അരനൂറ്റാണ്ട് ജയിലില്‍ : റോബര്‍ട്ട് കെന്നഡിയുടെ ഘാതകന് പരോള്‍ നിഷേധിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം


JANUARY 14, 2022, 9:30 AM IST

കാലിഫോര്‍ണിയ:  യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് എഫ് കെന്നഡിയെ വധിച്ച കേസില്‍ 50 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന 77 കാരനായ സിര്‍ഹാന്‍ സിര്‍ഹാന് പരോള്‍ നല്‍കണമെന്ന അപേക്ഷ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം തള്ളി.

'പതിറ്റാണ്ടുകളായി ജയിലില്‍ കിടന്നിട്ടും  സെനറ്റര്‍ കെന്നഡിയെ വധിക്കുന്നതിലേക്ക് നയിച്ച പോരായ്മകള്‍ പരിഹരിക്കുന്നതില്‍ (സിര്‍ഹാന്‍) പരാജയപ്പെട്ടുവെന്ന് തന്റെ തീരുമാനത്തിലെഴുതിയ ന്യൂസോം കെന്നഡി തന്റെ 'രാഷ്ട്രീയ നായകന്‍ ആണെന്ന് ഉദ്ധരിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ താന്‍ എടുത്ത അതേ തരത്തിലുള്ള അപകടകരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തടയുന്ന ഉള്‍ക്കാഴ്ച സിര്‍ഹാനില്ല എന്നും പരോള്‍ അപേക്ഷ നിരസിക്കുന്ന ഉത്തരവില്‍ ന്യൂസോം ചൂണ്ടിക്കാട്ടി.

കെന്നഡിയുടെ രണ്ട് ആണ്‍മക്കള്‍ മോചനത്തിന് അനുകൂലമായി വാദിക്കുകയും പ്രോസിക്യൂട്ടര്‍മാര്‍ എതിര്‍ക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരോള്‍ ബോര്‍ഡ് സിര്‍ഹാനെ മോചിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ചെറുപ്പത്തില്‍ ചെയ്ത കുറ്റം ആയതിനാല്‍ അത് പാനല്‍ പരിഗണിക്കണമെന്ന പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പൊതു സുരക്ഷയ്ക്ക് അപകടകാരിയല്ലെന്ന് വിധിച്ചുകൊണ്ടായിരുന്നു പരോള്‍ ബോര്‍ഡിന്റെ തീരുമാനം.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് യുഎസ് സെനറ്ററും മുന്‍ യുഎസ് അറ്റോര്‍ണി ജനറലുമായിരുന്ന കെന്നഡിയെ 1968-ല്‍ കൊലപ്പെടുത്തിയതിന് സിര്‍ഹാന്‍ യഥാര്‍ത്ഥത്തില്‍ വധശിക്ഷയാണ് നേരിട്ടിരുന്നത്. കാലിഫോര്‍ണിയ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ വിജയം പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം ലോസ് ഏഞ്ചല്‍സിലെ അംബാസഡര്‍ ഹോട്ടലില്‍ വെച്ചാണ് കെന്നഡി കൊല്ലപ്പെട്ടത്. കെന്നഡിയെ വെടിവെച്ച് കൊന്നതും മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതും താന്‍ ഓര്‍ക്കുന്നില്ലെന്ന് സിര്‍ഹാന്‍ ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തി, എന്നാല്‍ അടുത്തിടെ നടന്ന പരോള്‍ ഹിയറിംഗില്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ പിഞ്ചുകുഞ്ഞായിരുന്ന ഡഗ്ലസ് കെന്നഡി, കഴിഞ്ഞ വര്‍ഷത്തെ ഹിയറിംഗില്‍ പങ്കെടുക്കുകയും സിര്‍ഹാന്റെ മോചനത്തിനായി പാനലിനെ പ്രേരിപ്പിക്കുകയും ചെയ്തു. സിര്‍ഹാന്റെ പശ്ചാത്താപത്തില്‍ ഡഗ്ലസ് കണ്ണുനീര്‍ പൊഴിച്ചുവെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

 ''മിസ്റ്റര്‍ സിര്‍ഹാനെ  മുഖാമുഖം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിശയിച്ചുപോയി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അയാളെയും അയാളുടെ പേരിനെയും ഭയപ്പെട്ടാണ് ഞാന്‍ എന്റെ ജീവിതം നയിച്ചതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അനുകമ്പയ്ക്കും സ്‌നേഹത്തിനും യോഗ്യനായ ഒരു മനുഷ്യനായി അദ്ദേഹത്തെ കണ്ടതില്‍ ഞാന്‍ ഇന്ന് നന്ദിയുള്ളവനാണ്. ഡഗ്‌ളസിനെ ഉദ്ധരിച്ച് എപി എഴുതി.

മറ്റൊരു മകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും സിര്‍ഹാനെ മോചിപ്പിക്കണമെന്ന് ഈയിടെ ന്യൂസോമിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ സ്വന്തം മാനസികരോഗ വിദഗ്ധര്‍ സിര്‍ഹാന്‍ സമൂഹത്തിന് ഭീഷണിയല്ലെന്ന് കണക്കാക്കുകയും പോലീസിന്റെ യഥാര്‍ത്ഥ അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. 2018-ല്‍ താന്‍ സിര്‍ഹാനുമായി കൂടിക്കാഴ്ച നടത്തിയെന്നും, 'സൗമ്യനും വിനീതനും ദയയുള്ളവനും ദുര്‍ബലനും നിരുപദ്രവകാരിയും' ആണെന്ന്  കണ്ടെത്തിയതായും കെന്നഡി ജൂനിയറും പറഞ്ഞു.

വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട പോള്‍ ഷ്രാഡും സിര്‍ഹാന്റെ മോചനത്തിനായി വാദിച്ചു.

അതേസമയം തന്റെ പിതാവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത റോറി കെന്നഡി ഉള്‍പ്പെടെ, ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഒമ്പത് മക്കളില്‍ ആറ് പേരും പിതാവിന്റെ കൊലയാളിയുടെ മോചനത്തിനെതിരെയാണ് വാദിച്ചത്. കെന്നഡിയുടെ ഭാര്യ എഥല്‍ കെന്നഡിയും സിര്‍ഹാന്‍ ജയിലില്‍ തുടരണമെന്ന് വാദിച്ചു. പുറത്തിറങ്ങി സിര്‍ഹാന് 'വീണ്ടും ഭീകരത കാണിക്കാനുള്ള അവസരം ഉണ്ടാക്കരുത് എന്നായിരുന്നു അവരുടെ ആവശ്യം.

സിര്‍ഹാന്റെ പരോള്‍ ആവശ്യം തള്ളിയ ഗവര്‍ണറുടെ നടപടിയെ ശ്ലാഹിച്ചും നന്ദി പറഞ്ഞും കെന്നഡി കുടുംബത്തിലെ അംഗങ്ങള്‍ വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കി, ''അദ്ദേഹത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് വലിയ ആശ്വാസമുണ്ടെന്ന് അവര്‍ അറിയിച്ചു. 

Other News