പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം


JUNE 11, 2019, 2:40 PM IST


പോര്‍ട്ടോ: ഹോളണ്ടിനെ തോല്‍പിച്ച പോര്‍ച്ചുഗലിന് പ്രഥമ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം.എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. 60ാം മിനിറ്റില്‍ 22കാരനായ ഗോണ്‍കാലോ ഗുയെഡസാണ് പറങ്കിപ്പടയുടെ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി കഴിഞ്ഞ എട്ടു കളികളില്‍ ഗുയെഡസ് നേടുന്ന മൂന്നാമത്തെ ഗോളാണിത്. സ്വന്തം കാണികള്‍ക്കു മുന്നിലായിരുന്നു പോര്‍ച്ചുഗലിന്റെ കിരീടനേട്ടം. ഇതോടെ യൂറോ കപ്പിനു പിന്നാലെ യുവേഫ നാഷന്‍സ് ലീഗും പോര്‍ച്ചുഗലിന്റെ ഷെല്‍ഫിലെത്തി. കളിയുടെ തുടക്കംമുതല്‍ തന്നെ ഹോളണ്ട് പ്രതിരോധത്തെ വിറപ്പിക്കാന്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിനിരന്ന പോര്‍ച്ചുഗല്‍ മുന്നേറ്റത്തിനായി. മാഞ്ചെസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നായിരുന്നു ഗുയെഡസിന്റെ വിജയഗോള്‍. ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബെര്‍ണാഡോ സില്‍വയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി.