ബാഗില്‍നിന്ന് സൂചിയും സിറിഞ്ചും കണ്ടെത്തി; മലയാളി അത്‌ലറ്റുകളെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കി


APRIL 17, 2018, 5:34 PM IST

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.