വിസ കൃത്രിമം: രണ്ട് ഐടി കമ്പനികൾക്കെതിരെ നടപടി


JULY 19, 2019, 11:35 AM IST

'ബെഞ്ച് ആൻഡ് സ്വിച്ച്' എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി നടപ്പാക്കുന്ന രണ്ടു ഐടി സ്റ്റാഫിങ് കമ്പനികൾക്കെതിരെ യുഎസ് അന്വേഷണ ഏജൻസികൾ അന്വേഷണമാരംഭിച്ചു. എച്ച് 1 ബി വിസ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാണിക്കുന്ന കൃത്രിമമാണ് ഇങ്ങനെ അറിയപ്പെടുന്നത്. നാല് ഇന്ത്യൻഅമേരിക്കക്കാർ അറസ്റ്റിലാവുകയും ചെയ്തു. അഞ്ച് വർഷം തടവും 250,000 ഡോളർ പിഴയുമാണ് അവർക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ. 

അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലാത്ത 'പ്രത്യേക വൈദഗ്ധ്യം' ആവശ്യമുള്ള തൊഴിലുകൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് യുഎസിലെ തൊഴിലുടമകളെ അനുവദിക്കുന്ന പദ്ധതിയാണ് എച്ച് 1 ബി വിസ. ബാച്ചിലർ ബിരുദമോ അതിലും ഉയർന്ന ബിരുദമോ നേടുകയും പ്രത്യേക വൈദഗ്ധ്യമാവശ്യമുള്ള തൊഴിൽ മേഖലയിൽ സാങ്കേതിക ജ്ഞാനവും പരിചയവുമാണ് അത്തരം തൊഴിലുകൾക്കുള്ള കുറഞ്ഞ യോഗ്യതയായി യുഎസ് കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻ നിശ്ചയിച്ചിട്ടുള്ളത്. 

അത്തരം തൊഴിലുകൾ താൽക്കാലികമാണെങ്കിലും എച്ച് 1 ബി വിസ ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കുന്ന ദീർഘപ്രക്രിയയാണ്. ഇതിനായി തൊഴിലുടമ ആദ്യമായി കുടിയേറ്റ ഇതര തൊഴിലാളികൾക്കായുള്ള ലേബർ കണ്ടീഷൻ ആപ്ലിക്കേഷൻ (എൽസിഎ) ലേബർ ഡിപ്പാർട്ടുമെന്റിനു സമർപ്പിക്കണം. എൽസിഎ അംഗീകരിച്ചു കഴിഞ്ഞാൽ തൊഴിലുടമ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റിൽ ഫോം 1129 സമർപ്പിക്കണം. അവസാനമായി യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് ആ അപേക്ഷയും അംഗീകരിക്കുന്നതോടെയാകും എച്ച് 1 ബി വിസ നൽകുക. ഈ പ്രക്രിയ പൂർത്തിയാകാൻ നിരവധി മാസങ്ങളെടുക്കും. അതുവരെ തങ്ങളുടെ അപേക്ഷയുടെ സ്ഥിതി എന്തായെന്ന് അറിയാൻ തൊഴിലാളികളായി നിയമിക്കപ്പെടുന്നവർക്ക് അറിയാൻപോലും കഴിയില്ല. 

എച്ച് 1 ബി തൊഴിലാളികളുടെ നിയമനത്തിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ഏജൻസികൾ തൊഴിലുടമകളെയും തൊഴിലാളികളായി നിയമിക്കപ്പെടാൻ സാധ്യതയുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുകയും തൊഴിലാളിയുടെ ഒരു നിശ്ചിത കാലഘട്ടത്തിലേക്കുള്ള ശമ്പളം സർവീസ് ഫീയായി ഈടാക്കുകയും ചെയ്യുന്നു.  യഥാർത്ഥ എച്ച് 1 ബി അപേക്ഷകൾപോലും നിരസിക്കുന്നതിന്റെ നിരക്ക് ട്രംപ് ഭരണത്തിൽ വർദ്ധിച്ചിരിക്കുകയാണ്. വ്യാജ വിസകളും അനധികൃത കുടിയേറ്റങ്ങളും തടയുന്നതിനും കർക്കശമായ നപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് 'ബെഞ്ച് ആൻഡ് സ്വിച്ച്' തട്ടിപ്പ് ഒരു ഭീഷണിയായി ഉയർന്ന് വന്നിട്ടുള്ളത്. 

Other News