ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്‌കൈലസ് സെന്റര്‍ ട്രെയിനിംഗ് അക്കാദമിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ഡെപ്യൂട്ടിമാര്‍ കൊല്ലപ്പെട്ടു. 160 വര്‍ഷത്തിലേറെയായി വകുപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണിത്. കിഴക്കന്‍ ലോസ് ഏഞ്ചല്‍സിലാണ് സംഭവം നടന്നത്.
ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആര്‍സന്‍ എക്‌സ്‌പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥര്‍ രാവിലെ 7:30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വ്യാഴാഴ്ച സാന്താ മോണിക്കയില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമ നിര്‍വ്വഹണ വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം അതിശക്തമായിരുന്നുവെന്നും ചില്ലുകള്‍ ചിതറുകയും ആളുകള്‍ നിലവിളിക്കുകയും ചെയ്തതായി ജീവനക്കാര്‍ വെളിപ്പെടുത്തി.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച ഡെപ്യൂട്ടിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂണ വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, മരിച്ച ഉദ്യോഗസ്ഥര്‍ക്ക് 19 മുതല്‍ 33 വര്‍ഷം വരെ സേവന പരിചയമുണ്ടെന്നാണ്. 'അവര്‍ ഞങ്ങളുടെ മികച്ച ഉദ്യോഗസ്ഥരായിരുന്നു,' ലൂണ പറഞ്ഞു. 'ആര്‍സന്‍ എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യക്തികള്‍ക്ക് വര്‍ഷങ്ങളുടെ പരിശീലനമുണ്ട്... അവര്‍ മികച്ച വിദഗ്ദ്ധരാണ്, നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇന്ന് മൂന്ന് പേരെ നഷ്ടപ്പെട്ടു.' സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്നും ലൂണ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനവും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളും ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലുടനീളം ഞെട്ടല്‍ ഉളവാക്കി. കൗണ്ടി കെട്ടിടങ്ങളില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി ദുഃഖാചരണം നടത്തുകയും ചെയ്തു.
