ചിദംബര ജാമ്യം


DECEMBER 6, 2019, 3:21 PM IST

കേന്ദ്രത്തില്‍ മുന്‍ആഭ്യന്തര, ധന മന്ത്രിയും സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകനും പാര്‍ലമെന്റില്‍ രാജ്യസഭാംഗവും കോണ്‍ഗ്രസില്‍ തലമുതിര്‍ന്ന നേതാവും സാമ്പത്തിക രംഗത്ത് വിദഗ്ധനുമൊക്കെയായ പി. ചിദംബരം 105 ദിവസത്തെ തടങ്കലിനു ശേഷം തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഐ. എന്‍. എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും നാള്‍ ചിദംബരം ജയിലിലും അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുമിടയില്‍ കഴിഞ്ഞത്. അത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രതിപക്ഷവും, തെറ്റു ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്ന് ബി. ജെ. പിയും വാദിച്ചുകൊണ്ടേയിരിക്കുന്നു. 

ചിദംബരം ധനമന്ത്രിയായിരിക്കേഐ. എന്‍. എക്‌സ് മീഡിയാ ഗ്രൂപ് എന്ന സ്ഥാപനം 2007 ല്‍ 305 കോടി രൂപയുടെ വദേശ നക്ഷേപം സ്വീകരിക്കുന്നതിന് വദേശ നക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ചിദംബരത്തിനെതിരെ സി. ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇതേ കേസില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. സി. ബി. ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 22 ന് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ഫലത്തില്‍ തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായില്ല. ആ കേസില്‍ ഡല്‍ഹി ഹൈകോടതി ജാമ്യം നഷേധിച്ചതിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി നവംബര്‍ 28 നാണ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചത്. ആ വിധിയിലാണപ്പോള്‍ മോചനം.

***       ***       ***

പാര്‍ലമെന്റിെന്റ ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സുപ്രധാന ബില്ലുകളുമായി സര്‍ക്കാര്‍. വിവാദമായ പൗരത്വ നിയമഭേദഗതി ബില്‍ പുതുക്കി പാര്‍ലമെന്റില്‍ കൊണ്ടുവരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ സംരക്ഷണ ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. 44 തൊഴില്‍ നിയമങ്ങള്‍ നാലു ചട്ടങ്ങളിലേക്ക് ചുരുക്കി തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌ക്കരണം കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായുള്ള നാലാമത്തെ ചട്ടത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 

ലോക്‌സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായം നിര്‍ത്തലാക്കുന്ന നിയമഭേദഗതി ബില്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. വയോജന കേന്ദ്രങ്ങള്‍, ഗാര്‍ഹിക സേവന ഏജന്‍സികള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍, നിയന്ത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ബില്‍. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണം അടുത്ത 10 വര്‍ഷത്തേക്ക് തുടരാനുള്ള നിര്‍ദേശവും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലുകളില്‍ ഉള്‍പ്പെടുന്നു. മൂന്നു സംസ്‌കൃത കല്‍പിത സര്‍വകലാശാലകളെ കേന്ദ്രസര്‍വകലാശാലകളായി മാറ്റുന്നതിനുള്ള നിയമനിര്‍മാണവും നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്താന്‍ പാകത്തില്‍ മന്ത്രിസഭ യോഗം അംഗീകരിച്ചിട്ടുണ്ട്. 

വിവാദമായി നില്‍ക്കുന്നത് പൗരത്വ നിയമഭേദഗതിയാണ്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ചേക്കേറിയ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം എളുപ്പമാക്കുന്നതാണ് ബില്‍. മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്തിക്കൊണ്ട്, കുടയേറിയ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം വേഗത്തില്‍ നല്‍കുകയെന്ന സര്‍ക്കാര്‍ നിലപാടാണ് പൗരത്വ നിയമഭേദഗതിയെ വിവാദത്തിലാക്കിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതക്ക് എതിരാണ് സര്‍ക്കാര്‍ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ മുസ്ലിംകള്‍ കുടുതലുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറേണ്ടി വരുന്ന മറ്റു സമുദായക്കാര്‍ക്കാണ് പൗരത്വം വഴിയുള്ള സംരക്ഷണം ഏറ്റവും ആവശ്യമെന്നാണ് മോദിസര്‍ക്കാറിന്റെ പക്ഷം. പീഡനത്തിനും മറ്റും ഇരയായവര്‍ക്കാണ് ഇങ്ങനെ അഭയാര്‍ഥികളാകേണ്ടി വന്നതെന്നും വാദിക്കുന്നു. 

