കെയ്‌നിനോട് മാപ്പുചോദിച്ചു, ശിഷ്ടകാലവും അത് തുടരും-കുറ്റബോധത്താൽ നീറി ബെൻ സ്‌റ്റോക്ക്‌സ്


JULY 15, 2019, 7:28 PM IST

ലണ്ടൻ: ലോകകപ്പ് ഫൈനലിൽ  ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയതീരത്തെത്തിച്ച ഇംഗ്ലണ്ടിന്റെ ബെൻസ്‌റ്റോക്ക്‌സ് കുറ്റബോധം കൊണ്ടുനീറുകയാണ്.  അതുതന്നെ. നാൽപത്തിയാറാം ഓവറിലെ ആ ഓവർത്രോ. സംഭവം ഇപ്പോഴും സ്‌റ്റോക്കിനെ വേട്ടയാടുകയാണ്.സ്‌റ്റോക്ക്‌സ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപെടുത്തിയത്.

ന്യൂസിലന്റിന്റെ മാർക്ക് ഗുപ്ടിൽ എറിഞ്ഞ പന്ത് റൺസ് പൂർത്തിയാക്കാനായി ഡൈവ് ചെയ്ത സ്റ്റോക്ക്‌സിന്റെ ബാറ്റിൽ തട്ടി ഓവർ ത്രോ ആവുകയായിരുന്നു. തുടർന്ന് അമ്പയർമാർ ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ചു. അതുവരെ പരാജയത്തെ തുറിച്ചുനോക്കി കൊണ്ടിരുന്ന ഇംഗ്ലണ്ടിനെമത്സരത്തിൽ പിടിമുറുക്കാനും പിന്നീട് സൂപ്പർ ഓവർ വരെ മത്സരം നീട്ടാനും ഈ ഓവർത്രോ  സഹായിച്ചു.

എന്നാൽ പന്ത് ബാറ്റിൽ കൊണ്ടത് മന: പൂർവ്വമല്ലെന്ന് മത്സരശേഷം സ്റ്റോക്ക്‌സ് പറഞ്ഞു.  ആറൺസ് അനർഹമാണെന്നും ന്യൂസിലന്റ് കളിക്കാരുടെ വിഷമം മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞ സ്റ്റോക്ക്‌സ് അതുകൊണ്ടു തന്നെ ന്യൂസിലന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണോട് ഇപ്പോൾമാപ്പ് ചോദിക്കുകയാണ്. ഇപ്പോൾ മാത്രമല്ല ഇനിയുള്ള ജീവിതം മുഴുവൻ താൻ അദ്ദേഹത്തോട് മാപ്പ് ചോദിച്ചുകൊണ്ടിരിക്കുമെന്ന് സ്‌റ്റോക്ക്‌സ് വെളിപെടുത്തി.

എന്നാൽ ആ സംഭവം ക്രിക്കറ്റിന് നാണക്കേടാണെങ്കിലും നിയമതായതിനാൽ അംഗീകരിച്ചേ മതിയാകൂ എന്നാണ് കെയ്‌നിന്റെ നിലപാട്.