ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി.വി. സിന്ധു സെമിയില്‍ ......


APRIL 4, 2018, 2:08 PM IST

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക്‌ തോല്‍പ്പിച്ചാണ് സിന്ധു സെമി ഉറപ്പിച്ചത്. ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് ഗെയിമിലും നടന്നത്. സ്‌കോര്‍- (20-22, 21-18, 21-18).

ആദ്യ ഗെയിമില്‍ സിന്ധുവും നെസോമിയും ഓപ്പത്തിനൊപ്പം മുന്നേറി, എന്നാല്‍ അവസാന നിമിഷം 20-22 എന്ന സ്‌കോറില്‍ ഗെയിം നൊസോമി പിടിച്ചു. രണ്ടാം ഗെയിം 21-18 എന്ന സ്‌കോറില്‍ സിന്ധുവും നേടിയതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു. 11-14 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി സിന്ധു 21-18 ന് മൂന്നാം ഗെയിം മത്സരവും സ്വന്തമാക്കുകയായിരുന്നു.

ഇതാദ്യമായാണ് സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ സെമിയിലെത്തുന്നത്. ജപ്പാന്റെ അകാന യമഗുച്ചിയും സ്‌പെയിനിന്റെ കരോളിന മാരിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെയാണ് സെമിയില്‍ സിന്ധു നേരിടുക.