പാകിസ്ഥാനിലേക്ക് ഇല്ലെന്ന് താരങ്ങൾ തീരുമാനിച്ചത് ഭയംമൂലം :ശ്രീലങ്കന്‍ കായിക മന്ത്രി


SEPTEMBER 12, 2019, 2:02 AM IST

കൊളംബോ:പാകിസ്ഥാനിലേക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വരാന്‍ വിസമ്മതിച്ചത് ഭയം മൂലമാണെന്ന് ശ്രീലങ്കന്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാന്റോ. 2009 ല്‍ താരങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ നിന്ന് അവര്‍ ഇനിയും മോചിതരായിട്ടില്ല. ക്രിക്കറ്റ് താരങ്ങള്‍ വരാന്‍ വിസമ്മതിച്ചതിന് പിന്നില്‍ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന പാകിസ്ഥാന്‍ മന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും ഫെര്‍ണാന്റോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗ, മാത്യൂസ്, കരുണരത്‌നെ, ദിനേഷ് ചണ്ടിമാല്‍, സുരംഗ ലക്മല്‍, തിസാര പെരേര, അഖിലധനഞ്ജയ, ധനഞ്ജയ ഡിസില്‍വ, കുശാല്‍ പെരേര, നിറോഷന്‍ ഡിക് വെല്ല എന്നിവര്‍ പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ബോര്‍ഡ് ഉറപ്പ് നല്‍കിയെങ്കിലും താരങ്ങൾ തീരുമാനത്തില്‍ ഉറച്ച്‌ നിന്നു. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് തീരുമാനത്തിന് പിന്നിലെന്ന ആരോപണവുമായി പാക് മന്ത്രി ഫവാദ് ഹുസൈന്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഫെര്‍ണാന്റോ.

ഈ മാസം 27 നാണ് പരമ്പര ആരംഭിക്കുന്നത്. വിസമ്മതം അറിയിച്ചവരെ ഒഴിവാക്കിയാണ് നിലവില്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടീം ശക്തമാണെന്നും പാകിസ്ഥാനെ അവരുടെ മണ്ണില്‍ വച്ച്‌ തോല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

2009ല്‍ പര്യടനത്തിനായി പാകിസ്ഥാനിലേക്ക് പോയ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ കളിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചത്.