ട്രംപ് മാപ്പ് നല്‍കിയതിന് പിന്നാലെ ഹൊണ്ടുറാസ് മുന്‍ പ്രസിഡന്റ് ജയില്‍ മോചിതനായി

ട്രംപ് മാപ്പ് നല്‍കിയതിന് പിന്നാലെ ഹൊണ്ടുറാസ് മുന്‍ പ്രസിഡന്റ് ജയില്‍ മോചിതനായി


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് മയക്കുമരുന്ന് കടത്ത് കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഹൊണ്ടുറാസ് മുന്‍ പ്രസിഡന്റ് ഹുവാന്‍ ഓര്‍ലാന്റോ ഹെര്‍നാണ്ടസ് അമേരിക്കന്‍ ജയിലില്‍ നിന്നും മോചിതനായി. 45 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഹെര്‍നാണ്ടസിന് ട്രംപ് തിങ്കളാഴ്ച രാത്രിയാണ് മാപ്പ് നല്‍കി ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വെസ്റ്റ് വിര്‍ജീനിയായിലെ ഹേസല്‍ടണ്‍ ജയിലില്‍ നിന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സ് രേഖകളില്‍ പറയുന്നു.

കരീബിയന്‍ കടലില്‍ ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും വെനസ്വേലയ്ക്ക് സമീപമുള്ള സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതിനുമുള്ള ന്യായീകരണമായും ട്രംപ് പലതവണ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് യു എസിലേക്ക് ഒഴുകുന്ന മയക്കുമരുന്ന് ഭീഷണി ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ഹെര്‍നാണ്ടസിന് മാപ്പ് നല്‍കുമെന്ന വാഗ്ദാനം അദ്ദേഹം പ്രഖ്യാപിക്കുകയും മുന്‍ പ്രസിഡന്റിനെ അന്യായമായി ലക്ഷ്യമിട്ടതാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

2024 മാര്‍ച്ചില്‍ അമേരിക്കയിലെ മാന്‍ഹട്ടന്‍ കോടതിയാണ് ഹെര്‍നാണ്ടസിനെ യു എസ് ലക്ഷ്യമാക്കി കൊക്കെയ്ന്‍ കടത്തുകാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് ലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി സ്വീകരിച്ചതില്‍ കുറ്റക്കാരനായി വിധിച്ചത്. കഴിഞ്ഞ ജൂണിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. തന്റെ ഭര്‍ത്താവിന്റെ മോചനത്തെ കുറിച്ച് ഭാര്യ ആന ഗാര്‍സിയ സാമൂഹ്യമ ാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. നാല് വര്‍ഷത്തെ കഠിന പരീക്ഷണങ്ങള്‍ക്കും വേദനയ്ക്കും ശേഷം തന്റെ ഭര്‍ത്താവ് വീണ്ടും സ്വതന്ത്രനായി മടങ്ങിയെത്തുകയാണെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നല്‍കിയ മാപ്പിന് നന്ദി എന്ന് ഗാര്‍സിയ എഴുതുകയായിരുന്നു.

ശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ ഹെര്‍നാണ്ടസിനെതിരെ സാക്ഷി പറഞ്ഞ മയക്കുമരുന്ന് മാഫിയകളുടെയും രാഷ്ട്രീയ എതിരാളികളുടെയും വിചാരണയാണിതെന്നും അവര്‍ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. തന്നെ അമേരിക്കയ്ക്ക് കൈമാറാന്‍ സഹായിച്ചതിനാല്‍ പ്രതികാരപരമായ മൊഴികളാണ് തനിക്കെതിരേ നല്‍കിയതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഹെര്‍നാണ്ടസ് ട്രംപിന് അയച്ച ദീര്‍ഘലേഖനത്തില്‍ ബൈഡന്‍- ഹാരിസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ആരോപിക്കുകയും ഒന്നാം കാലാവധി കഴിഞ്ഞ് ട്രംപിനെതിരെ നടന്ന കേസുകള്‍ക്കും തന്റെ അവസ്ഥയ്ക്കും സാമ്യമുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ കത്തെക്കുറിച്ച് ട്രംപ് അറിയുന്നതിനുമുമ്പേ തന്നെ മാപ്പ് പ്രഖ്യാപിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ട്രംപിന്റെ ദീര്‍ഘകാല കൂട്ടാളി റോജര്‍ സ്റ്റോണ്‍ ഹെര്‍നാണ്ടസിന്റെ മോചിതാവിന് വേണ്ടി മാസങ്ങളോളമായി പ്രചാരണം നടത്തി വരികയായിരുന്നു. ഹെര്‍നാണ്ടസ് ബൈഡന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ 'പീഡനത്തിന്' ഇരയായതാണെന്നും അദ്ദേഹത്തിന് എതിരായ കേസ് 'അടിച്ചേല്‍പ്പിച്ചതാണ്' എന്നും സ്റ്റോണ്‍ ആരോപിച്ചു. ഹെര്‍നാണ്ടസിന്റെ കത്ത് ട്രംപിന് കൈമാറിയതായും സ്റ്റോണ്‍ തന്റെ റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്റ്റോണിന്റെ ശ്രമമാണ് ട്രംപിന്റെ തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്തിയതെന്ന് ഹെര്‍നാണ്ടസിന്റെ ഭാര്യയും പരിപാടിയില്‍ പറഞ്ഞു.

ഹെര്‍നാണ്ടസിന് മാപ്പ് നല്‍കിയതിന് പിന്നാലെ നടന്ന ഹൊണ്ടുറാസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് പരമ്പരാഗത നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി നാസ്രി അസ്ഫുറയ്ക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. എതിരാളി ലിബറല്‍ നേതാവ് സാല്‍വഡോര്‍ നാസ്രല്ലയും അസ്ഫുറയും 40 ശതമാനത്തില്‍ താഴെ വോട്ടുകള്‍ നേടി സമനിലയില്‍ നില്‍ക്കുന്നുവെന്നതാണ് പുതിയ കണക്ക്.