അമേരിക്കന്‍ വീരനായകര്‍ക്കായി ദേശീയ ഉദ്യാനം സ്ഥാപിക്കാന്‍ ഉത്തരവിട്ട് ഡോണള്‍ഡ് ട്രംപ്


JULY 4, 2020, 11:03 PM IST

വാഷിങ്ടണ്‍: അമേരിക്കന്‍ വീരനായകര്‍ക്കായി ദേശീയ ഉദ്യാനം സ്ഥാപിക്കാന്‍ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോണ്‍ഫെഡറസിയുമായി ബന്ധപ്പെട്ട സ്മാരകള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കാറുള്ള രാജ്യത്തിന്റെ മഹത്തായ പൈതൃകം സംരക്ഷിക്കണമെന്ന വാദം മുന്നോട്ടുവെച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഉദ്യാനത്തിനുള്ള സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെ പദ്ധതി അവതരിപ്പിക്കാന്‍ കര്‍മ്മ സമിതിക്ക് 60 ദിവസം സമയമാണ് അനുവദിച്ചിരിക്കുന്നത്. അമൂര്‍ത്തമോ ആധുനികവത്കരിച്ചതോ അല്ല ജീവന്‍തുടിക്കുന്ന പുതിയ പ്രതിമകള്‍ വേണമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. 

മെയ് മാസത്തില്‍ മിനെസോട്ടയില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ആഭ്യന്തര യുദ്ധ കാലയളവിലെ കോണ്‍ഫെഡറസിയുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളാണ് പ്രധാനമായും തകര്‍ക്കപ്പെട്ടത്. അമേരിക്കയുടെ പൈതൃകത്തിന്റെ ഭാഗമാണ് തകര്‍ക്കപ്പെട്ട പ്രതിമകളും സ്മാരകങ്ങളും എന്നായിരുന്നു ട്രംപിന്റെ വാദം. റഷ്‌മോറില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ സംസാരിക്കവെ ഇക്കാര്യം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. വംശീയ നീതി പ്രതിഷേധകര്‍ പ്രതിമകളും സ്മാരകങ്ങളും തകര്‍ത്തതിനെ അദ്ദേഹം അപലപിച്ചു. ഇതെല്ലാം അമേരിക്കയുടെ ദേശീയ പൈതൃകത്തിനാണ് ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തില്‍ പ്രകൃതി ഭംഗിയുള്ള സ്ഥലത്തായി 2026 ജൂലൈ നാലിന് ഉദ്യാനം തുറക്കുമെന്നാണ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. സംസ്ഥാന അധികൃതരോടും പൗര സംഘടനകളോടും അതിനായി സംഭാവന നല്‍കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ഉദ്യാനത്തില്‍ സ്ഥാപിക്കാനുള്ള പ്രതിമക്കായുള്ള ട്രംപിന്റെ ചരിത്ര പുരുഷന്മാരുടെ തിരഞ്ഞെടുപ്പ് വിവാദത്തിന് കാരണമായിട്ടുണ്ട്. ജോര്‍ജ് വാഷിങ്ടണ്‍, തോമസ് ജെഫേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പം അതിര്‍ത്തി മനുഷ്യന്‍ ഡേവി ക്രോക്കെറ്റ്, ഇവാഞ്ചലിക്കല്‍ ക്രിസ്റ്റിയന്‍ പ്രസംഗകന്‍ ബില്ലി ഗ്രഹാം, റോണള്‍ഡ് റീഗന്‍, രണ്ടാം ലോക മഹായുദ്ധ നായകരായ ഡഗ്ലസ് മക് ആര്‍തര്‍, ജോര്‍ജ് പാറ്റന്‍ എന്നിവരും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകരായ ഹാരിയറ്റ് ടബ്മാന്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ പ്രതിമയും ഉദ്യാനത്തില്‍ ഇടം തേടും. 

ഇവരെക്കൂടാതെ, അമേരിക്കയെ കണ്ടെത്തുന്നതിലും വികസനത്തിനും സ്വാതന്ത്ര്യത്തിനും ചരിത്രപരമായ സംഭാവന നല്‍കിയതുമായ വ്യക്തികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസ്, ജൂനിപെറോ സെറ, മാര്‍ക്വിസ് ഡെ ലഫായെറ്റെ എന്നിവരുടെ പ്രതിമകളും ഉദ്യാനത്തില്‍ കാണും. എന്നാല്‍ കൊളംബസും സ്പാനിഷ് കത്തോലിക്ക മിഷനറിയായ സെറയും തദ്ദേശീയരായ അമേരിക്കക്കാര്‍ക്ക് വീരോചിതരല്ല. കാരണം അവരുടെ കണ്ടെത്തലുകളാണ് വെള്ളക്കാരുടെ കോളനികളില്‍ തദ്ദേശീയ ജനങ്ങളുടെ അടിമത്വത്തിനും ചൂഷണത്തിനും കാരണമായി തീര്‍ന്നത്. അതുകൊണ്ടുതന്നെ പ്രതിമകള്‍ക്കായി ചരിത്ര പുരുഷന്മാരെ തിരഞ്ഞെടുത്ത് ട്രംപിന്റെ രീതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Other News