വാഷിങ്ടണ്‍: അമേരിക്കയില്‍ ഇരട്ട പൗരത്വം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഒഹിയോയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെര്‍ണി മൊറെനോ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. 'എക്‌സ്‌ക്ലൂസീവ് സിറ്റിസണ്‍ഷിപ്പ് ആക്ട് ഓഫ് 2025' എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റേയോ ഒരു പൗരത്വം മാത്രം തിരഞ്ഞെടുക്കേണ്ടിവരുമെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ബില്‍ പ്രകാരം യു എസ് പൗരന്മാര്‍ ഇനി മുതല്‍ യു എസ് പൗരത്വം ഒഴിവാക്കാതെ മറ്റേതെങ്കിലും പുതിയ വിദേശ പൗരത്വം സ്വീകരിക്കുന്നതിനും വിലക്ക് വരും. ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നീക്കം. ഇതില്‍ ഗ്രീന്‍ കാര്‍ഡ് നിയമങ്ങളിലും തൊഴില്‍ വിസകളിലും അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളിലും മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു.
കൊളംബിയയില്‍ ജനിച്ച മൊറെനോ ഫോക്‌സ് ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ താന്‍ 18-ാം വയസ്സില്‍ കൊളംബിയന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരനായി മാറിയതാണെന്ന് പറഞ്ഞു.
ഇരട്ട പൗരത്വം അവസാനിപ്പിക്കേണ്ട സമയം എത്തിയിരിക്കുന്നുവെന്നും മൊറെനോ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ സര്‍ക്കാരിന്റെ നിലവിലെ നയം പ്രകാരം യു എസ് പൗരന്മാര്‍ക്ക് വിദേശ പൗരത്വമുണ്ടെങ്കിലും അത് യു എസ് പൗരത്വത്തിന് ഭീഷണിയാകില്ല. യു എസ് പൗരന് ഒരേസമയം ഒന്നിലധികം രാജ്യങ്ങളിലെ പൗരത്വം നിലനിര്‍ത്താം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ മൊറെനോയുടെ പുതിയ ബില്‍ നടപ്പായാല്‍ ഈ നയം മാറും.
പുതിയ നിയമം പാസായാല്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും (ഡി എച്ച് എസ്) രാജ്യത്തെ ഇരട്ട പൗരന്മാരെ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കേണ്ടിവരും.
ഇത്തരത്തില്‍ രണ്ട് പൗരത്വമുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിദേശ പൗരത്വം ഉപേക്ഷിക്കുകയോ യു എസ് പൗരത്വം ഔദ്യോഗികമായി വിടുകയോ എന്നിവയില്‍ ഒന്ന് സ്വീകരിക്കേണ്ടി വരും. അങ്ങനെ ചെയ്യാത്തവര്‍ക്ക് യു എസ് പൗരത്വം നഷ്ടമാവുകയും ചെയ്യും.
സ്വമേധയോ മറ്റൊരാളുടെ പ്രേരണയാലോ യു എസ് പൗരത്വം രാജിവെക്കുന്നവര്‍ എല്ലാവരും 'നോണ്‍-സിറ്റിസണ്‍' വിഭാഗത്തില്‍ പെടുത്തപ്പെടുകയും കുടിയേറ്റ നിയമങ്ങള്‍ പ്രകാരം വിദേശികളായി പരിഗണിക്കപ്പെടുകയും ചെയ്യും.
പുതിയ നിയമം പാസായാല്‍ നിലവില്‍ ഇരട്ട പൗരത്വമുള്ള എല്ലാ അമേരിക്കക്കാരും ഏത് രാജ്യത്തോട് വിശ്വാസം പുലര്‍ത്തണമെന്നത് തീരുമാനിക്കേണ്ടിവരും.
