ആരാധിക്കേണ്ടത് ദൈവത്തെയാണ്, മെസ്സി ദൈവമല്ല; ഫ്രാന്‍സിസ് മാര്‍പാപ്പ


APRIL 2, 2019, 4:37 PM IST

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ദൈവമല്ലെന്നും മെസ്സിയെ അങ്ങനെ വിളിക്കുന്നത് ദൈവനിന്ദയാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

സ്പാനിഷ് ടെലിവിഷന്‍ ചാനലായ ലാ സെക്സ്റ്റയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മെസ്സിയെ ദൈവമെന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. ''(മെസ്സിയെ) അങ്ങനെ വിളിക്കുന്നത് ദൈവനിന്ദയാണ്, നിങ്ങളങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. മെസ്സിയെ ദൈവത്തെ പോലെ ആരാധിക്കുന്നുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്. ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടത്. മെസ്സിയെ ഇങ്ങനെ വിളിക്കുന്നതെല്ലാം ആളുകളുടെ വിശേഷണങ്ങള്‍ മാത്രമാണ്''  മാര്‍പ്പാപ്പ വ്യക്തമാക്കി.

അതേസമയം മെസ്സിയുടെ കളി കാണുന്നത് മഹത്തരമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ അദ്ദേഹത്തിന്റെ ഇഷ്ട ക്ലബ്ബ് അര്‍ജന്റീന ക്ലബ്ബായ സാന്‍ ലോറെന്‍സോ ഡി അല്‍മാഗ്രോയാണ്.