കോവിഡ് വാക്സിനേഷന്‍; ബോധവല്‍ക്കരണ സെമിനാര്‍ ശനിയാഴ്ച


FEBRUARY 23, 2021, 8:49 PM IST

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (ഐനാഗ്) സംയുക്തമായി കോവിഡ് 19 വാക്സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാര്‍ ആരംഭിക്കും.മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍  നടത്തുന്ന സെമിനാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കും സംഘടിപ്പിക്കുക.മെഡിക്കല്‍ സേവന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുജിത് ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറില്‍ അക്കാമ്മ കല്ലേല്‍, പ്രിന്‍സി തോമസ് എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും. കോവിഡിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെമിനാറിന്റെ പ്രസക്തി വളരെ വലുതാണെന്ന് സംഘാടകര്‍ പറഞ്ഞു. നിലവില്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനും വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കുന്നതിനും സെമിനാര്‍ ഉപകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.       - ജീമോന്‍ റാന്നി

Other News