത്തെ പൂമെത്തയില്‍ വരവേല്‍ക്കാമെന്നല്ല രേഖപ്പെടുത്തിവെച്ചത്. നേരത്തെ അദ്ദേഹത്തിനെതിരെയുള്ള രാജ്യദ്രോഹ കുറ്റം ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പിന്‍വലിച്ചിരുന്നു. പക്ഷേ, ജയിലിലേക്ക് എളുപ്പവഴിയില്‍ ക്രിയ ചെയ്യാന്‍ മാവോയിസ്റ്റാക്കുകയാണ് എളുപ്പമെന്ന് ഭരണാധികാരികള്‍ക്ക് അറിയാമല്ലോ.  

മുസ്‌ലിമാണെങ്കില്‍ തീവ്രവാദിയാക്കും, സോണിയാ ഗാന്ധിയെ പോലെ വിദേശത്തു നിന്നും വന്ന ആരെങ്കിലുമാണെങ്കില്‍ വിദേശിയെന്ന് മുദ്രകുത്തും, കമ്യൂണിസ്റ്റുകാരോ ബുദ്ധിജീവികളോ ആണെങ്കില്‍ മാവോയിസ്റ്റാക്കും, ഇവരാരുമല്ലെങ്കില്‍ പ്രത്യേകിച്ചൊരു പേരിട്ടില്ലെങ്കിലും ആരും ചോദിക്കാനും പറയാനും വരില്ലെന്ന് അറിയുന്നതിനാല്‍ അത്തരക്കാരെ വിശേഷിച്ചൊന്നും വിളിക്കാറുമില്ല.തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ തുറുങ്കിലടക്കാനും ഇല്ലാതാക്കാനും ലോകചരിത്രത്തിന്റെ തുടക്കം മുതല്‍ ഭരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പരിധി വരെ അവരതില്‍ വിജയിച്ചിട്ടുമുണ്ട്. പക്ഷേ, പിന്നീട് ചരിത്രം രേഖപ്പെടുത്തിയത് തന്റെ കഴിവുകേടുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച ഭരണാധികാരികളെയല്ല, ശിക്ഷിക്കപ്പെട്ട വിപ്ലവകാരികളെയായിരുന്നു. അഭിനവ ഇന്ത്യന്‍ നേതൃത്വത്തേയും കാത്തിരിക്കുന്നത് മറ്റൊന്നായിരിക്കില്ല.