ഏകദിന ലോകകപ്പ് ഫൈനൽ; വിവാദങ്ങൾ കത്തുന്നു


JULY 15, 2019, 2:05 PM IST

ലണ്ടൻ: ന്യൂസിലന്റിനെ തോൽപിച്ച് ഇംഗ്ലണ്ട് ഏകദിന ലോകകപ്പിൽ ആദ്യമായി മുത്തമിട്ട മത്സരത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഫൈനലിൽ ഇരുടീമുകൾക്കും തുല്യവിജയസാധ്യതയുണ്ടായിരുന്ന സന്ദർഭത്തിൽ 46ാം ഓവറിൽ ഓവർത്രോയിലൂടെ ഇംഗ്ലണ്ടിന് ആറ് റൺസ് ലഭിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് വ്യക്തമായ മുൻതൂക്കം നേടാനായി. എന്നാൽ ന്യൂസിലന്റിന്റെ ഗുപ്ടിൽ എറിഞ്ഞ പന്ത് ഇംഗ്ലീഷ് ബാറ്റ്‌സ്മാനായ ബെൻസ്റ്റോക്ക്‌സിന്റെ ബാറ്റിൽ തട്ടി ഗതി മാറി ബൗണ്ടറിയിലെത്തുകയായിരുന്നു. ഇത് സ്‌റ്റോക്ക്‌സ് മന: പൂർവ്വം തട്ടിയിട്ടതാണെന്ന് ചിലർ വാദിക്കുമ്പോൾ മന: പൂർവ്വമാണെങ്കിലും അല്ലെങ്കിലും റൺസ് അനുവദിക്കരുതായിരുന്നു എന്നാണ് മറ്റു ചിലരുടെ നിലപാട്. 

മാത്രമല്ല, ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ചതും തെറ്റാണെന്ന് ന്യൂസിലന്റ് ആരാധകർ പറയുന്നു. യഥാർത്ഥത്തിൽ ഓവർ ത്രോയുടെ നാല് റൺസും  ത്രോ കീപ്പറിനടുത്തെത്തുമ്പോൾ ബാറ്റ്‌സ്മാൻ ഓടിയെടുത്ത റൺസുമാണ് പരിഗണിക്കേണ്ടതെന്നും അങ്ങിനെ നോക്കിയാൽ ബാറ്റ്‌സ്മാൻ ഒരു റൺസ് മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആറ് റൺസിന് പകരം അഞ്ചു റൺസിന് മാത്രമാണ് ഇംഗ്ലണ്ട് അർഹരായിരുന്നത്. എന്നാൽ അമ്പയർമാർ നിയമം തെറ്റിച്ച് ആറ് റൺസ് നൽകി ഇംഗ്ലണ്ടിനെ സഹായിക്കുകയായിരുന്നു എന്നാണ് ന്യൂസിലന്റ് ആരാധകരുടെ വാദം. ആ ഒരു റൺസ് അനുവദിച്ചില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഒരുപക്ഷെ തോൽക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. 

ഇത്തവണ സൂപ്പർ ഓവറിൽ മത്സരം ടൈ ആയപ്പോൾ കൂടുതൽ ബൗണ്ടറി നേടിയ ടീമിനെ വിജയപ്പിച്ച നിയമവും പലരുടേയും നെറ്റി ചുളിപ്പിക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവറായിരുന്നു ലോഡ്‌സിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള ഫൈനലിൽ കണ്ടത്. നിശ്ചിത ഓവറിൽ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പർ ഓവറിൽ നിർണയിക്കപ്പെടുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറും ടൈ ആയി. ഇതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്.

ന്യൂസിലൻഡിനേക്കാൾ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതൽ വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പർ ഓവർ ന്യൂസീലൻഡ് സിക്‌സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് ബൗണ്ടറി ലൈൻ കടത്തിയപ്പോൾ ന്യൂസീലൻഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്‌സ് അടക്കം 17 ബൗണ്ടറികൾ. 

ഈ സൂപ്പർ ഓവർ നിയമത്തിനെതിരേ ആരാധകരോടൊപ്പം മുൻതാരങ്ങളും രംഗത്തെത്തി. ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുൻ താരം ഡീൻ ജോൺസ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുൻ ക്യാ്ര്രപൻ സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫും പറയുന്നു. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്.

നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്‌സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. സൂപ്പർ ഓവറും ടൈ ആയപ്പോൾ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.

Other News