ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നു


MAY 30, 2019, 1:53 AM IST

ഡാളസ്: അമേരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 3.5 ബില്യണ്‍ ഡോളര്‍ മുടക്കി ആറാമതൊരു ടെര്‍മിനല്‍ നിര്‍മിക്കുന്നു. ആഭ്യന്തര - വിദേശ യാത്രകള്‍ക്കായി 24 പുതിയ ഗേറ്റുകളുള്ള ഈ ടെര്‍മില്‍ 2025 ല്‍ പ്രവര്‍ത്തനക്ഷമമാകും. എയര്‍പോര്‍ട്ട് സി.ഇ.ഒ സീന്‍ ഡോണ്‍ഹ്യു വെളിപ്പെടുത്തിയതാണിത്.

അഞ്ചു ടെര്‍മിനലുകളിലായി നിലവില്‍ 164 ഗേറ്റുകളാണ് വിമാനത്താവളത്തിലുള്ളത്. പഴയ ടെര്‍മിലുകളിലൊന്ന് പുതുക്കിപ്പണിയാനും പദ്ധതിയുണ്ട്. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി ബോണ്ടുകള്‍ പുറത്തിറക്കുന്ന കാര്യം വിമാനത്താവള അധികൃതര്‍ പരിഗണിച്ചു വരുന്നു. വാടക ഉയര്‍ത്തിയും, ലാന്‍ഡിംഗ് ഫീസ് വര്‍ധിപ്പിച്ചും വിമാന കമ്പനികളില്‍ നിന്നു തന്നെ ഈ തുക ആത്യന്തികമായി വിമാനത്താവളത്തിനു ലഭിക്കുന്നതാണ്.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഏറ്റവും വലിയ ഹബ്ബായ ഡാളസ് വിമാനത്താവളത്തിന്റെ വികസന പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചു. 230 ലക്ഷ്യസ്ഥാനങ്ങളിലേക്കായി പ്രതിദീനം 900 സര്‍വീസുകളാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള മൊത്തം സര്‍വീസിന്റെ 80 ശതമാനത്തോളമാണിത്. 

2010 നു ശേഷം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ വിമാനത്താവളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കുന്ന ഒന്നായതു കൊണ്ട് വിമാനത്താവള വികസന പദ്ധതികളെ ജനപ്രതിനിധികളും സ്വാഗതം ചെയ്യുന്നു. 


Other News