ഫെഡററെ വീഴ്ത്തി ദ്യോക്കോവിക്കിന് അഞ്ചാം വിംബിൾഡൺ കിരീടം


JULY 15, 2019, 3:44 PM IST

ലണ്ടൻ: നാല് മണിക്കൂറും 55 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ വീഴ്ത്തി സെർബിയൻ താരം നൊവാക് ദ്യോക്കോവിക്ക് ഇത്തവണത്തെ വിംബിൾഡൺ ചാമ്പ്യനായി. ദ്യോക്കോവിക്കിന്റെ അഞ്ചാം വിംബിൾഡൺ കിരീടമാണിത്.  ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ചാണ് ദ്യോക്കോവിക്ക് കിരീടത്തിൽ മുത്തമിട്ടത്. സ്‌ക്കോർ: 7-6, 1-6, 7-6, 4-6, 13-12.

ആദ്യ സെറ്റിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷം രണ്ടാം സെറ്റ് ആധികാരികമായി തന്നെ ഫെഡറർ സ്വന്തമാക്കി. (1-6).അടുത്ത സെറ്റിൽ ടൈബ്രേക്കറിലൂടെ ദ്യോക്കോവിക്ക്  മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും നാലാം സെറ്റ് വീണ്ടും ഫെഡററുടെ കയ്യിലായി. ഇതോടെ 

നിർണായക അഞ്ചാം സെറ്റിൽ രണ്ട് മാച്ച് പോയിന്റുകൾ ലഭിച്ചെങ്കിലും അത് മുതലാക്കാതെ പോയ ഫെഡറർ ദ്യോക്കോവിക്കിന്റെ കരുത്തിന് മുന്നിൽ പരാജയം സമ്മതിക്കുകയായിരുന്നു.

വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം  കൊളംബിയൻ താരങ്ങളായ ജുവാൻ സെബാസ്റ്റ്യൻ -കാബേൽ റോബർട്ട് ഫറാ സഖ്യം സ്വന്തമാക്കി. ഫ്രാൻസിന്റെ നിക്കോളാസ് മഹൂട്ട് -എഡ്വോർഡ് റോജർ വാസ്ലിൻ സഖ്യത്തെ നേരിട്ടുള്ള അഞ്ച് സെറ്റുകൾ നീണ്ട മൽസരത്തിൽ പരാജയപ്പെടുത്തിയാണ് കൊളംബിയൻ സഖ്യം കരീടം നേടിയത്. കൊളംബിയൻ സഖ്യത്തിന്റെ ആദ്യ ഗ്രാന്റ്സ്ലാം കീരീടം കൂടിയാണ് ഇത്. സ്‌കോർ 6-7 (5-7), 7-6 (7-5) 7-6(8-6), 6-7(5-7) 6-3. മൽസരം നാലു മണിക്കൂരും 56 മിനിറ്റും നീണ്ടുനിന്നു.

നേരത്തെ ഏഴുതവണ ചാമ്പ്യനായ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് റൊമാനിയൻ താരം സിമോണ ഹാലെപ് തന്റെ കന്നി വിംബിൾഡൺ വനിതാ കിരീടം സ്വന്തമാക്കിയിരുന്നു.  6-2, 6-2നായിരുന്നു ഹാലെപിന്റെ വിജയം. വിംബിൾഡൺ നേടുന്ന ആദ്യ റൊമാനിയക്കാരിയായും ഹാലെപ്  മാറി.ഹാലെപിന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപണും സിമോണ ഹാലെപ് നേടിയിരുന്നു. കഴിഞ്ഞ വർഷവും സെറീന വിംബിൾഡൺ ഫൈനലിൽ തോറ്റിരുന്നു.

യു.എസ് ഓപണിനുശേഷം തുടർച്ചയായ രണ്ടാം ടൂർണമെന്റ്  ഫൈനലിലാണ് സെറീന അടിയറവ് പറയുന്നത്. വിംബിൾഡണിലെ തോൽവിയോടെ 24 ഗ്രാന്റ്സ്ലാം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള സെറീന മോഹം ഏതാണ്ട് അവസാനിച്ചു. 37 കാരിയായ സെറീനയ്ക്ക് അടുത്തവർഷം ഇതേ പ്രകടനം കാഴ്ചവയ്ക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.

Other News