ശക്തി തെളിയിച്ച് ട്രംപ്


AUGUST 4, 2022, 7:53 PM IST

വാഷിംഗ്‌ടൺ: മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപിന് റിപ്പബ്ളിക്കൻ പാർട്ടിക്ക് മേലുള്ള പിടി അയഞ്ഞു എന്ന് കരുതിയവർക്ക് തെറ്റി.

ചൊവ്വാഴ്ച്ചത്തെ ജിഒപി പ്രൈമറി തെരഞ്ഞെടുപ്പുകളുടെ ഫലംങ്ങൾ എന്തെങ്കിലും സൂചനകൾ നൽകുന്നുണ്ടെങ്കിൽ ട്രംപ് ഇപ്പോഴും പാർട്ടിയിലെ കരുത്തൻ തന്നെയാണെന്നാണ്. ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥികൾ അരിസോണ സെനറ്റ് പ്രൈമറിയിലും, മിഷിഗണിലെ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിലും ഹൗസിലേക്കും സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനങ്ങളിലേക്കും നടന്ന പ്രൈമറികളിൽ വിജയിച്ചു

കേറിയത് വിമർശകർക്ക് തിരിച്ചടിയായി. അതിനുമപ്പുറം, 2024ൽ പാർട്ടിക്ക് ട്രംപിനെ വീണ്ടും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടി വരുമെന്ന സൂചനയും ഈ ഫലങ്ങൾ നൽകി.

ജനുവരി 6 സംഭവവികാസങ്ങളെ കുറിച്ച് ഇപ്പോൾ നടക്കുന്ന കോൺഗ്രഷണൽ അന്വേഷണം എവിടെയെത്തുമെന്നതാണ് ഇനി മുൻ പ്രസിഡന്റിനെ ആകെ വിഷമിപ്പിക്കാവുന്ന ചോദ്യം. സമീപ ദിവസങ്ങളിൽ അന്വേഷണ സമിതിക്ക് മുന്നിൽ വന്ന വെളിപ്പെടുത്തലുകൾ തീർച്ചയായും ട്രംപിന് ദുഷ്‌കരമായ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

'റെഡ് സ്റ്റേറ്റ്' എന്ന് ഖ്യാതിയുള്ള കാൻസാസിൽ ഡമോക്രാറ്റുകൾ നേടിയിട്ടുള്ള വിജയം അബോർഷൻ ഒരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായാൽ റിപ്പബ്ലിക്കൻ പാർട്ടി നേരിടാവുന്ന പ്രതിസന്ധിയും സൂചിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ച്ചത്തെ ജിഒപി പ്രൈമറി ഫലങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ശാക്തിക ബലാബലവുമായി ബന്ധപ്പെട്ടതായതിനാൽ അബോർഷൻ പോലുള്ള വിഷയങ്ങൾ പ്രസക്തമല്ല. കഴിഞ്ഞ നിരവധി ആഴ്ചകളായി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിന് സ്വാധീനം കുറയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ നടന്നു വരുകയാണ്. ജോർജിയ നടന്ന പ്രൈമറിയിലും പിന്നീടുള്ള റൺ ഓഫിലും ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥികൾ പരാജിതരാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം ന്യൂയോർക്ക് ടൈംസ് നടത്തിയ പോൾ കാട്ടിയതാകട്ടെ റിപ്പബ്ലിക്കൻ വോട്ടർമാർ ട്രംപ് സ്ഥാനാർത്ഥിയാകണോ വേണ്ടയോ എന്ന കാര്യത്തിൽ നെടുകെ പിളർന്ന് നിൽക്കുകയാണെന്നാണ്. ചൊവ്വാഴ്ച്ചത്തെ പ്രൈമറി ഫലങ്ങൾ ആ ചർച്ചകൾക്ക് തൽക്കാലത്തേക്കെങ്കിലും വിരാമമിടുന്നതാണ്.

ആരിസോണയിലെ ബ്ലെയ്ക്ക് മാസ്‌റ്റേഴ്‌സ് ട്രംപിന്റെ പിന്തുണയോടെ സെനറ്റിലേക്ക് മത്സരിക്കാൻ അർഹത നേടി. ട്രംപ് പിന്തുണച്ച കാരി ലേക്ക് നേരിയ ഭൂരിപക്ഷത്തോടെ ഗവർണർ പദവിക്കായി മത്സരിക്കാൻ അവിടെ അർഹത നേടുമെന്ന സൂചനയുമുണ്ട്.

അവർ പിന്തള്ളിയിട്ടുള്ളത് മുൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പിന്തുണച്ച കാരിൻ ടെയ്‌ലർ റോബ്‌സനെ ആണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ട്രംപ് പിന്തുണച്ച മൈക്ക് ഫിൻചെം സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹത നേടിയത് വിജയപരമ്പരയിലെ മറ്റൊരു വലിയ നേട്ടവുമായി.

Other News