ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു


JULY 6, 2019, 1:28 PM IST

ലണ്ടന്‍:പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിമരിച്ചു. ലോകകപ്പിന് പിന്നാലെയാണ് മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മാലിക്ക് തീരുമാനം ആരാധകരെ അറിയിക്കുകയായിരുന്നു. 

'ഇന്ന് ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും.' മാലിക്ക് ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ മത്സരശേഷം ടീമംഗങ്ങള്‍ ഷുഐബ് മാലിക്കിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു. 

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച മാലിക്ക് എട്ടു റണ്‍സ് മാത്രമാണെടുത്തത്. മോശം ഫോമിനെത്തുടര്‍ന്ന് പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയായിരുന്നു മാലിക്കിന്റെ അവസാന ഏകദിനം. 

കരിയറില്‍ 287 ഏകദിനങ്ങളില്‍ നിന്ന് 34.55 ബാറ്റിങ് ശരാശരിയില്‍ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37കാരന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.

ഇന്ത്യന്‍ വനിതാ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെ ഭര്‍ത്താവുകൂടിയാണ് ഷൊയ്ബ് മാലിക്ക്. നേരത്തെ പാകിസ്ഥാന്‍-ഇന്ത്യകായികതാരങ്ങള്‍ തമ്മിലുള്ള വിവാഹം ഒരേ സമയം വിവാദവും മാധ്യമശ്രദ്ധ നേടിയതുമായിരുന്നു.