ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ  ടാങ്ക്മാന് ചൈനയില്‍ ഇന്നും വിലക്ക്  


JUNE 8, 2019, 1:38 AM IST

തന്റെ ക്യാമറക്ക് മുന്നില്‍ ഒരു തടസ്സമായി നില്‍ക്കുന്ന ആള്‍  ഒരു ശല്യമായിട്ടാണ് ആദ്യം ജെഫ് വൈഡ്‌നെര്‍ക്ക് തോന്നിയത്. 

ബെയ്ജിങ്ങിലെ ടിയാനെന്‍മെന്‍ ചത്വരത്തില്‍  ടാങ്കുകളുടെ വ്യൂഹം നീങ്ങുന്ന ചിത്രങ്ങളെടുക്കാന്‍ ക്യാമറ ഫോക്കസ് ചെയ്യുകയായിരുന്നു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന വൈഡ്‌നെര്‍. അപ്പോഴാണ് വെള്ള ഷര്‍ട്ടും കറുത്ത ട്രൗസേഴ്‌സും ഷോപ്പിംഗ് ബാഗുകളെന്നു തോന്നിക്കുന്ന ചിലതുമായി 'അയാള്‍' എവിടെനിന്നോ പ്രത്യക്ഷപ്പെട്ടത്. തന്റെ ഫ്രെയിം ആകെ അയാള്‍ അലങ്കോലമാക്കുമെന്ന് വൈഡ്‌നെര്‍ക്ക് തോന്നി. ചരിത്രത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമാണ് താനെടുക്കാന്‍ പോകുന്നതെന്ന് അപ്പോള്‍ വൈഡ്‌നെര്‍ തീരെ ചിന്തിച്ചിരുന്നില്ല.

1989  ജൂണ്‍ 5. ചത്വരത്തില്‍ ചൈനയിലെ ജനാധിപത്യ പ്രക്ഷോഭകരെ സൈന്യം അമര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അപ്പോള്‍ ഒരു ദിവസം പിന്നിട്ടിരുന്നു. ഒരു മാസക്കാലമായി ജനാധിപത്യ പ്രക്ഷോഭം തുടരുകയായിരുന്നു. പ്രതിഷേധ സമരങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായി വൈഡ്‌നെര്‍ ബെയ്ജിങ്ങിലെത്തിയിട്ട് അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കിടയില്‍ വൈഡ്‌നെര്‍ക്കും പരുക്കേറ്റിരുന്നു. ജൂണ്‍ 4ന് ഫ്‌ലൂ പിടിപെട്ട് അവശനായിരുന്ന വൈഡ്‌നെറുടെ തലയില്‍  പ്രതിഷേധക്കാരിലൊരാള്‍ വലിച്ചെറിഞ്ഞ കല്ല് വന്നു പതിച്ചു. ശാരീരികമായുണ്ടായ അവശത കാരണം ബെയ്ജിംഗ് ഹോട്ടലിന്റെ ആറാമത്തെ നിലയുടെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടാണ് വൈഡ്‌നെര്‍ 'ടാങ്ക് മനുഷ്യന്റെ' ചിത്രമെടുത്തത്.

ചത്വരത്തിലെ ദൃശ്യങ്ങള്‍  പകര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ആ ഹോട്ടല്‍. അവിടം സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.  വിദ്യാര്‍ത്ഥികളുടെ പരസ്പര വിനിമയപദ്ധതി പ്രകാരം ചൈനയില്‍ പഠിക്കാനെത്തിയ കിര്‍ക് മാര്‍ട്‌സണ്‍ എന്നൊരു അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ അതിനുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ കഴിഞ്ഞു. അവിടെ  ജനാലയിലൂടെ ദൃഷ്ട്യങ്ങള്‍ പകര്‍ത്താന്‍  തുടങ്ങി. അപ്പോഴാണ് 'അയാള്‍' പ്രത്യക്ഷപ്പെട്ടത്. 

പ്രക്ഷോഭകരുടെ  നേര്‍ക്ക് നീങ്ങുകയായിരുന്ന ടാങ്ക് വ്യൂഹത്തെ തടയാന്‍ ഏറ്റവും മുന്നിലായി സഞ്ചരിച്ച ടാങ്കിനു മുന്നില്‍ 'അയാള്‍' നിന്നു. ടാങ്ക് നിര്‍ത്തുകയും അയാളെ വട്ടംചുറ്റുകയും ചെയ്തു.ടാങ്കിനോപ്പം നീങ്ങിയ അയാള്‍ വീണ്ടും അതിനെ തടഞ്ഞു. 

ഒരു ഘട്ടത്തില്‍ 'അയാള്‍' ആ ടാങ്കിനു മുകളിലേക്ക് കയറുകയും അതിനുള്ളില്‍ ഉണ്ടായിരുന്നവരോട് എന്തൊക്കെയോ പറയുകയും ചെയ്തു. അര മൈല്‍ അകലത്തിലായിരുന്ന വൈഡ്‌നെര്‍ക്ക് അയാള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. 

അത് കണ്ടുനിന്നവരിലാരോ അയാളെ വലിച്ചുകൊണ്ടുപോയി.  പിന്നീട് ഇതേ ദിവസംവരെ 'അയാള്‍' ആരാണെന്നോ അയാള്‍ക്കെന്തു സംഭവിച്ചുവെന്നോ ആര്‍ക്കും അറിയില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ ശക്തമായൊരു പ്രതീകമായി  ലോകമനസില്‍ ജീവിക്കുന്നു.

