തോക്ക് നിയന്ത്രണം; രാജ്യമെമ്പാടും വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു


MARCH 16, 2018, 5:22 PM IST

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും കര്‍ശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും രാജ്യമെമ്പാടുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 14 ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. സ്‌കൂള്‍ ജീവനക്കാരും ഇവര്‍ക്കൊപ്പം അണിനിരന്നു. പാര്‍ക്ക്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ ഫെബ്രുവരി 14 നുണ്ടായ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടത് അനുസ്മരിച്ച് 17 മിനിറ്റു നേരം വിദ്യാര്‍ഥികള്‍ പഠനത്തില്‍ നിന്ന് വിട്ടു നിന്നു. പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പരസ്പരം ആശ്ലേഷിച്ച് സാന്ത്വനം പകര്‍ന്നു. തോക്കു നിയന്ത്രണം കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സെമി ഓട്ടോമാറ്റിക് തോക്കുകള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുമെന്ന് പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും വൈറ്റഹൗസ് ഇതിനുള്ള നീക്കം നടത്തുന്നതിനു പകരം സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആയുധ പരിശീലനം നല്‍കാമെന്ന വിവാദ നിര്‍ദേശമാണ് ഇപ്പോള്‍ മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയിലെ എല്ലാ മേഖലയിലും നടന്ന പ്രതിഷേധത്തിനിടെ, 2020 ല്‍ തങ്ങള്‍ വോട്ടു ചെയ്യുന്നവരായി മാറുമെന്ന മുന്നറിയിപ്പ് നിയമ നിര്‍മാതാക്കള്‍ക്കു നല്‍കാനും വിദ്യാര്‍ഥികള്‍ മടിച്ചില്ല. പാര്‍ക്കാലാന്‍ഡ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ സമ്മേളിച്ചപ്പോള്‍ നൂറുകണക്കിനു രക്ഷിതാക്കള്‍ കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. വാഷിംഗ്ടണില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ വൈറ്റ്ഹൗസിനു മുമ്പില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി തടിച്ചു കൂടി. തോക്കുകളെയല്ല ജനങ്ങളെ സംരക്ഷിക്കുക, ഇനിയെങ്കിലും വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ കൈകളിലേന്തിയിരുന്നു. കാപ്പിറ്റോള്‍ ഹില്ലില്‍ സമ്മേളിച്ച വിദ്യാര്‍ഥികളെ ഡെമോക്രാറ്റ് നേതാക്കളായ ചുക് ഷൂമര്‍, നാന്‍സി പെലോസി തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ പ്രതിഷേധക്കാര്‍ക്കൊപ്പം അണി ചേര്‍ന്നത് ശ്രദ്ധേയമായി.

Other News