മികച്ച ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ് ഫോണുകള്‍


FEBRUARY 9, 2022, 9:35 PM IST

സിയോള്‍: സാംസങ് ഗാലക്‌സി എസ് 22, എസ് 22 പ്ലസ് ഫോണുകള്‍ പുറത്തിറക്കി. ഏറ്റവും മികച്ച ക്യാമറയുമായി രംഗത്തിറക്കിയ പുതിയ മോഡല്‍ ഫോണുകളില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ നിമിഷത്തിന്റെ എല്ലാ സാധ്യതകളേയും അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതോടൊപ്പം മികച്ചതും മനോഹരവുമായ ഡിസൈന്‍ പരിസ്ഥിതി സൗഹൃദവുമാണ്. 

ഫോട്ടോകളെടുക്കാന്‍ മാത്രമല്ല അവയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പങ്കുവെക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന തരത്തിലാണ് തങ്ങളുടെ പുതിയ മൊബൈല്‍ ക്യാമറകള്‍ മാറ്റിയിരിക്കുന്നതെന്ന് സാംസങ് ഇലക്ട്രോണിക്‌സിന്റെ മൊബൈല്‍ എക്‌സ്പീരിയന്‍സ് ബിസിനസ് പ്രസിഡന്റും തലവനുമായ ടി എം റോഹ് പറഞ്ഞു. രാവും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ക്യാമറ മൊബൈലുകളിലെ ഏറ്റവും മികച്ചതാക്കാനാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ് മൊബൈലുകള്‍ക്ക് ശക്തമായ 50 എം പി മെയിന്‍ ക്യാമറയും 10 എം പി ടെലി ലെന്‍സും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സുമുള്ളതിനാല്‍ എല്ലായ്‌പോഴും ഏറ്റവും മികച്ച ചിത്രമായിരിക്കും ലഭ്യമാവുക. വീഡിയോ ചിത്രീകരിക്കുമ്പോള്‍ പത്ത് വ്യക്തികളെ വരെ ഓട്ടോമാറ്റിക്കായി ക്യാമറ ഫോക്കസില്‍ അഡ്ജസ്റ്റ് ചെയ്യും. അതുകൊണ്ടുതന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നവരെല്ലാം മികച്ച രീതിയിലായിരിക്കും കാണുക. ഏറ്റവും പുതിയ വിഡിസ് സാങ്കേതികത ഉപയോഗപ്പെടുത്തുന്നതിനാല്‍ വൈബ്രേഷന്‍ കുറക്കുകയും ഫോണ്‍ കൈയ്യിലുള്ളയാള്‍ സഞ്ചരിക്കുകയാണെങ്കില്‍ പോലും മനോഹരവും വ്യക്തവുമായ ദൃശ്യങ്ങള്‍ തിരികെ ലഭിക്കുകയും ചെയ്യും. 

ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ് ഫോണുകളില്‍ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നതിനാല്‍ ചിത്രങ്ങള്‍ മികവുറ്റതായിരിക്കും. ഗ്യാലക്‌സി എസ് 22ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഗ്യാലക്‌സി എസ് 22 പ്ലസിന് 6.6 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. മാത്രമല്ല രണ്ട് ഫോണുകളും കാഴ്ചക്കാരന്റെ ചുറ്റുമുള്ള വെളിച്ചത്തിനും നിറത്തിനും അനുസരിച്ച് ഡിസ്‌പ്ലേ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, പച്ച, പിങ്ക് ഗോള്‍ഡ് നിറങ്ങളിലാണ് രണ്ട് മോഡല്‍ ഫോണുകളും ലഭ്യമാവുക.

Other News