അന്ന് ഈ വാര്‍ത്തകള്‍ പുറം ലോകത്തേക്ക് പോകുന്നത് തടയാനുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു ചൈനീസ് ഗവണ്മെന്റ്. അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ സി എന്‍ എന്‍ ഉള്‍പ്പടെയുള്ള എല്ലാ അമേരിക്കന്‍ മാധ്യമങ്ങളെയും ബെയ്ജിങ്ങില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്നത് തടയാന്‍ ചൈന ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. താന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനും തന്റെ ചിത്രങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള എല്ലാ അപകട സാധ്യതകളും ഉണ്ടായിരുന്നതായി വൈഡ്‌നെര്‍ പറയുന്നു. 

ബെയ്ജിംഗ് ഹോട്ടലില്‍ കടക്കാന്‍ തന്നെ സഹായിച്ച മാര്‍ട്‌സണ്‍ വീണ്ടും സഹായവുമായെത്തി 'ടാങ്ക്മാന്‍' ഫിലിം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് ഹോട്ടലിനു പുറത്തെത്തിച്ചു. ലോകമൊട്ടാകെയുള്ള പത്രങ്ങളുടെ ഒന്നാം പേജില്‍ അത് അച്ചടിച്ചുവന്നു. ആ വര്‍ഷത്തെ പുലിറ്റ്‌സര്‍ സമ്മാനത്തിനും  ആ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ആ ചിത്രം വലിയ ശ്രദ്ധ നേടിയതായി വൈഡ്‌നെര്‍ മനസ്സിലാക്കിയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം എക്കാലവും സ്മരിക്കപ്പെടേണ്ട 10 ചിത്രങ്ങളുടെ കൂട്ടത്തില്‍ 'ടാങ്ക്മാനേ'യും അമേരിക്ക ഓണ്‍ലൈന്‍ പോസ്റ്റ് ഉള്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് അസാധാരണമായ ഒരു കാര്യമാണ് താന്‍ നിര്‍വഹിച്ചതെന്നു തനിക്കു മനസ്സിലായതെന്നു വൈഡ്‌നെര്‍ പറയുന്നു. 

1989 ഏപ്രില്‍ 18നു മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ഹു യാവോബാങ്   അന്തരിച്ചതിനെ തുടര്‍ന്നാണ് ബെയ്ജിങ്ങില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. കൂടുതല്‍ തുറന്ന ഒരു വ്യവസ്ഥിതിക്കായി നിലകൊണ്ട നേതാവായിരുന്നു ഹുയാവോബാങ്.ജനാധിപത്യ പരിഷ്‌ക്കരണങ്ങളുടെ പ്രതീകമായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് വിദ്യാര്‍ഥികള്‍ ടിയാനെന്‍മെന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് ചെയ്യുകയും കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ള ഒരു ഭരണരീതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള ആഴ്ചകളില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആയിരക്കണക്കിന്  ആള്‍ക്കാരും പങ്കെടുത്തു. 

മെയ് 19നു നടന്ന റാലിയില്‍ 1.2 മില്യണ്‍ ആള്‍ക്കാര്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. അവര്‍ 33 അടി ഉയരമുള്ള 'ജനാധിപത്യദേവത' യുടെ പ്രതിമ സ്ഥാപിച്ചു. നാല് ദിവസങ്ങള്‍കൊണ്ട് നിര്‍മ്മിച്ച പ്രതിമയായിരുന്നു അത്. 

അന്നൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. അന്തരീക്ഷം ദീപാലംകൃതമായി. മാധ്യമങ്ങള്‍ അതാഘോഷമാക്കി. കമ്മ്യൂണിസത്തിന്റെ പ്രതീകമായ മാവോ സെഡോങിന്റെ കൂറ്റന്‍ പ്രതിമക്ക് അഭിമുഖമായിട്ടാണ് ജനാധിപത്യ ദേവതയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടതെന്നത് തന്നെ വളരെ അത്ഭുതപെടുത്തിയെന്നു വൈഡ്‌നെര്‍ പറയുന്നു. 

ജൂണ്‍ 4നു പുലര്‍ച്ചെ ഒരു മണിയായപ്പോള്‍ പ്രക്ഷോഭകര്‍ക്കു നേരെ ചൈനീസ് സൈന്യം വെടിവെക്കാന്‍ തുടങ്ങി. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. നൂറുകണക്കിന് എന്ന് ചിലര്‍ പറയും. ആയിരക്കണക്കിനെന്നു പറയുന്നവരുമുണ്ട്. പ്രതിഷേധത്തിന്റെ നാളുകളിലും, തുടര്‍ന്നും 10,000 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡസന്‍കണക്കിനാള്‍ക്കാര്‍ വധ ശിക്ഷയ്ക്കിരയായി. അടിച്ചമര്‍ത്തല്‍ തുടങ്ങിയ ശേഷം ഒരാഴ്ചകൂടി ബെയ്ജിങ്ങില്‍ തങ്ങിയ ശേഷം വൈഡ്‌നെര്‍ അവിടം വിട്ടു. ഫ്‌ലൂവും തലക്കേറ്റ പരുക്കുമെല്ലാം കാരണം അവശനായിരുന്ന വൈഡ്‌നെര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മരണം ഭയപ്പെട്ടിരുന്നു. വൈഡ്‌നെറുടെ ചിത്രങ്ങളും കൂട്ടക്കൊലയുമായി ബന്ധപ്പെട്ട  എല്ലാ ചിത്രങ്ങളും ചൈനയില്‍ ഇന്നും നിരോധിക്കപ്പെട്ടിരിക്കുകയാണ്.