ബലാത്സംഗക്കേസ് പണം തട്ടാനുള്ള ശ്രമം; യുവതിയുമായുള്ള സ്വകാര്യ ചാറ്റ് പുറത്തു വിട്ട് നെയ്മര്‍


JUNE 3, 2019, 12:03 PM IST


തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗക്കേസിന് വിശദീകരണവുമായി ബ്രസീല്‍ ഫുട്‌ബോളര്‍ നെയ്മര്‍. ആരോപണമുന്നയിച്ച യുവതിയുമായുള്ള സ്വകാര്യ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടാണ് നെയ്മര്‍ വിശദീകരണവുമായെത്തിയത്. നേരത്തെ നെയ്മറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാനേജ്‌മെന്റ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ആ യുവതിയുമായുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളും അവരുമായി നടത്തിയ ചാറ്റും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുകയാണ്. കൂടുതലായി ഒന്നും സംഭവിച്ചിട്ടില്ല എന്നു വ്യക്തമാക്കാന്‍ തുറന്നുപറയേണ്ടത് ആവശ്യമായിരിക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഏതു തരത്തിലുള്ള ബന്ധം സംഭവിക്കുമോ അതു മാത്രമേ ആ ദിവസവും നടന്നിട്ടുള്ളൂ. എല്ലാ കാമുകീ-കാമുകന്‍മാര്‍ക്കുമിടയില്‍ നടക്കുന്ന കാര്യം തന്നെയാണ് അത്. അടുത്ത ദിവസവും തെറ്റായി ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ മെസ്സേജ് അയക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ പേരില്‍ ബലാത്സംഗ ആരോപണമാണ് വന്നിരിക്കുന്നത്. അത് ചെറുതായി കാണാന്‍ സാധിക്കുന്ന ഒരു കാര്യമല്ല. ശക്തമായ ഒരു ആരോപണമാണ്. എല്ലാ തരത്തിലും എന്നെ ബാധിക്കുന്ന ഒന്ന്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് എന്നെ അദ്ഭുതപ്പെടുത്തി.

കാരണം അവര്‍ ആരോപിക്കുന്നതു പോലെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത്. ഇതു കേള്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുന്നുണ്ട്. എന്നെ അറിയുന്നവര്‍ക്കെല്ലാം എന്റെ സ്വഭാവം അറിയാം. ഞാന്‍ ഇതുപോലെ ഒരു കാര്യം ചെയ്യില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതൊരു കെണിയായിരുന്നു. ഞാന്‍ അതില്‍ വീണു. ഇനി ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠം കൂടിയാണ് ഇത്.

ഇത്തരത്തില്‍ അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. വളരെ സങ്കടകരമായ കാര്യമാണ് അത്. എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഈ ആരോപണങ്ങള്‍ വേദനിപ്പിച്ചു. മികച്ച രീതിയില്‍ വളര്‍ന്ന കുട്ടിയാണ് ഞാന്‍. എന്നിട്ടും ഇതുപോലെ ഒരു കെണിയില്‍ അകപ്പെട്ടു. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇതുപോലെ എപ്പോഴും സത്യസന്ധനായിരിക്കും. വീഡിയോയില്‍ നെയ്മര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.