ക്യാപ്റ്റൻ സ്ഥാനം കോഹ്‌ലിക്ക് തീറെഴുതിയോ:നിശിത വിമർശനമുയർത്തി ഗാവസ്‌കർ 


JULY 29, 2019, 10:12 PM IST

മുംബൈ:ലോകകപ്പിനുശേഷവും വിരാട് കോഹ്ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്‌തും നിശിതമായി വിമർശിച്ചും മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കും മുമ്പ് നായകന്റെ കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് ഗാവസ്‌കറുടെ വിമർശനം.ക്യാപ്റ്റനെന്ന നിലയ്ക്ക് ശരാശരിയിലും താഴെയായിരുന്നു കോഹ്ലിയുടെ പ്രകടനമെന്ന് ഗാവസ്‌കർ ചൂണ്ടിക്കാട്ടി.എന്നിട്ടും വിൻഡീസ് പര്യടനത്തിന് ഒരുവിധ വിലയിരുത്തലുകളും കൂടാതെ കോഹ്‌ലിയെ നിലനിർത്തി.ഇഷ്‌ടമുള്ളിടത്തോളം കാലം അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാമെന്ന സ്ഥിതിയാണ് നിലവിൽ. 

ദേശീയ ദിനപത്രത്തിലെ കോളത്തിലാണ് ഗാവസ്‌കർ നിലപാട് തുറന്നടിച്ചത്.എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പരാജയമാണെന്നും ക്രിക്കറ്റ് ഇതിഹാസം വിലയിരുത്തി. ലോകകപ്പിലെ തോല്‍വിയോടെ കോഹ് ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടൊരു പ്രമുഖന്‍ നായകനാരാവണമെന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നത് ആദ്യമാണ്.

ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്കായി വീതംവയ്ക്കണമെന്ന അഭിപ്രായം ക്രിക്കറ്റ് ലോകത്ത് ശക്തമാകുമ്പോഴാണ് കോഹ്ലിക്കെതിരെ ഗാവസ്‌കർ രംഗത്തെത്തിയതെന്നതും ശ്രദ്ധേയം.അതേസമയം,രോഹിത് ശര്‍മ്മയും കോഹ്ലിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ കോച്ച് രവിശാസ്ത്രി നിഷേധിച്ചു.രോഹിതുമായി ഒരുവിധ പ്രശ്‌നവുമില്ലെന്ന് കോഹ്‌ലിയും അവകാശപ്പെട്ടു.

Other News