യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും 


JUNE 8, 2019, 1:57 AM IST

അധികം വൈകാതെ അമേരിക്ക നല്‍കുന്ന കുടിയേറ്റ വിസ ഇന്ത്യയില്‍ പോക്കറ്റില്‍ നിറയെ പണമുള്ളവര്‍ക്കുപോലും അപ്രാപ്യമാകും.  വിദേശ നിക്ഷേപകര്‍ക്ക് അവര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പകരമെന്നോണം ഗ്രീന്‍ കാര്‍ഡുകള്‍ ഉറപ്പു നല്‍കുന്ന ഇബി 5 വിസയ്ക്ക് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ക്വോട്ടയുടെ പരിധി കഴിയാറായിയെന്നതാണ് ഇതിന്  കാരണം. എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ട്രംപ് ഭരണം ആരംഭിച്ചതിനു പിന്നാലെയാണ് ഇബി 5 വിസയുടെ കാര്യത്തിലും ഇന്ത്യക്ക് തിരിച്ചടിയേല്‍ക്കുന്നത്.

ഇ ബി 5 വിസക്ക് അപേക്ഷ നല്‍കുന്ന ഒരാള്‍ 500,000  ഡോളറെങ്കിലും (3.25  കോടി രൂപ) ഒരു വാണിജ്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുകയും 10 പേര്‍ക്കെങ്കിലും അതിന്റെ ഫലമായി തൊഴില്‍ ലഭിക്കുകയും വേണം. തുടര്‍ന്ന് അപേക്ഷകന് ഒന്നര മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കും. വിദേശ നിക്ഷേപകരുടെ നിക്ഷേപങ്ങളിലൂടെ യുഎസ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി 1990ലാണ് യുഎസ് ഇബി 5 വിസ പരിപാടി തുടങ്ങിയത്. മിനിമം നിക്ഷേപം 925,000 ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള ഒരു ബില്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്. 

ഒക്ടോബര്‍ 1നു ആരംഭിക്കുന്ന ഓരോ സാമ്പത്തിക വര്‍ഷത്തിലും 100,000  ഇബി 5 വിസകളാണ് യുഎസ് അനുവദിക്കാറുള്ളത്. ഒരു രാജ്യത്തിന് പരമാവധി 700 വിസകള്‍ (7.1%) ക്കാണ് അര്‍ഹതയുള്ളത്. ഇതാദ്യമായി ഈ മാസം തന്നെ ഇന്ത്യക്കു അനുവദിക്കപ്പെട്ട ക്വോട്ട പൂര്‍ത്തിയാകാന്‍ പോകുകയാണ്. അതിനുശേഷം അപേക്ഷിക്കുന്നവരുടേത് 201920ലേക്കുള്ള  കുടിശിക ലിസ്റ്റില്‍  ഉള്‍പ്പെടുത്തും.

എച്ച് 1 ബി, എല്‍  1 വിസകളുള്ളവരായ 3040% ഇന്ത്യക്കാര്‍ ഇ ബി 5 വിസകളിലേക്കു മാറുകയാണ്. 2017നും 2018നുമിടയില്‍ ഇ ബി 5 വിസകള്‍ക്കുള്ള  അപേക്ഷകരുടെ എണ്ണത്തില്‍ 236 % വര്‍ദ്ധനവാണുണ്ടായത്.

സമ്പന്നന്മാര്‍ക്ക് അവരുടെ കുടിയേറ്റ പ്രക്രിയയുടെ സമയദൈര്‍ഘ്യം എച്ച് 1 ബി, ഇ ബി 2 വിസകള്‍ ഉള്ളവരെ അപേക്ഷിച്ച് ആറിലൊന്നായി കുറയ്ക്കാന്‍ ഇ ബി 5 വിസകള്‍ സഹായിക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരസിക്കപ്പെടുന്ന എച്ച്1, എല്‍ 1 വിസ അപേക്ഷകളുടെ നിരക്ക് വര്‍ദ്ധിക്കുകയാണ്. എച്ച്1 ബി, എല്‍ 1 വിസകള്‍ ലഭിക്കുന്നത് ഇപ്പോള്‍ വളരെ പ്രയാസമുള്ളതായി മാറിയിട്ടുള്ളപ്പോള്‍ ലഭിക്കാന്‍ എളുപ്പം  ഇ ബി  5 വിസയാണ്.അതിന്റെ ഈ വര്‍ഷത്തെ പരിധിയാണ് ജൂണില്‍ കവിയുന്നത്. 

നിരസിക്കപ്പെടുന്ന വിസ അപേക്ഷകള്‍ വര്‍ധിക്കുന്നത് ഇന്ത്യന്‍ ഐ ടി സേവന ദാതാക്കളുടെ ആസൂത്രണത്തെ ബാധിക്കുകയും ജീവനക്കാരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിട്ടുണ്ട്. യു എസ് വിസയ്ക്കായി അപേക്ഷിക്കുന്ന നാലില്‍ ഒരാള്‍ വീതം ഐ ടി പ്രൊഫഷണലാണ്. നാഷണല്‍  അസോസിയേഷന്‍  ഓഫ്  സോഫ്റ്റ് വെയര്‍  ആന്‍ഡ്  സര്‍വീസസ്  കമ്പനീസ് (നാസ്‌കോം) അംഗങ്ങളായ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലൊട്ടാകെയായി 175,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആള്‍ക്കാരെ നിയമിക്കുന്നുമുണ്ട്.

2017ല്‍ ആകെ 2.31  മില്യണ്‍ പേര്‍ യുഎസിലേക്ക് കുടിയേറുകയുണ്ടായി. ആകെയുള്ള കുടിയേറ്റക്കാരുടെ 14 ശതമാനത്തോളമാണിത്. ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വിദേശ തൊഴിലാളികള്‍ക്ക് അവര്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ യുഎസില്‍ തുടരാന്‍ പ്രയാസമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് കുടിയേറാന്‍  ഇ ബി 5 വിസയ്ക്കായി ഇന്ത്യയില്‍ നിന്നും അപേക്ഷ നല്‍കിയ അതിസമ്പന്നര്‍ 1000ത്തില്‍ കൂടുതലുണ്ടായിരുന്നു.  ഇ ബി 5 വിസ ഉള്ള മാതാപിതാക്കളില്‍ 60 ശതമാനവും മക്കള്‍ക്ക്  അവരുടെ ബിരുദവിദ്യാഭ്യാസത്തിനു ശേഷവും യുഎസില്‍ത്തന്നെ കഴിയാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നവരാണ്.