എച്ച് 1 ബി വിസയുള്ളവര്‍ക്കെതിരെ കുടിയേറ്റ വിരുദ്ധ നിലപാടുമായി ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി

എച്ച് 1 ബി വിസയുള്ളവര്‍ക്കെതിരെ കുടിയേറ്റ വിരുദ്ധ നിലപാടുമായി ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി


ഫ്‌ളോറിഡ: എച്ച് 1 ബി വിസയുള്ളവര്‍ക്കെതിരെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളെടുത്ത് ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹെഡ്ജ് ഫണ്ട് സ്ഥാപകനും മുന്‍ ഡോജ് ആര്‍ക്കിടെക്ടുമായ ജെയിംസ് ഫിഷ്ബാക്ക്. 30 വയസ്സുകാരനായ ഫിഷ്ബാക്ക് വിദേശ തൊഴിലാളി വിസകള്‍ക്കെതിരായ ഏറ്റവും ശക്തമായ വിമര്‍ശകനായി നിലനില്‍ക്കുകയും തെരഞ്ഞെടുക്കപ്പെട്ടാല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിജയിച്ചാല്‍ എല്ലാ എച്ച് 1 ബി വിസയുള്ളവരേയും പിരിച്ചുവിടും എന്ന വിവാദ പ്രസ്താവനയും അദ്ദേഹം നടത്തി.

യോഗ്യരായ ഫ്‌ളോറിഡക്കാരെ ഒഴിവാക്കി എച്ച് 1 ബി വിസക്കാര്‍ക്ക് ജോലി നല്‍കുന്ന കമ്പനികളുമായുള്ള കരാറുകളും റദ്ദാക്കും. കമ്പനികള്‍ വീണ്ടും അമേരിക്കക്കാരെ നിയമിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം എക്‌സില്‍  കുറിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബൈറണ്‍ ഡൊണാള്‍ഡ്‌സിനെയും അദ്ദേഹം വിമര്‍ശിച്ചു. അമേരിക്കന്‍ തൊഴിലാളികളെക്കാള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്നായിരുന്നു ഫിഷ്ബാക്കിന്റെ ആരോപണം.

പോളിറ്റിക്കോയുടെ റിപ്പോര്‍ട്ട് പ്രകാരം ഫിഷ്ബാക്ക് കുടിയേറ്റ വിരുദ്ധതയും സംസ്ഥാനത്തെ ജീവിതച്ചെലവ് കുറയ്ക്കലും കേന്ദ്രികരിച്ചുള്ള അജണ്ടയിലൂടെയാണ് പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എച്ച് 1 ബി വിസയുള്ള ജീവനക്കാരെ മാറ്റി അമേരിക്കന്‍ പൗരന്മാരെ നിയമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. കൂടാതെ സംസ്ഥാനത്തെ വീടുടമസ്ഥര്‍ക്ക് പ്രോപ്പര്‍ട്ടി നികുതി ഒഴിവാക്കാനും പരിചയസമ്പന്നനായ ഒരു തന്ത്രജ്ഞനെ ക്യാംപെയ്ന്‍ നിയന്ത്രണത്തിന് ഉള്‍പ്പെടുത്താനും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഫിഷ്ബാക്കിന്റെ പ്രസ്താവനയെ 'ശുദ്ധ രാഷ്ട്രീയ നാടകം' എന്നാണ് വിശേഷിപ്പിച്ചത്. പതിനാണ്ടുകളായി നികുതി അടയ്ക്കുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്ന നിയമാനുസൃത എച്ച് 1 ബി വിസയുള്ളവരെ 'പൊളിറ്റിക്കല്‍ പോയിന്റ്' നേടാന്‍ ശിക്ഷിച്ചാല്‍ ഒരു ഫ്‌ളോറിഡക്കാരനും സമ്പന്നനാകില്ല. അത് മികച്ച കഴിവുള്ള ടെക്, എഞ്ചിനീയറിങ്, ഹെല്‍ത്ത്കെയര്‍ പ്രതിഭകളെ ടെക്സസ്, ഉത്തര കരോലിന, അല്ലെങ്കില്‍ കാനഡയിലേക്ക് എത്തിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും അദ്ദേഹം എഴുതി.

മറ്റൊരാള്‍ അഭിപ്രായപ്പെട്ടത് സംസ്ഥാന ഏജന്‍സികളില്‍ എച്ച് 1 ബി വിസയുള്ളവര്‍ കുറവാണെന്നും കൂടുതല്‍ സ്വകാര്യ മേഖലയിലാണെന്നും അതുകൊണ്ട് ട്വീറ്റും നിര്‍ദ്ദേശവും അര്‍ഥശൂന്യമാണെന്നായിരുന്നു. 

ആദ്യം നിങ്ങളുടെ ആളുകളെ മത്സരാധിഷ്ഠിതമായി പരിശീലിപ്പിക്കണമെന്നും കമ്പനികള്‍ക്ക് നാട്ടില്‍ നല്ല തൊഴിലാളികളെ കിട്ടിയിരുന്നെങ്കില്‍ അവര്‍ വിദേശിയരെ നിയമിക്കുമോ എന്നും പ്രാദേശിക തൊഴില്‍ശക്തി ആവശ്യത്തിന് മികവില്ലാത്തതിനാലാണ് അവര്‍ വിദഗ്ധരെ പുറത്തുനിന്ന് കൊണ്ടുവരുന്നതെന്നും മറ്റൊരാള്‍ കുറിച്ചു.