ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി, ഇംഗ്ലണ്ടിനെതിരെ മുട്ടുമടക്കി


JULY 1, 2019, 5:02 PM IST

ബര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെര്‍‌സ്റ്റോയുടെ സെഞ്ച്വറി മികവില്‍ 337 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യയ്ക്ക് അന്‍പത് ഓവറില്‍ 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ 109 പന്തില്‍ നിന്ന് 102 ഉം ക്യാപ്റ്റന്‍ കോലി 76 പന്തില്‍ നിന്ന 66 ഉം റണ്‍സെടുത്തു. 

പന്ത് 32 ഉം ഹര്‍ദിക് പാണ്ഡ്യ 45ഉം റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ വേഗത്തിലാക്കാന്‍ പിന്നീട് വന്നവര്‍ക്ക് സാധിച്ചില്ല. ധോനി 42 ഉം കേദാര്‍ ജാദവ് 12 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ മാത്രമാണ് ധോണി വന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചത്. പക്ഷെ അപ്പോഴേക്കും ഇന്ത്യ തോല്‍വി ഉറപ്പാക്കിയിരുന്നു. ലോകേഷ് രാഹുല്‍ ഓപ്പണറായി വന്ന് പൂജ്യനായി മടങ്ങി.

നേരത്തെ അഞ്ചുവിക്കറ്റ് നേടിയെങ്കിലും ഷമിയും യുസ് വേന്ദ്ര ചഹാലും ധാരാളം റണ്‍സ് വിട്ടുകൊടുത്തത് ഇന്ത്യയ്ക്ക് വിനയായി. 

 സെഞ്ചുറി നേടുകയും മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദി മാച്ച്.

തോറ്റെങ്കിലും ഏഴ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ജയം വിനയായത് പാകിസ്ഥാനാണ്. ഒന്‍പത് പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.