ഫ്‌ളോറിഡ: അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ- പ്രചാരണ സംഘടനകളിലൊന്നായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സിനെ (കെയര്‍) 'വിദേശ ഭീകര സംഘടന'യായി ഫ്േളാറിഡ ഗവര്‍ണര്‍ റോണ്‍ ഡീസാന്റിസ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ടെക്‌സസ് സ്വീകരിച്ച സമാന നടപടിയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ പ്രസിദ്ധീകരിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിലാണ് ഡീസാന്റിസിന്റെ ഈ നടപടി. മുസ്ലിം ബ്രദര്‍ഹുഡിനെയും ഓര്‍ഡറില്‍ അതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ കെയറിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടില്ല.
ഫ്േളാറിഡയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ രണ്ട് സംഘടനകള്‍ക്കും അവര്‍ക്ക് 'വസ്തുനിഷ്ഠാപരമായ പിന്തുണ' നല്‍കിയവര്‍ക്കും എക്‌സിക്യൂട്ടീവ്- കാബിനറ്റ് ഏജന്‍സികളില്‍ നിന്ന് കരാറുകള്‍, ജോലി അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന് ഓര്‍ഡര്‍ നിര്‍ദ്ദേശിക്കുന്നു.
കെയറും അതിന്റെ ഫ്‌ളോറിഡ ചാപ്റ്ററും അയച്ച ഇമെയില്‍ പ്രസ്താവനയില്‍ 'അഭിപ്രായസ്വാതന്ത്ര്യവിരുദ്ധവും മാനനഷ്ടകരവും' ആയ പ്രഖ്യപനത്തിനെതിരെ ഡീസാന്റിസിനെ കോടതിയില്‍ എതിരിടുമെന്ന് അറിയിച്ചു.
1994ല്‍ രൂപീകരിക്കപ്പെട്ട കെയറിന് രാജ്യത്തുടനീളം 25 ചാപ്റ്ററുകളുണ്ട്.
കഴിഞ്ഞ മാസം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബോട്ട് പുറത്തിറക്കിയ പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെയര്‍ ഫെഡറല്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. അമേരിക്കന്‍ ഭരണഘടനയ്ക്കും ടെക്‌സസ് നിയമങ്ങള്‍ക്കും വിരുദ്ധമാണിതെന്ന് അവര്‍ ആരോപിക്കുന്നു.
ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ് ഈജിപ്തില്‍ രൂപം കൊണ്ട മുസ്ലിം ബ്രദര്‍ഹുഡ് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ നേതാക്കള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ അക്രമം ഉപേക്ഷിച്ചെന്നും തെരഞ്ഞെടുപ്പുകള്‍ പോലുള്ള സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഇസ്ലാമിക് ഭരണരീതി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ ചില ഭരണകൂടങ്ങള്‍ അതിനെ ഭീഷണിയായി കാണുന്നുണ്ട്.