ഹിന്ദു, ക്രൈസ്തവ, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളില്‍ പെട്ട കുടയേറ്റക്കാര്‍ക്കാണ് ലളിത വ്യവസ്ഥയില്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. 1955ലെ പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ തൊട്ടുമുന്‍പുള്ള 12 മാസങ്ങളില്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടാകണം. 14 വര്‍ഷത്തെ കണക്കെടുത്താല്‍ 11 വര്‍ഷവും താമസിച്ചിരിക്കണം. എന്നാല്‍ മൂന്ന് അയല്‍പക്ക രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അപേക്ഷകര്‍ക്ക് 11 വര്‍ഷമെന്ന നിബന്ധന ആറു വര്‍ഷമായി ചുരുക്കുന്നതാണ് നിയമഭേദഗതി. മതിയായ യാത്രാ രേഖകളില്ലാതെയോ കാലാവധി തീര്‍ന്ന രേഖകളുമായോ 2015നു മുമ്പ് ഇന്ത്യയില്‍ കുടയേറിയവര്‍ക്കാണ് പൗരത്വം നല്‍കുന്നതില്‍ ഇളവ് അനുവദിക്കുന്നത്. 

കഴിഞ്ഞ ജനുവരിയില്‍ ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ എതിര്‍പ്പു മൂലം രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതെ ലാപ്‌സായി. പുതിയ ലോക്‌സഭയിലും ബില്‍ വേഗത്തില്‍ പാസാക്കാന്‍ സര്‍ക്കാറിന് സാധിക്കുമെങ്കിലും രാജ്യസഭയില്‍ അനായാസമല്ല. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിപ്പോന്ന 370 ാം ഭരണഘടനാ വകുപ്പ് എടുത്തുകളഞ്ഞതു പോലെ തന്നെ പ്രധാനമായ ഒന്നാണ് പൗരത്വ നിയമഭേദഗതി ബില്ലെന്നാണ് കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് ബി. ജെ. പി എം. പിമാരെ ഓര്‍മിപ്പിച്ചത്. സഭകളില്‍ ഹാജര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. 

പൗരത്വ നിയമഭേദഗതി ബില്ലിനോട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ എതിര്‍പ്പ് നേരത്തെ ഉയര്‍ന്നിരുന്നു. അവടേക്കു കുടിയേറിയ ഒട്ടേറെ ഹിന്ദുക്കള്‍ക്കും മറ്റും പൗരത്വം ലഭിക്കുന്നതു വഴി തദ്ദേശീയരുടെ താല്‍പര്യം ഹനിക്കപ്പെടുന്നു എന്നതാണ് കാരണം.   

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, ആര്‍.ജെ.ഡി തുടങ്ങിയവ ബില്ലിനെതിരാണ്. സഖ്യകക്ഷികളായ ജെ.ഡി.യു, ശരോമണി അകാലിദള്‍, എ.ഐ.എ.ഡി.എം.കെ എന്നിവയുടെ നിലപാട് നിര്‍ണായകം. ദേശീയ പൗരത്വ രജിസ്റ്റര്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം.  

***       ***       *** 

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ കിട്ടാനുള്ള സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാധാരണ അപേക്ഷകളില്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വദേശ സഹ മന്ത്രി വി. മുരളീധരന്‍ രേഖാമൂലം ലോക്‌സഭയെ അറിയിച്ചു. പോലീസ് വെരിഫിക്കേഷന് കാലതാമസം വരുമ്പോഴും പൂര്‍ണ്ണമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പോലീസ് നല്‍കുമ്പോഴും അപേക്ഷക്കൊപ്പം ആവശ്യമായ രേഖകള്‍ നല്‍കാത്ത സാഹചര്യങ്ങളിലും മാത്രമാണ് കാലതാമസം ഉണ്ടാവുന്നതെന്നും മന്ത്രി അറിയിച്ചു. 

1989 ജനുവരി 26 നോ അതിന് ശേഷമോ ജനിച്ചവര്‍ ജനന തീയ്യതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ കാരണം നിരവധിപേര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. നിലവിലെ വ്യവസ്ഥ പ്രകാരം ജനന തീയ്യതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂളില്‍ നിന്ന് ലഭിച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇ ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി ബോണ്ട് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതി. പാസ്‌പോര്‍ട്ട് അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകളുടെ എണ്ണം പതിനഞ്ചില്‍ നിന്നും ഒന്‍പതാക്കി കുറച്ചു. വിവാഹിതരായ അപേക്ഷകര്‍ പാസ്‌പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ തുറക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഓരോ മേഖലയിലെയും പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണം, അടുത്ത പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തലേക്കുള്ള ദൂരം തുടങ്ങിയ കാര്യങ്ങള്‍ പരശോധിച്ചാണ് സേവ കേന്ദ്രങ്ങള്‍ അനുവദിക്കുക.