ഐഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


SEPTEMBER 11, 2021, 11:58 PM IST

ന്യൂജേഴ്‌സി: ഐഡ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള പ്രളയത്തില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിധി റാണ (18), ആയുഷ് റാണ (21) എന്നിവരുടെ മൃതദേഹങ്ങളാണ് പസായിക് നദിയില്‍ നിന്ന് കണ്ടെത്തിയത്. അടുത്തടുത്ത ദിവസങ്ങളിലാണ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പാസായിക്ക് മേയര്‍ ഹെക്ടര്‍ കാര്‍ലോസ് ലോറ അറിയിച്ചു. മെഡിക്കല്‍, ഡെന്റല്‍ എക്‌സാമിനര്‍ മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

സൈറ്റണ്‍ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് നിധി. മോണ്ട് കെയര്‍ യൂണിവേഴ്‌സിറ്റിയിലാണ് ആയുഷ് പഠിക്കുന്നത്. ഇരുവരും പ്രോഗ്രാം കിംഗും ക്വീനുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അസോസിയേറ്റ് ഡിഗ്രിക്ക് തുല്യമായ ക്രെഡിറ്റോടെയാണ് നിധി സ്‌കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്തത്. 

പ്രത്യേക പരിശീലനം നേടിയ നായ്ക്കളെയും മുങ്ങല്‍ വിദഗ്ധരെയും പോലീസ് ബോട്ടുകളും  ഹൈ-ഡെഫനിഷന്‍ സോണാര്‍ പോലുള്ള സന്നാഹങ്ങളും സ്ഥലത്തെത്തിച്ച് ഇരുവര്‍ക്കുമായി തെരച്ചില്‍ നടത്തിയിരുന്നു. കാറില്‍ നിന്നിറങ്ങവെയാണ് നിധിയും ആയുഷ് റാണയും പ്രളയത്തില്‍ ഒഴുകിപ്പോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Other News