ഷാക്കിബ് അല്‍ഹസ്സന്‍ യുവ് രാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പം


JUNE 25, 2019, 2:32 PM IST

അഫ്ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സനെ മറ്റൊരു റെക്കോര്‍ഡിലെത്തിച്ചു. ഒരു ലോകകപ്പ് മാച്ചില്‍ അന്‍പത് റണ്‍സും അഞ്ചുവിക്കറ്റും നേടുന്ന രണ്ടാമത്തെ ഓള്‍റൗണ്ടര്‍ ആയിരക്കയാണ് ഷാക്കിബ്. ഇതിന് മുന്‍പ് 2011 ലോകകപ്പില്‍ അയര്‍ലന്റിനെതിരെ യുവ് രാജ് സിംഗാണ് ഒരു മാച്ചില്‍ അര്‍ദ്ധസെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയത്. അന്ന് 31 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവ് രാജ് സിംഗ് 71 പന്തില്‍ 50 റണ്‍സുമെടുത്തു. 

അഫ്ഗാനെതിരായ മത്സരത്തില്‍ 69 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഷാക്കിബ് 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റും വീഴ്ത്തി. ഏകദിനത്തില്‍ ഷാക്കിബിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ലോകകപ്പില്‍ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇതാണ്. ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയുമായിരുന്നു ഇത്.

ഇതോടൊപ്പം ബംഗ്ലാദേശിനായി ലോകകപ്പുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും ഷാക്കിബ് സ്വന്തമാക്കി. ലോകകപ്പില്‍ ആയിരം ക്ലബിലെത്തുന്ന പത്തൊന്‍പതാമനാണ് ഷാക്കിബ്. ഈ ലോകകപ്പിലെ ആറു മത്സരങ്ങളില്‍ നിന്ന് 476 റണ്‍സ് ഷാക്കിബിന്റെ അക്കൗണ്ടിലുണ്ട്. അഞ്ചു തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തു. 11 വിക്കറ്റുകളും സ്വന്തമാക്കി. വിന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സെഞ്ചുറി പ്രകടനവും.