ഇന്ത്യക്കെതിരെ വനിതാ ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

ഇന്ത്യക്കെതിരെ വനിതാ ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി


പെര്‍ത്ത്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്‌ട്രേലിയന്‍ വനിതകള്‍ 3-0 എന്ന നിലയില്‍ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 83 റണ്‍സിനാണ് ആതിഥേയരുടെ വിജയം.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ അരുന്ധതി റെഡ്ഡിയുടെ സ്വിങ് ബൗളിങ്ങിലൂടെ ലഭിച്ച ആനുകൂല്യം തുലച്ചാണ് വന്‍ പരാജയത്തിലേക്കു വഴുതിയത്. 78 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. നാലും വീഴ്ത്തിയത് അരുന്ധതി തന്നെ. 10 ഓവര്‍ ക്വോട്ട പൂര്‍ത്തിയാക്കുമ്പോഴും 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് തന്നെയായിരുന്നു അരുന്ധതിയുടെ സമ്പാദ്യം.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ അനബെല്‍ സുതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറിയാണ് (95 പന്തില്‍ 110) ഓസ്‌ട്രേലിയയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ആറും ഏഴും പൊസിഷനുകളില്‍ ബാറ്റ് ചെയ്ത ആഷ്‌ലി ഗാര്‍ഡ്‌നറും (50) ക്യാപ്റ്റന്‍ തഹ്ലിയ മക്ഗ്രാത്തും (56 നോട്ടൗട്ട്) അര്‍ധ സെഞ്ചുറികള്‍ നേടി.

ഈ ഘട്ടത്തില്‍ നഷ്ടപ്പെടുത്തിയ നാല് ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വില നല്‍കേണ്ടി വന്നു. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് അടിച്ചുകൂട്ടാന്‍ ഓസ്‌ട്രേലിയക്കു സാധിച്ചു. അഞ്ച് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ മലയാളി താരം മിന്നു മണിക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ റിച്ച ഘോഷിനെ (2) ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഓപ്പണര്‍ സ്മൃതി മന്ഥന വണ്‍ഡൗണ്‍ ബാറ്റര്‍ ഹര്‍ലീന്‍ ഡിയോളിനെ കൂട്ടുപിടിച്ച് സ്‌കോര്‍ 134 വരെയെത്തിച്ചെങ്കിലും ആവശ്യമായ റണ്‍ റേറ്റ് നിലനിര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല. സ്മൃതി 109 പന്തില്‍ 105 റണ്‍സെടുത്തപ്പോള്‍ ഹര്‍ലീന്റെ 39 റണ്‍സ് വന്നത് 64 പന്തില്‍നിന്നാണ്.

സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥന

പിന്നീട് വന്നവരില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (22 പന്തില്‍ 12) ജമീമ റോഡ്രിഗ്‌സിനും (11 പന്തില്‍ 16) മാത്രമാണ് ഇരട്ടയക്ക സ്‌കോറെങ്കിലും കണ്ടെത്താന്‍ സാധിച്ചത്.

ഓസ്‌ട്രേലിയക്കു വേണ്ടി ആഷ്‌ലി ഗാര്‍ഡ്‌നര്‍ പത്തോവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മെഗാന്‍ ഷൂട്ടിനും അലാന കിങ്ങിനും രണ്ട് വിക്കറ്റ് വീതം. അനബെല്‍ സുതര്‍ലാന്‍ഡാണ് പ്ലെയര്‍ ഓഫ് ദ മാച്ചും പ്ലെയര്‍ ഓഫ് ദ സീരീസും.