ലോസ് ഏഞ്ചൽസ് : എൻജിന് തീപിടിച്ചതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിങ്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തിരികെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഡി.എൽ 446 എന്ന നമ്പറിലുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ബോയിങ്ങിന്റെ 767-400 എന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.
വിമാനം പറക്കുന്നതിനിടെ ഇടത് എൻജിനിൽ നിന്ന് തീവരികയായിരുന്നു. വിമാനം പറന്നുയർന്ന ഉടനെ തീകാണുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന്റെ പൈലറ്റുമാർ എ.ടി.സുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ് ആശ്യപ്പെടുകയായിരുന്നു. വിമാനം തീപിടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പസഫിക് സമുദ്രത്തിന് മുകളിലേക്ക് വിമാനം എത്തുന്നതിന് മുമ്പാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എമർജൻസി ലാൻഡിങ്ങിനുള്ള നടപടികൾ പൈലറ്റുമാർ പൂർത്തീകരിക്കുകയായിരുന്നു. തീയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു.
വിമാനഎൻജിന് തീപിടിച്ചത് സംബന്ധിച്ച് ഡെൽറ്റ എയറും പ്രതികരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരത്തിൽ ഡെൽറ്റ എയർലൈൻ വിമാനത്തിന് തീപിടിക്കുന്നത്. ഏപ്രിലിൽ ഒർലാൻഡോയിലും സമാനമായ രീതിയിൽ ഡെൽറ്റ എയർലൈന് തീപിടിച്ചിരുന്നു. ഡെൽറ്റ എയർലൈൻ ഫ്‌ളൈറ്റ് 1213യാണ് അന്ന് അപകടത്തിൽപ്പെട്ടത്. എയർബസിന്റെ എ330 വിമാനത്തിനായിരുന്നു അന്ന് തകരാർ കണ്ടെത്തിയത്.
