ഫെഡറൽ മിനിമം വേജ് 15 ഡോളർ ; ബിൽ പ്രതിനിധി സഭ പാസാക്കി 


JULY 20, 2019, 9:44 PM IST

വാഷിംഗ്‌ടൺ:അമേരിക്കയിൽ കുറഞ്ഞ വേതനം മണിക്കൂറിൽ 15 ഡോളറാക്കി ഉയർത്തുന്നതിനുള്ള ബിൽ പ്രതിനിധി സഭ പാസാക്കി.ഡെമോക്രാറ്റിക് പാർട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 പേർ വോട്ടു ചെയ്‌തപ്പോൾ 199 പേർ എതിർത്തു. പത്തു വർഷത്തിനു ശേഷമാണു ഫെഡറൽ മിനിമം വേജ് വർധിപ്പിക്കുന്ന ബിൽ പ്രതിനിധി സഭ പാസാക്കുന്നത്. 

ദേശീയ മിനിമം വേതനം 7.25 ൽ നിന്നു വർധിപ്പിക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടി പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.ഇപ്പോൾ പ്രതിനിധി സഭയിൽ മിനിമം വേജ് ബിൽ അവതരിപ്പിച്ച് പാസാക്കിയത് 2020-ലെ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്  പാർട്ടിക്ക് നേട്ടമായി ഉയർത്തിക്കാട്ടാൻ അവസരം നൽകുന്നതാണ്.

മിനിമം വേജ്  ഇപ്പോൾ പ്രതിനിധി സഭ പാസാക്കിയതുപോലെ ഉയർത്തിയാൽ 30 കോടി ജീവനക്കാരുടെ വരുമാനത്തിൽ വൻ വർധനയുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ഇത് ഏറെ സ്വാഗതാർഹമാണെന്നും ഡെമോക്രാറ്റിക് മെജോറിറ്റി നേതാവ് സ്റ്റെനി ഹോയർ പറഞ്ഞു.പ്രമീള ജയ്‌പാൽ, മാർക്ക് പീക്കൻ, സ്റ്റെഫിനി മർഫി എന്നിവരാണു ബിൽ കൊണ്ടുവരുന്നതിനു നേതൃത്വം നൽകിയത്.

പക്ഷെ സെനറ്റിൽ ബിൽ പാസാകുമോ എന്നതിൽ വ്യക്തതയില്ല.പ്രതിനിധി സഭയിൽ ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ്  ഭൂരിപക്ഷമെന്നതാണ് ആശങ്കയ്ക്ക് കാരണം.അവർ ബിൽ പാസാക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.കുറഞ്ഞ വേതനം  15 ഡോളറായി വർധിപ്പിക്കുന്നതു ചെറുകിട വ്യവസായങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Other News