വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറക്കുമതികളില്‍ ചുമത്തിയ കര്‍ശന തീരുവകള്‍ അധികാരപരിധി ലംഘിച്ചതായി യു എസ് സുപ്രിം കോടതി വിധിച്ചതിനെ ഡെമോക്രാറ്റ് നേതാക്കള്‍ സ്വാഗതം ചെയ്തു. പ്രസിഡന്റിന്റെ അധികാര പ്രയോഗങ്ങളില്‍ ഒന്നിനെ കോടതി തള്ളിയതായി അവര്‍ വിലയിരുത്തി.
സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമര്‍ വിധിയെ അമേരിക്കക്കാരുടേയും യു എസ് സമ്പദ്വ്യവസ്ഥയുടേയും വിജയം എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ താരിഫ് നികുതി ജീവിതച്ചെലവ് ഉയര്‍ത്തുകയും സമ്പദ്വ്യവസ്ഥയെ അസ്ഥിരമാക്കുയും ചെയ്തു. കുടുംബങ്ങള്‍ കൂടുതല്‍ ചെലവഴിക്കേണ്ടി വരികയും ചെറുകിട വ്യാപാരികളും കര്‍ഷകരും സമ്മര്‍ദ്ദത്തിലായെന്നും വിപണികളില്‍ ഇതിന്റെ പ്രത്യാഘാതമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ആദ്യദിവസം മുതല്‍ തങ്ങള്‍ ഇതാണ് പറയുന്നതെന്നും കോണ്‍ഗ്രസിനെ അവഗണിച്ച് ഏകപക്ഷീയമായി താരിഫ് ചുമത്താന്‍ ഒരു പ്രസിഡന്റിനും കഴിയല്ലന്നും ആ അധികാര അതിക്രമമാണ് പരാജയപ്പെട്ടതെന്നും ഷൂമര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് ഈ വ്യാപാരയുദ്ധം അവസാനിപ്പിച്ച് കുടുംബങ്ങള്‍ക്കും ചെറുകിട വ്യാപാരങ്ങള്‍ക്കും ആശ്വാസം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൗസ് ഡെമോക്രാറ്റിക് വിപ്പ് കാഥറിന്‍ ക്ലര്‍ക്ക് വിധിയെ അമേരിക്കന്‍ ജനതയുടെ വിജയം എന്നു വിശേഷിപ്പിച്ചു. ട്രംപിന്റെ താരിഫുകള്‍ കുടുംബങ്ങള്‍ക്ക് മേല്‍ ചുമത്തിയ അനധികൃത നികുതിയാണിതെന്നും ഭക്ഷ്യവസ്തുക്കള്‍ മുതല്‍ വൈദ്യുതി ബില്ലുകള്‍ വരെ വില ഉയര്‍ത്തിയെന്നും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
ന്യൂജേഴ്സി സെനറ്റര്‍ ആന്‍ഡികിം താരിഫുകള്‍ തുടക്കത്തില്‍ തന്നെ ഉണ്ടായത് തെറ്റായിരുന്നുവെന്ന് വിമര്‍ശിച്ചു. കൊളറാഡോ പ്രതിനിധി ജോ നെഗ്യൂസ് ഇതിനെ ന്യായത്തിന്റെ വിജയം എന്നാണ് വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയ പ്രതിനിധി പീറ്റര്‍ അഗ്വയിലറും ന്യൂയോര്‍ക്ക് പ്രതിനിധി ടോം സൗസിയും കോണ്‍ഗ്രസിന്റെ പങ്ക് ഉറപ്പാക്കിയ വിധിയാണിതെന്ന് അഭിപ്രായപ്പെട്ടു.
ഡെമോക്രാറ്റുകള്‍ മാത്രമല്ല ട്രംപിനെ വിമര്‍ശിച്ചുവരുന്ന ചില റിപ്പബ്ലിക്കന്‍ നേതാക്കളും വിധിയെ സ്വാഗതം ചെയ്തു. കെന്റക്കി സെനറ്റര്‍ റാന്റ് പോള്‍ അടിയന്തരാധികാരം ഉപയോഗിച്ച് ഭാവിയില്‍ ഏതെങ്കിലും പ്രസിഡന്റ് ഏകപക്ഷീയ സാമ്പത്തിക നയം നടപ്പാക്കുന്നത് തടയാന്‍ ഈ വിധി സഹായിക്കുമെന്ന് പറഞ്ഞു.
ടെക്‌സാസ് പ്രതിനിധി ഹെന്റി ക്യുല്ലര്‍ താരിഫ്, നികുതി വിഷയങ്ങളില്‍ അധികാരം കോണ്‍ഗ്രസിനാണെന്ന് വിധി വീണ്ടും ഉറപ്പാക്കിയതായി പറഞ്ഞു. നെവാഡ പ്രതിനിധി സൂസി ലീ താരിഫുകള്‍ തെക്കന്‍ നെവാഡയിലെ ടൂറിസം മേഖലയെ തകര്‍ത്തുവെന്ന് ആരോപിച്ചു.
അതേസമയം, വൈറ്റ് ഹൗസില്‍ ഗവര്‍ണര്‍മാരുമായി നടത്തിയ പ്രഭാതഭക്ഷണ യോഗത്തില്‍ സംസാരിച്ച ട്രംപ് വിധിയെ 'അപമാനം' എന്നാണ് വിശേഷിപ്പിച്ചത്. തന്റെ കൈവശം മറ്റൊരു പദ്ധതിയുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
