വാഷിംഗ്ടണ്‍: അമേരിക്കയുടെ ഒരു സെന്റ് നാണയത്തിന്റെ യാത്ര അവസാനിക്കുന്നു. ട്രഷറി വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും യു എസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ചും ചേര്‍ന്ന് ഫിലഡല്‍ഫിയയിലെ യു എസ് മിന്റില്‍ രാജ്യത്തെ അവസാന ഒരു സെന്റ് നാണയം പുറത്തിറക്കും.
ഈ വര്‍ഷം ആദ്യം പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നാണയ നിര്‍മ്മാണം അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ ഓരോ ഒന്ന് സെന്റ് നാണയം നിര്‍മ്മിക്കാനും 3.7 സെന്റാണ് ചെലവാകുന്നത്. ഈ പ്രക്രിയ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
യു എസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഏകദേശം 300 ബില്യണ്‍ സെന്റ് പ്രചാരത്തിലുണ്ട്. അവ നിയമാനുസൃത പണമെന്ന നിലയില്‍ തുടരും. എങ്കിലും യു എസ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 3.2 ബില്യണ്‍ സൈന്റ് നിര്‍മിച്ചത് ഇനി ഉത്പാദനമുണ്ടാകില്ല.
അടുത്തിടെയായി വ്യാപാര സ്ഥാപനങ്ങള്‍ സെന്റിന് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ ചെറുപണം തിരിച്ചുനല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടപാടുകള്‍ക്ക് തുക 'റൗണ്ട്' ചെയ്യാനുള്ള നിയമനിര്‍മ്മാണം പാസാക്കാന്‍ കോണ്‍ഗ്രസിനോട് വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
