ശ്രീകാന്ത് ക്വാര്‍ട്ടറില്‍, സിന്ധു പുറത്ത്


APRIL 6, 2019, 4:42 PM IST

ക്വാലാലംപുര്‍: ഇന്ത്യയുടെ കെ. ശ്രീകാന്ത് മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ഖോസിത് ഫെത്പ്രതഭിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-11, 21-15. മത്സരം 54 മിനിറ്റ് നീണ്ടുനിന്നു. എന്നാല്‍, വനിതാ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 18-21, 19-21. മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ മലേഷ്യയുടെ താന്‍ കിയാന്‍ മെങ്-ലായി പെയ് ജിങ് സഖ്യനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോറ്റു. സ്‌കോര്‍: 21-15, 17-21, 13-21. ഇന്ത്യയുടെ സൈന നേവാളും എച്ച്.എസ്. പ്രണോയും നേരത്തെ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.