ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്; ജിന്‍സണ് ഇരട്ടമെഡല്‍, മീറ്റില്‍ മലയാളിത്തിളക്കം......


APRIL 4, 2018, 1:08 PM IST


പട്യാല (പഞ്ചാബ്) : ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിനം രണ്ട് സ്വര്‍ണവും നാല് വെള്ളിയുമായി മലയാളിതാരങ്ങള്‍ തിളങ്ങി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്രയും സ്വര്‍ണമണിഞ്ഞു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ തമിഴ്നാട് താരം ധരുണ്‍ അയ്യാസാമി കോമണ്‍വെല്‍ത്ത് യോഗ്യതയും നേടി.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി പരിക്കേറ്റുവീണെങ്കിലും വെള്ളി നേടി. ഇതില്‍ സ്വര്‍ണം നേടിയ ഹരിയാണയുടെ ഹര്‍പീന്ദര്‍ സിങ് കോമണ്‍വെല്‍ത്ത് യോഗ്യതയും നേടി. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന്‍ പൗലോസ് (14.08 സെക്കന്‍ഡ്), വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. അനു(58.05 സെക്കന്‍ഡ്), ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫ് എന്നിവരാണ് വെള്ളി നേടിയത്. പി.യു. ചിത്രയ്ക്ക്( 4 മിനിറ്റ് 15.25 സെക്കന്‍ഡ്) നേരിയ വ്യത്യാസത്തിനാണ് കോമണ്‍വെല്‍ത്ത് യോഗ്യതാ മാര്‍ക്ക് (4:10.00) നേടാനാകാതെ പോയത്.