ന്യൂയോര്‍ക്ക്: യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ബ്രയാന്‍ തോംസണെ കൊലപ്പെടുത്തിയതിന് കുറ്റാരോപിതനായ ലൂയിജി മാന്‍ജിയോണിന് വെടിവയ്പ്പിന്റെ വിശദമായ പദ്ധതികളുണ്ടായിരുന്നെന്ന് പൊലീസ്. ഇയാളില്‍ നിന്നും പദ്ധതികള്‍ എഴുതിയ ഒരു നോട്ട്ബുക്ക് കണ്ടെത്തിയതായി രണ്ട് നിയമപാലകര്‍ പറഞ്ഞു.
ഒരു 'ബീന്‍-കൗണ്ടര്‍' കോണ്‍ഫറന്‍സില്‍ പോയി ഒരു എക്‌സിക്യൂട്ടീവിനെ കൊലപ്പെടുത്തിയതായി നോട്ട്ബുക്കില്‍ വിവരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ നിക്ഷേപകരുടെ ദിനാചരണത്തിന് തയ്യാറെടുക്കുന്നതിനായി വെസ്റ്റ് 54-ാം സ്ട്രീറ്റിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തോംസണ്‍ നേരത്തെ എത്തിയ സമയത്താണ് ഡിസംബര്‍ 4ന് വെടിവെപ്പ് നടന്നത്.
അല്‍ടൂണ മക്ഡൊണാള്‍ഡിലെ ഒരു ജീവനക്കാരന്‍ നല്‍കിയ സൂചനയെ തുടര്‍ന്നാണ് 26കാരനായ മാന്‍ജിയോണിനെ പിടികൂടിയത്. ഇയാളെ തിരിച്ചറിഞ്ഞ ഒരാള്‍ അറിയിക്കുകയായിരുന്നു.
വെടിവെച്ച തോക്ക്,
പ്രേതത്തോക്ക്, കൊലയാളി ഉപയോഗിച്ചതെന്ന് കരുതുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പുറമേ, യഥാര്‍ഥ പേരുള്ള തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തുടങ്ങുന്ന 262 വാക്കുകളുള്ള കൈയക്ഷര കുറിപ്പും അധികൃതര്‍ കണ്ടെത്തി.
കൊലപാതകക്കുറ്റം നേരിടുന്ന മാന്‍ജിയോണ്‍ ന്യൂയോര്‍ക്കിലേക്ക് കൈമാറുന്നതിനെതിരെ ആവശ്യം ഉന്നയിച്ചു. ഇതിന് ആഴ്ചകള്‍ എടുത്തേക്കാമെങ്കിലും ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.